ബാലമുരളീകൃഷ്ണ : ആഘോഷിക്കപ്പെടേണ്ട ജീവിതവും സംഗീതവും

#

സംഗീതമല്ലാതെ മറ്റെന്തെങ്കിലും ചിന്തിച്ച ഓർമ എനിക്കില്ല.എന്നാൽ സംഗീതത്തെക്കുറിച്ച് ഞാൻ പ്രത്യേകമായി ചിന്തിക്കാറേ ഇല്ല. പകൽവെളിച്ചമുള്ളപ്പോൾ സൂര്യനെക്കുറിച്ച് ചിന്തിക്കേണ്ട കാര്യമില്ലല്ലോ.കാഴ്ചയ്ക്ക് ആധാരമായി പുറത്തും, ജീവന്റെ ആധാരമായി അകത്തും,ഉൾച്ചേർന്നും വേറിട്ടും സൂര്യൻ സ്ഥിതി ചെയ്യുന്നതു പോലെ.എന്റെ ഞരമ്പിലൂടെ ഒഴുകുന്നത് സംഗീതമാണ്. ഞാൻ ശ്വസിക്കുന്നതും സംഗീതമാണ്. ഞാനൊരു സംഗീതോപകരണമാണ്.സംഗീതത്തിന് ഇഷ്ടമുള്ളതുപോലെ അത് എന്നിലൂടെ നിർഗ്ഗമിക്കുന്നു. ഇത് ബാലമുരളീകൃഷ്ണയുടെ വാക്കുകൾ. സംഗീതജ്ഞൻ  മാത്രമായിരുന്നില്ല ബാലമുരളീകൃഷ്ണ. കവി, നടൻ, മഹാഗുരു, ആത്മീയതയ്ക്ക് പുതിയ അർത്ഥതലങ്ങൾ സൃഷ്ടിച്ച മഹാനായ മനുഷ്യൻ..നിർവ്വചനങ്ങളിലും വിശേഷണങ്ങളിലും ഒതുങ്ങുന്നതല്ല അദ്ദേഹത്തിൻറെ വ്യക്തിത്വം.

പര്യായപദങ്ങളും വിവരണങ്ങളും മാല പോലെ കോർത്തുണ്ടാക്കുന്ന ദൈവസ്തുതി, പരാതി, അപേക്ഷ ഇതാണ് കർണാടക സംഗീതത്തിന് വേണ്ടി രചിക്കപ്പെട്ടിട്ടുള്ള കൃതികളുടെപൊതുസ്വഭാവം. ഇവയിൽ നിന്ന് വേറിട്ട് സാഹിത്യപരമായും ചിന്താപരമായും ഭാവനാത്മകമായും ഉയർന്ന വ്യക്തിത്വം പുലർത്തുന്നവയാണ് ബാലമുരളീകൃഷ്ണയുടെ കൃതികൾ ഓരോന്നും. പ്രണയഗീതങ്ങൾ, ലോകതത്വങ്ങൾ, സാമൂഹ്യ വിമർശനങ്ങൾ, ഇങ്ങനെ ഉള്ളടക്കത്തിലെ വൈവിധ്യം അദ്ദേഹത്തിന്റെ കൃതികളുടെ സാഹിത്യത്തെ അനുപമമാക്കുന്നു. യാഥാസ്ഥിതികരായ പുരോഹിതവർഗ്ഗത്തെയോ സംഗീതജ്ഞരെയോ വിമർശിക്കാനും അദ്ദേഹം തന്റെ കൃതികൾ ഉപയോഗിച്ചു.

തന്റെ ഓരോ കൃതിയ്ക്കും ഒന്നുകിൽ കാവ്യഗുണത്തിലോ അല്ലെങ്കിൽ സംഗീതപരമായോ അതുമല്ലെങ്കിൽ ആശയത്തിലോ മൗലികത ഉണ്ടായിരിക്കും എന്ന് ബാലമുരളീകൃഷ്ണ സ്വയം നടത്തിയ വിലയിരുത്തലിനോട് അദ്ദേഹത്തെ സശ്രദ്ധം പിന്തുടരുന്ന ഒരാളും വിയോജിക്കില്ല. ഒരാൾക്ക് ഒരു ജന്മം കൊണ്ട് പഠിച്ചു തീരാവുന്നതിലധികം കൃതികൾ നിലവിൽ ഉള്ളപ്പോൾ പുതിയ കൃതികൾ രചിക്കേണ്ടതുണ്ടോ എന്നതാണ് ബാലമുരളീകൃഷ്ണ നേരിട്ട ഒരു വിമർശനം. പുതിയ ഒരു പദ്ധതിയോ ആശയമോ മനസ്സിൽ വന്നാൽ അത് ആവിഷ്കരിക്കുകയാണ് താൻ ചെയ്യുന്നതെന്നായിരുന്നു ഈ അഭിപ്രയത്തോടുള്ള അദ്ദേഹത്തിൻറെ പ്രതികരണം. അതിന് മൂല്യമുണ്ടെന്നു തോന്നുന്നവർ അത് ഏറ്റെടുത്തു പാടുന്നു. നന്നല്ലെന്നു തോന്നുന്നെങ്കിൽ അവഗണിക്കാമല്ലോ എന്ന് തികഞ്ഞ ലാഘവത്തോടെയാണ് ബാലമുരളീകൃഷ്ണ പറയുന്നത്.എഴുതരുതെന്നു പറയുന്നത്  അസംബന്ധമാണ്.അത് അനുസരിക്കാൻ തനിക്ക് പറ്റില്ലെന്ന് തീർത്തു പറയുമ്പോഴും അദ്ദേഹത്തിൻറെ വാക്കുകളിൽ വ്യത്യസ്ത അഭിപ്രായങ്ങളോടുള്ള നീരസമോ ഈർഷ്യയോ ഇല്ല. തനിക്ക് താനാകാനേ കഴിയൂ എന്ന സത്യസന്ധമായ പ്രസ്താവനയാണ് അത്.

പുതിയ ഒരു രാഗം മനസ്സിലേയ്ക്ക് ഓടിവന്നാൽ പാടാതിരിക്കാൻ അദ്ദേഹത്തിന് പറ്റില്ല. ഒരു രാഗത്തിനു ഏറ്റവും കുറഞ്ഞത് അഞ്ചു സ്വരങ്ങളെങ്കിലും വേണമെന്നായിരുന്നു കണക്ക്. അതെന്തേ നാല് സ്വരത്തിൽ ഒരു രാഗം പറ്റില്ലേ എന്ന് ചിന്തിക്കുമായിരുന്നു താനെന്ന് ബാലമുരളീകൃഷ്ണ പറയുന്നുണ്ട്. പിന്നെ എപ്പോഴോ പുതിയ ഒരു ഈണം മനസ്സിൽ തോന്നി.അതിന്റെ പ്രസ്താരം ചെയ്തു നോക്കിയപ്പോൾ ആകെ നാല് സ്വരങ്ങളേ വേണ്ടി വരുന്നുള്ളു .അങ്ങനെയാണ് സുമുഖം പോലെയുള്ള രാഗങ്ങൾ ഉണ്ടായത്. ദ്വിജാവന്തി പോലെ  വിളംബ കാലത്തിൽ പാടുന്ന രാഗങ്ങളിൽ അദ്ദേഹം തില്ലാനകൾ രചിക്കയും അവ അവിശ്വസനീയമാം വിധം മനോഹരമായി ദ്രുതതാളത്തിൽ ആലപിച്ച് അവിസ്മരണീയമാക്കുകയും ചെയ്തു.

സംഗീതത്തിൽ ഒരു തരത്തിലുള്ള വേർതിരിവുകളും ഇല്ല എന്ന് ഉറച്ചു വിശ്വസിക്കുകായും  അത് തെളിയിക്കുകയും ചെയ്ത പച്ചമനുഷ്യനാണ്  ബാലമുരളീകൃഷ്ണ. മനുഷ്യരെ ജാതിയുടെയോ മതത്തിന്റെയോ ദേശത്തിന്റെയോ ഭാഷയുടെയോ പേരിൽ വേർതിരിക്കും പോലെ അത്രയ്ക്കും  അസംബന്ധമാണ് സംഗീതത്തെയും ഓരോ പേരിട്ടു വേർതിരിക്കുന്നത് എന്ന് ബാലമുരളീകൃഷ്ണ എന്ന സംഗീതജ്ഞൻ വിശ്വസിച്ചു. കച്ചേരി ചെയ്യുന്നതിനേക്കാൾ ജുഗൽബന്ദികളും  ഫ്യൂഷനും ചെയ്യാനായിരുന്നു അദ്ദേഹത്തിന് താല്പര്യം. പുതുമകൾ ഉണ്ടായിക്കൊണ്ടേയിരിക്കണം.സംഗീതജ്ഞർ പരീക്ഷണങ്ങൾ നടത്താൻ പ്രാപ്തിയുണ്ടാകും വിധം വൈദഗ്ധ്യം നേടും വരെ പഠിച്ചുകൊണ്ടിരിക്കണം. നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോൾ മാത്രമാണ് ഏതിനും ചൈതന്യം ഉണ്ടാകുന്നത്. ചൈതന്യമില്ലാത്തവ ജഡാവസ്ഥയിലുമാണ്. തന്റെ ജീവിതം കൊണ്ടും സംഗീതം കൊണ്ടും അദ്ദേഹം  അത് തെളിയിക്കയും  ചെയ്തു.

ജീവിതത്തിൽ ഉയർച്ചതാഴ്ചകൾ നിശ്ചയമാണ് എന്ന് എല്ലാവരും പറയുന്നത് കേൾക്കാം. എന്നാൽ എനിക്ക് ഇന്നുവരെ ഉയർച്ചയല്ലാതെ ഉണ്ടായിട്ടില്ലെന്ന് നിഷ്കളങ്കമായി ചിരിച്ചു കൊണ്ട് ബാലമുരളീകൃഷ്ണ പറയുന്നു.ഇത്ര നിറവുറ്റ ജീവിതം ജീവിച്ചവർ ലോകത്ത് വിരലിലെണ്ണാവുന്നവരേ കാണൂ. തീർത്തും ആഘോഷിക്കപ്പെടേണ്ട ജീവിതവും മരണവും.