രാജ്യത്തെ തൊഴിൽമേഖല സമ്പൂർണ്ണ തകർച്ചയിൽ

#

ന്യൂഡൽഹി (25.11.2016) :നോട്ട് അസാധുവാക്കൽ രാജ്യത്തെ പ്രധാനപ്പെട്ട വ്യവസായ മേഖലകളെയെല്ലാം തകർച്ചയുടെ വക്കിലെത്തിച്ചിരിക്കുന്നതായി റിപ്പോർട്ടുകൾ. പരമ്പരാഗത മേഖലകളും കനത്ത തിരിച്ചടി നേരിടുന്നു. പ്രതിവർഷം 6000 കോടിയുടെ വിറ്റുവരവുള്ള ഉത്തർപ്രദേശിലെ മൊറാദാബാദിലെ വെങ്കല കരകൗശല വ്യവസായം നോട്ട് പ്രതിസന്ധിയെ തുടർന്ന് തകർച്ചയെ അഭിമുഖീകരിക്കുകയാണ്. ഉത്തരേന്ത്യയിലെ ആഭരണ വ്യവസായം, ദിവസ വേതനക്കാരായ ലക്ഷക്കണക്കിന് തൊഴിലാളികൾ പണിയെടുക്കുന്ന മറ്റനേകം തൊഴിൽ മേഖലകൾ എന്നിവയെല്ലാം ഈ പട്ടികയിൽ പെടുന്നു.

3 ലക്ഷത്തിലധികം കരകൗശല വിദഗ്ദ്ധരാണ് മൊറാദാബാദിലെ വെങ്കല കരകൗശല വ്യവസായ മേഖലയിൽ പണിയെടുക്കുന്നത്. 3000 കോടിയോളം രൂപയാണ് ഈ മേഖല പ്രതിവർഷം നേടുന്ന വിദേശ നാണയം. ജീവനക്കാർക്ക് ശമ്പളം കൊടുക്കാനില്ലാതെ പത്തിലധികം ഫാക്ടറികൾ ഇത് വരെ അടച്ച് പൂട്ടിക്കഴിഞ്ഞു. ദൈനം ദിനം കൂലി നൽകേണ്ടുന്ന എല്ലാ മേഖലകളും ഇത് പോലുള്ള പ്രതിസന്ധി നേരിടുന്നുണ്ട്. അന്നന്നത്തെ കൂലി കൊണ്ട് കുടുംബ ചെലവുകൾ കഴിയുന്ന തൊഴിലാളികളാണ് ഇതിന്റെ ആദ്യ ഇരകൾ. തൊഴിൽ രഹിതരായ ശില്പികൾ ജീവിക്കാനായി മറ്റു തൊഴിലുകൾ തേടുന്നതായാണ് മൊറാദാബാദിൽ നിന്നുള്ള റിപ്പോർട്ടുകൾ. തൊഴിൽ തേടി നാടും വീടും വിട്ട് ആളുകൾ നഗരങ്ങളിൽ അടിഞ്ഞുകൂടുന്നതിന് ( തൊഴിൽ കുടിയേറ്റം) നോട്ട് നിരോധനം ആക്കം കൂട്ടുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. ദൈനം ദിന ചെലവുകൾക്ക് പണമില്ലാതെ വ്യവസായികളും പ്രതിസന്ധിയിലാണ്. അസംഘടിത മേഖലയിലെ വ്യവസായങ്ങൾക്ക് ഓരോ ദിവസവും പ്രവർത്തിക്കുന്നതിന് പണം ആവശ്യമുണ്ടെന്നും, 90 ശതമാനം ചെറുകിട വ്യവസായങ്ങൾക്കും പണം വേണമെന്നും വ്യവസായികൾ പറയുന്നു.

ഇന്ത്യയിൽ വിൽക്കപ്പെടുന്ന ചെരുപ്പുകളുടെ 70 ശതമാനവും നിർമ്മിക്കപ്പെടുന്ന ആഗ്രയിലെ ചെരുപ്പ് നിർമ്മാണ വ്യവസായത്തിന്റെ അവസ്ഥയും സമാനമാണ്. ലക്ഷക്കണക്കിന് ദിവസക്കൂലിക്കാർക്കാണ് ആഗ്രയിൽ തൊഴിൽ നഷ്ടമായിരിക്കുന്നത്. 150 വ്യവസ്ഥാപിത യൂണിറ്റുകളും, 5000 ലധികം അസംഘടിതവുമായ ചെരുപ്പ് നിർമ്മാണ യൂണിറ്റുകളിൽ തൊഴിലെടുക്കുന്ന മൂന്നര ലക്ഷത്തോളം തൊഴിലാളികളിൽ 2 ലക്ഷവും ദിവസക്കൂലി നൽകാൻ തൊഴിലുടമയുടെ കയ്യിൽ പണമില്ലാത്തതിനാൽ തൊഴിൽ രഹിതരാക്കപ്പെട്ടിരിക്കുന്നു. ഇവരിൽ ഭൂരിപക്ഷവും ബാങ്ക് അക്കൗണ്ടുകൾ ഇല്ലാത്തവരാണ്.

ആഗ്രയിലെ മറ്റൊരു പ്രധാന അസംഘടിത തൊഴിൽ മേഖലയായ പേഡ നിർമ്മാണ മേഖലയും രൂക്ഷമായ പ്രതിസന്ധി നേരിടുന്നതായാണ് റിപ്പോർട്ടുകൾ. 44 ലക്ഷം ജനസംഖ്യയുള്ള പട്ടണത്തിന്റെ ഒരു പ്രധാന വരുമാനമാർഗ്ഗമാണ് പേഡ നിർമ്മാണം. 50000 ത്തോളം ദിവസക്കൂലിക്കാരാണ് ഈ മേഖലയിൽ പണിയെടുക്കുന്നത്. ഇവരിൽ 90 ശതമാനത്തോളം പേർക്കും തൊഴിൽ നഷ്ടപ്പെട്ടിരിക്കുകയാണ്. 1500 ലധികം പേഡ നിർമ്മാണ യൂണിറ്റുകളാണ് ആഗ്രയിൽ പ്രവർത്തിക്കുന്നത്. 700 - 800 ടൺ പേഡ ദിനംപ്രതി നിർമ്മിക്കുന്ന ഇവിടെ പ്രതിദിനം 1.5 കോടി രൂപയുടെ വിറ്റുവരവാണുള്ളത്. എന്നാൽ നോട്ട് പ്രതിസന്ധി മൂലം ആളുകളുടെ കയ്യിൽ പണമില്ലാതായതിനെ തുടർന്ന് കച്ചവടം 75 ശതമാനത്തോളം ഇടിഞ്ഞിരിക്കുകയാണ് ഇപ്പോൾ.

യുപിയിലെ തന്നെ ഫിറോസാബാദിലെ ഗ്ലാസ് വ്യവസായവും രൂക്ഷമായ പ്രതിസന്ധി നേരിടുന്നു. 300 ലധികം ഗ്ലാസ്,ആഭരണ നിർമ്മാണ ശാലകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ 90 ശതമാനത്തോളം അടച്ചുപൂട്ടിയതോടെ നൂറു കണക്കിന് തൊഴിലാളികൾ തൊഴിൽരഹിതരായിരിക്കുകയാണ്. നോട്ട് പിൻവലിക്കൽ ഗ്ലാസ് വ്യവസായത്തെ കഠിനമായി ബാധിച്ചിട്ടുണ്ട്. ഒരു ദിവസം ഫാക്ടറി പ്രവർത്തിക്കണമെങ്കിൽ 2 ലക്ഷം രൂപയെങ്കിലും വേണം. എന്നാൽ ഇപ്പോൾ ഒരാഴ്ച വെറും 50000 രൂപ മാത്രമാണ് പിൻവലിക്കാൻ കഴിയുന്നത്. ആ തുക ഉപയോഗിച്ച് ഞങ്ങൾക്ക് ഫാക്ടറി തുറന്ന് പ്രവർത്തിക്കാൻ കഴിയില്ല - യുപി ഗ്ലാസ് വ്യവസായി സിൻഡിക്കേറ്റ് നേതാവ് രാജ്‌കുമാർ മിത്തൽ പറയുന്നു.

കേരളത്തിലും നോട്ട് പ്രതിസന്ധി അടിസ്ഥാന മേഖലയെ നട്ടം തിരിക്കുകയാണ്. കെട്ടിട നിർമ്മാണ മേഖല പോലെയുള്ള ദിവസക്കൂലി നൽകേണ്ട മേഖലകൾ മുഴുവൻ സ്തംഭിച്ചിരിക്കുകയാണ്‌. കരാറുകാർ ആദ്യ ആഴ്ച പഴയ നോട്ടുകൾ ശമ്പളമായി കൊടുത്തെങ്കിലും അതിന് ശേഷം പണമില്ലാതായതോടെ പണികൾ നിർത്തി വെച്ചിരിക്കുകയാണ്. കശുവണ്ടി മേഖല, മറ്റ് അസംഘടിത മേഖലകൾ എന്നിവിടങ്ങളിലും രൂക്ഷമായ തൊഴിൽ പ്രതിസന്ധി ഉടലെടുത്തിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളെയും നോട്ട് നിരോധനം വലച്ചു. പലയിടത്തു നിന്നും പണിയും പണവും ഇല്ലാതെ തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് മടങ്ങുകയാണ്.

നോട്ട് നിരോധനത്തിൽ ജനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ലെന്നും അവരെല്ലാം തനിക്ക് പിന്നിൽ ശക്തമായി അണിനിരക്കുന്നു എന്നുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നത്. തന്റെ പേരിലുള്ള ആൻഡ്രോയിഡ് ആപ്പ് വഴി നടത്തിയ അഭിപ്രായ സർവ്വേയിൽ വോട്ട് ചെയ്തവരിൽ,നാലര ലക്ഷം - 93 ശതമാനം അനുകൂലിച്ചു എന്നതാണ് അദ്ദേഹത്തിന്റെ വാദത്തെ സാധൂകരിക്കാൻ ഉപയോഗിക്കുന്നത്. എന്നാൽ ഇന്ത്യയിലെ 130 കോടി ജനങ്ങളിൽ ഭൂരിപക്ഷവും ഇപ്പോഴും നോട്ട് നിരോധനം സൃഷ്ടിച്ച പ്രതിസന്ധിയിൽ പതറി നിൽക്കുകയാണെന്നാണ് പുറത്ത് വരുന്ന വാർത്തകളെല്ലാം സൂചിപ്പിക്കുന്നത്.