കേരളത്തിന്റെ മാതൃക ഗുജറാത്താവരുത്; മാവോയിസ്റ്റാവുക കുറ്റമല്ല : വി.ടി ബല്‍റാം

#

തിരുവനന്തപുരം (26-11-16) : വ്യാജ ഏറ്റുമുട്ടല്‍ കൊലകളുടെ നാടായി കേരളം മാറുന്നതില്‍ ആശങ്കയറിയിച്ചും മാവോയിസ്റ്റ് കൊലയില്‍ പ്രതിഷേധിച്ചും വി.ടി ബല്‍റാം എം.എല്‍.എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഗൂജറാത്താകരുത് കേരളത്തിന്റെ മാതൃകയെന്നും മാവോയിസ്റ്റുകളുടെ കൊലപാതകത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവാദിത്വം ഏറ്റേ മതിയാവു എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരാള്‍ മാവോയിസ്റ്റാവുക എന്നത് അയാളെ ഒറ്റയടിക്ക് കൊന്നു കളയേണ്ട ഒരു കുറ്റമല്ല. കോടതികളാണ് അവര്‍ ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരമോ മറ്റേതെങ്കിലും നിയമ പ്രകാരമോ ഏതെങ്കിലും കുറ്റകരമായ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്തിമമായി പറയേണ്ടതെന്നും അതനുസരിച്ചുളള ശിക്ഷ വിധിക്കേണ്ടതെന്നും ബല്‍റാം പറഞ്ഞു. മറിച്ച് അവര്‍ കുറ്റക്കാരല്ലെന്ന് ബോധ്യപ്പെടാത്തിടത്തോളം കാലം ഇപ്പോള്‍ നടന്നത് ഭരണ കൂടത്തിന്റെ നേതൃത്വത്തിലുളള കൊലപാതകമായി തന്നെ കാണേണ്ടി വരുമെന്നും ബല്‍റാം പോസ്റ്റില്‍ പറയുന്നു. അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ കിടന്നിട്ടുണ്ടെന്ന കാര്യം ഇന്നത്തെ ഭരണക്കാര്‍ക്ക് ഭരണകൂട ഭീകരത അഴിച്ചു വിടാനുളള നീതീകരണമാവുന്നില്ലെന്നും ബല്‍റാം ഓര്‍മ്മിപ്പിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അടക്കമുളളവര്‍ മാവോയിസ്റ്റുകളുടെ കൊലപാതകത്തിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ പരസ്യമായി രംഗത്തു വന്നിരുന്നു.