വിപ്ലവത്തിന്റെ നിത്യയുവത്വം

#

(26-11-16) : ആറു പതിറ്റാണ്ട് കാലം ലോക വിപ്ലവരാഷ്ട്രീയത്തിന്റെ പ്രതിനിധിയും പ്രതീകവുമായി ജ്വലിച്ചുനിന്ന നേതാവാണ് ഫിഡല്‍ കാസ്‌ട്രോയുടെ മരണത്തോടെ ഇല്ലാതാകുന്നത്. അമേരിക്കയുടെ പാവഭരണാധികാരിയായിരുന്ന ബാറ്റിസ്റ്റയില്‍ നിന്ന് ഗറില്ലായുദ്ധത്തിലൂടെ ക്യൂബയെ മോചിപ്പിച്ച കാസ്‌ട്രോ ജീവിച്ചിരുന്ന കാലമത്രയും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പേടി സ്വപ്നമായിരുന്നു. അമേരിക്കയുടെ മൂക്കിനു താഴെ നിന്നുകൊണ്ട് കാസ്‌ട്രോ സാമ്രാജ്യത്വത്തെ വെല്ലുവിളിച്ചു.

അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരായ സമരത്തിന്റെ കുന്തമുനയാക്കി ലാറ്റിന്‍ അമേരിക്കയെ മാറ്റാന്‍ ഫിഡല്‍ കാസ്‌ട്രോയ്ക്ക് കഴിഞ്ഞു. സോവിയറ്റ് യൂണിയനുമായി രാഷ്ട്രീയമായ ഗാഢബന്ധം പുലര്‍ത്തിയപ്പോഴും ചേരിചേരായ്മയുടെ വക്താവായി കാസ്‌ട്രോ നിലകൊണ്ടു.

വിപ്ലവകാരി എന്നതുപോലെ ലോകം കണ്ട ഏറ്റവും വലിയ വാഗ്മികളില്‍ ഒരാളുമായി രുന്നു കാസ്‌ട്രോ. കോടതിമുറിയില്‍ സ്വന്തം സഖാക്കള്‍ക്കും തനിക്കും വേണ്ടി വാദിച്ചുകൊണ്ട് അദ്ദേഹം നടത്തിയ ചരിത്രം എന്നെ കുറ്റക്കാരനല്ലെന്ന് വിധിക്കും എന്ന പ്രസംഗവും ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍, ലോകത്ത് ഒരു നേരത്തെ ഭക്ഷണത്തിനു വകയില്ലാത്ത കുഞ്ഞുങ്ങള്‍ക്കു വേണ്ടിയാണ് ഞാന്‍ സംസാരിക്കുന്നത് എന്ന് തുടങ്ങുന്ന പ്രസംഗവുമടക്കം കാസ്‌ട്രോയുടെ പ്രസംഗങ്ങള്‍ ലോകത്തെ ഇളക്കി മറിച്ചു.

സോവിയറ്റ് യൂണിയനും സോഷ്യലിസ്റ്റ് ചേരിയും തകര്‍ന്ന് ചിതറിയപ്പോഴും ക്യൂബ സോഷ്യലിസ്റ്റ് രാഷ്ട്രം എന്ന നിലയില്‍ അധൃഷ്യമായി നിലകൊണ്ടതിന് കാരണം ഫിഡല്‍ കാസ്‌ട്രോയുടെ അനുപമമായ വ്യക്തിപ്രഭാവവും നേതൃത്വശേഷിയും അചഞ്ചലമായ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ ബോധവുമാണ്.

തൊണ്ണൂറാമത്തെ വയസ്സില്‍ ഫിഡല്‍ കാസ്‌ട്രോ ലോകത്തോട് യാത്ര പറയുന്നത്, സാമ്രാജ്യത്വവിരുദ്ധരാഷ്ട്രീയത്തില്‍ ഒരിക്കലും സന്ധിചെയ്തിട്ടില്ലാത്ത ധീരനായ പോരാളി എന്ന നിലയിലാണ്. സോഷ്യലിസം എന്ന സ്വപ്നം ഉള്ളില്‍ സൂക്ഷിക്കുന്നവര്‍ക്ക് ഒരിക്കലും ഒടുങ്ങാത്ത പ്രതീക്ഷയുടെ പ്രതീകമാണ് കാസ്‌ട്രോ. വിപ്ലവത്തിന്റെ ഒരിക്കലും ഒളിമങ്ങാത്ത നക്ഷത്രം.