ഉറുമ്പിന്‍ കൂടായി ചെവി; വൈദ്യ ശാസ്ത്രത്തെ ഞെട്ടിച്ച് പെണ്‍കുട്ടി

#

അഹമ്മദാബാദ് (30-11-16) : അപൂര്‍വ്വ രോഗം കൊണ്ട് വൈദ്യ ശാസ്ത്രത്തിന് അത്ഭുതമായി ഗുജറാത്തി പെണ്‍കുട്ടി. ശ്രേയ ദാര്‍ജി എന്ന 12കാരിയായ ഗുജറാത്തി പെണ്‍കുട്ടിയാണ് അത്യപൂര്‍വ്വ രോഗം ബാധിച്ച് പുതിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുന്നത്. തലയില്‍ നിന്നും ചെവിയില്‍ നിന്നും ഉറുമ്പുകള്‍ പ്രവഹിക്കുകയെന്ന അപൂര്‍വ്വ രോഗമാണ് ഈ കുട്ടിയെ ബാധിച്ചിരിക്കുന്നത്. ഇവളുടെ ചെവിയില്‍ നിന്നും ആയിരത്തോളം ഉറുമ്പുകളെ എടുത്തു കളഞ്ഞിട്ടും ശ്രേയയുടെ തലയ്ക്കുളളില്‍ വീണ്ടും ഉരുമ്പിന്‍ കൂട്ടങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് കുട്ടിയുടെ തലയ്ക്കുളളില്‍ ഈ അപൂര്‍വ്വ പ്രതിഭാസം കണ്ടു തുടങ്ങിയത്. ഗുജറാത്തിലെ ദീസ സ്വദേശിനിയാണ് പെണ്‍കുട്ടി. ചെവിക്കുളളില്‍ നിന്നുളള ഇരമ്പലായിട്ടായിരുന്നു രോഗത്തിന്റെ തുടക്കം. തുടര്‍ന്ന് ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടപ്പോള്‍ കുട്ടിയുടെ ഇയര്‍ കനാലില്‍ നിന്ന് അവര്‍ കുറച്ച് ചത്ത ഉരുമ്പുകളെ നീക്കം ചെയ്തിരുന്നു. അസ്വസ്ഥതകള്‍ പൂര്‍ണ്ണമായും അവസാനിച്ചെന്ന വിശ്വാസത്തില്‍ കുട്ടിയും മാതാപിതാക്കളും ആശുപത്രിയില്‍ നിന്ന് പോയെങ്കിലും തുടര്‍ന്നുളള ദിവസങ്ങളില്‍ കുട്ടിയുടെ ചെവിയില്‍ നിന്ന് പത്തോളം ഉറുമ്പുകളെങ്കിലും പുറത്തേയ്ക്കു വന്നു. സ്‌കൂളില്‍ പോക്ക് തുടര്‍ന്ന ശ്രേയയെ കുട്ടികള്‍ കളിയാക്കിയെങ്കിലും അവള്‍ക്ക് അതിലും അസഹ്യമായി തോന്നിയത് ചെവിക്കരികിലൂടെ ഉറുമ്പുകള്‍ അരിച്ചിറങ്ങുന്ന അവസ്ഥയായിരുന്നു. പിന്നെയും പല തവണത്തെ ആശുപത്രി വാസത്തിലൂടെ ആയിരക്കണക്കിന് ഉറുമ്പുകളെ ശ്രേയയുടെ തലയില്‍ നിന്ന് ഡോക്ടര്‍മാര്‍ നീക്കം ചെയ്തു. പ്രമുഖ ഇ.എന്‍.ടി സര്‍ജന്മാരടക്കമുളളവര്‍ കുട്ടിയെ സി.ടി സ്‌കാന്‍ അടക്കമുളളവയ്ക്ക് വിധേയമാക്കിയെങ്കിലും അസുഖത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ ഇതു വരെയും സാധിച്ചിട്ടില്ല.