നാടക് : മലയാള നാടകവേദിയ്ക്കൊരു പുതിയ സംഘടന

#

തിരുവനന്തപുരം (30.11.2016 ) : സംസ്ഥാനത്തെ നാടകപ്രവർത്തകർക്ക് നാടക് ( Network of Artistic Theatre Activists Kerala -NATAK ) എന്ന പേരിൽ ഒരു പുതിയ സംഘടന. കേരളത്തിലെ ആധുനികനാടകവേദി നേരിടുന്ന പ്രശ്നങ്ങൾ വിശകലനം ചെയ്യുകയും പരിഹാരമാർഗ്ഗങ്ങൾ തേടുകയും ചെയ്യുക, നാടകത്തെക്കുറിച്ചുള്ള അവബോധം  സാധാരണക്കാർക്കിടയിലും പുതുതലമുറയിലും ഉണ്ടാക്കിയെടുക്കുക തുടങ്ങിയ ഉദ്ദേശലക്ഷ്യങ്ങളോടെയാണ് പുതിയ സംഘടന രൂപം കൊള്ളുന്നത്. സംഘടനയുടെ പ്രസിഡന്റ് രഘൂത്തമനും സെക്രട്ടറി ജെ.ശൈലജയും മറ്റു ഭാരവാഹികളും തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. തൃശൂരിൽ നവംബർ 26, 27 തീയതികളിൽ ചേർന്ന നാടകപ്രവർത്തകരുടെ സംസ്ഥാനതല യോഗമാണ് പുതിയ സംഘടനയ്ക്ക് രൂപം നൽകിയത്.ജൂലൈ മാസം മുതൽ സംസ്ഥാനത്തിൻറെ വിവിധഭാഗങ്ങളിൽ വച്ച് , പല തലങ്ങളിൽ നടന്ന വിശദമായ ചർച്ചകൾക്കും സംവാദങ്ങൾക്കുമൊടുവിൽ തൃശൂരിൽ ചേർന്ന സമ്മേളനം സംഘടന രൂപീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. വാർത്താ സമ്മേളനത്തിൽ  സംഘടനാ രക്ഷാധികാരി നരിപ്പറ്റ രാജു, ട്രഷറർ അമൽരാജ് നിർവ്വാഹക സമിതി അംഗങ്ങളും പ്രമുഖ നാടക പ്രവർത്തകരുമായ പി.ജെ.ഉണ്ണിക്കൃഷ്ണൻ, സജി തുളസീദാസ്, പ്രശാന്ത് നാരായണൻ, ടൈറ്റസ് എസ്.കുമാർ എന്നിവർ പങ്കെടുത്തു.

നാടകം എന്ന കലാരൂപം സൗന്ദര്യശാസ്ത്രപരമായും സാമൂഹികമായും സാംസ്കാരികമായും നേരിടുന്ന പ്രശ്നങ്ങൾക്ക് മറുപടി തേടുന്നതിനൊപ്പം തന്നെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന കലാകാരന്മാരുടെ നേർക്കുള്ള അവഗണനയ്ക്കും മാറ്റം ഉണ്ടാകേണ്ടതുണ്ടെന്ന് നാടക് ഭാരവാഹികൾ പറഞ്ഞു.  മാറി മാറി വന്ന സർക്കാരുകളൊന്നും നാടകവേദി നേരിടുന്ന പ്രശ്നങ്ങളിൽ ആവശ്യമായ ശ്രദ്ധ പതിപ്പിച്ചിട്ടില്ല.  സംസ്ഥാനത്തിൻറെ സാംസ്ക്കാരിക നയരൂപീകരണമുൾപ്പെടെയുള്ള സുപ്രധാനവിഷയങ്ങളിൽ തിയേറ്ററിന്റെയും നാടകപ്രവർത്തകരുടെയും പങ്ക് ഇന്നുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. സ്കൂൾ വിദ്യാഭ്യാസമേഖലയിൽ തിയേറ്ററിനു അർഹമായ  പ്രാധ്യാന്യം  നൽകണമെന്നും നാടക് ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നാടകമേഖലയുമായി ബന്ധപ്പെട്ട്  പുതിയ അന്വേഷണങ്ങളിലേർപ്പെട്ടു കൊണ്ടിരിക്കുന്നവർക്ക് ഒരുപൊതുവേദിയും ആശയവിനിമയത്തിനുള്ള ഒരു ഇടവും നൽകുന്നതായിരിക്കും ഈ സംഘടനയെന്ന് ഭാരവാഹികൾ അറിയിച്ചു. ജില്ലാതലഘടകങ്ങളെ കൂട്ടിയിണക്കിയായിരിക്കും സംഘടനയുടെ പ്രവർത്തനരീതി. സംഘടനയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനായി പ്രസിഡണ്ട് : ഡി.രഘൂത്തമൻ (തിരുവനന്തപുരം) , വൈസ്പ്രസിഡന്റുമാർ : കെ.ബിഹരി (തൃശ്ശൂർ ) രത്നാകരൻ (കോഴിക്കോട്), സെക്രട്ടറി : ജെ.ശൈലജ (ആലപ്പുഴ), ജോയിൻറ്സെക്രെട്ടറിമാർ:  മനുജോസ് (തൃശ്ശൂർ ,) മനോജ്കുമാർ (കണ്ണൂർ), ട്രഷറർ : അമൽരാജ് (തിരുവനന്തപുരം/ആലപ്പുഴ) എന്നിങ്ങനെ ഒരു അഡ്ഹോക് കമ്മിറ്റിയെ  തെരഞ്ഞെടുത്തു. നിയമാവലി എഴുതി തയ്യാറാക്കുന്നതിന് രൂപീകരിച്ച സബ്കമ്മിറ്റിയിൽ  അഡ്വ . പ്രേംപ്രസാദ് (തൃശൂർ), പി.ജെ. ഉണ്ണികൃഷ്ണൻ (കൊല്ലം), സജി തുളസീദാസ്(തിരുവനന്തപുരം),  അഡ്വ .വിനോദ്(തൃശൂർ) രേണു രാമനാഥ്(എറണാകുളം) എന്നിവരും മീഡിയ കമ്മിറ്റിയിൽ ടൈറ്റസ്.എസ്.കുമാർ (കൊല്ലം), ശിവൻവെങ്കിടങ്ങ് (തൃശൂർ) , രേണു രാമനാഥ്(എറണാകുളം) എന്നിവരും  അംഗങ്ങളാണ്. രക്ഷാധികാരികളായി കെ.കലാധരൻ (തിരുവനന്തപുരം), നരിപ്പറ്റ രാജു (പാലക്കാട്), ജയസൂര്യ (തൃശ്ശൂർ ) എന്നിവരെയും തിരഞ്ഞെടുത്തു. 40 അംഗ സംസ്ഥാന കമ്മിറ്റിയേയും തിരഞ്ഞെടുത്തു. വരുന്ന ദിവസങ്ങളിൽ ജില്ലാതലത്തിൽ പുതിയ കമ്മിറ്റികൾ രൂപീകരിയ്ക്കാനുള്ള സമ്മേളനങ്ങൾ വിളിച്ചുചേർക്കുവാനും തീരുമാനമായി.