രാഹുലിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു

#

ന്യൂഡൽഹി (30.11.2016) : കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഇന്ന് വൈകിട്ടാണ് ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. അവഹേളനപരമായ നിരവധി പോസ്റ്റുകൾ രാഹുലിന്റെ ടൈംലൈനിൽ പോസ്റ്റ് ചെയ്യപ്പെട്ടു. രാഹുലിനെയും നെഹ്‌റു കുടുംബത്തെയും അധിക്ഷേപിക്കുന്ന 8 പോസ്റ്റുകൾ ഒന്നിന് പുറകേ ഒന്നായി പോസ്റ്റ് ചെയ്യപ്പെട്ടു. 5 മിനുട്ടുകൾക്കുള്ളിൽ അധിക്ഷേപകരമായ പോസ്റ്റുകളെല്ലാം നീക്കം ചെയ്തു. കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജെവാലയാണ് ട്വിറ്ററിലൂടെ ഈ വിവരം അറിയിച്ചത്. ഇത്തരം തരം താണ തന്ത്രങ്ങളിലൂടെ വിവേകത്തിന്റ ശബ്ദങ്ങളെ അമർച്ച ചെയ്യാനും ജനങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തുന്നതിൽനിന്ന് രാഹുൽ ഗാന്ധിയെ പിന്തിരിപ്പിക്കാനുമാവില്ലെന്ന് കോൺഗ്രസ് വക്താവ് പറഞ്ഞു. രാജ്യത്തെ രാഷ്ട്രീയപ്പാർട്ടികളും നേതാക്കളും തമ്മിലുള്ള പോര് ഏറ്റവും രൂക്ഷമായ സ്വഭാവം ആർജ്ജിക്കുന്നത് ഇപ്പോൾ നവമാധ്യമങ്ങളിലൂടെയാണ്. നവമാദ്ധ്യമങ്ങളിലെ പോര് കൂടുതൽ വഷളാകുന്നതിന്റെ ലക്ഷണമാണ് ഇന്ന് രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിൽ നിന്ന് മനസ്സിലാകുന്നത്.