കുര്‍കുറെ കഴിച്ച് വിദ്യാര്‍ത്ഥി മരിച്ചു

#

ചെന്നൈ (01-12-16) : കുര്‍കുറെ കഴിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. ചെന്നൈ സെന്റെ് മിഖായേല്‍സ് അക്കാഡമി വിദ്യാര്‍ത്ഥി സിരിഷ് സാവിയോയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയില്‍ കുര്‍കുറെ കഴിച്ചതിനെ തുടര്‍ന്ന് സാവിയോയ്ക്ക് കടുത്ത വയര്‍വേദന അനുഭവപ്പെട്ടിരുന്നു. അസിഡിറ്റിയാണെന്നു കരുതി അത് കുറയ്ക്കുന്നതിനായി വീട്ടുകാര്‍ ഇനോ ( അസിഡിറ്റി കുറയ്ക്കാന്‍ നല്‍കുന്ന പൊടി) വെള്ളത്തില്‍ കലക്കി നല്‍കിയിരുന്നു. ഇതിനു ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. കുര്‍കുറെയും ഇനോയും തമ്മിലുള്ള രാസപ്രവര്‍ത്തനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായിട്ടില്ല.

തമിഴ് സംഗീത സംവിധായകന്‍ ജയിംസ് ആല്‍ബര്‍ട്ടാണ് വിദ്യാര്‍ത്ഥിയുടെ മരണകാരണം സംബന്ധിച്ച വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ ആദ്യം പുറത്തു വിട്ടത്. ഇദ്ദേഹത്തിന്റെ മകന്റെ സുഹൃത്തായിരുന്നു മരണപ്പെട്ട വിദ്യാര്‍ത്ഥി. ജെയിംസിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയും കുര്‍കുറെയുടെ അപകട സാധ്യതകള്‍ സംബന്ധിച്ച ആശങ്ക ഉയര്‍ത്തുന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ന് പുലര്‍ച്ചയോടെ ജെയിംസ് ആ പോസ്റ്റ് നീക്കം ചെയ്തു. താന്‍ നേരത്തെ പറഞ്ഞ വാര്‍ത്ത സത്യം തന്നെയാണെന്നും മരിച്ച വിദ്യാര്‍ത്ഥിയുടെ വീട്ടുകാരുടെ അഭ്യര്‍ത്ഥന മാനിച്ച് അവരുടെ സ്വകാര്യത സൂക്ഷിക്കാനായാണ് പോസ്റ്റ് നീക്കം ചെയ്യുന്നതെന്നുമാണ് ജയിംസ് അറിയിച്ചത്.

കുര്‍കുറെ അടക്കം കുട്ടികള്‍ ഇഷ്ടപെടുന്ന നിരവധി ലഘുഭക്ഷണങ്ങളുടെ അപകട വശങ്ങളെ സംബന്ധിച്ച വാര്‍ത്തകള്‍ ഇതിനു മുന്‍പും ധാരളമായി വന്നിട്ടുണ്ട്. എന്നാല്‍ ഇത് ഒരു പതിനാറു വയസുകാരന്റെ മരണത്തിനിടയാക്കിയത് വന്‍ ആശങ്കയാണുയര്‍ത്തിയിരിക്കുന്നത്. സിരീഷിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതിനു ശേഷം മരണകാരണം സംബന്ധിച്ച് യഥാര്‍ത്ഥ ചിത്രം ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.