കരുതാം എച്ച്.ഐ.വി ബാധിതരെ

#

(01.12. 2016 ): ഇന്ന് (ഡിസംബർ 1) ലോക എയ്ഡ്‌സ് ദിനം. ലോകം ഏറെ ഭീതിയോടെയാണ് എയ്ഡ്‌സ് അഥവാ എച്ച്.ഐ.വി വൈറസിനെ നോക്കിക്കാണുന്നത്. രോഗത്തിന്റെ ഭീകരതയും ദൈന്യവും തന്നെയാണ് കാരണം. എന്നാല്‍ പലപ്പോഴായി ഈ രോഗത്തെ കൈപ്പിടിയിലാക്കാനൊരുങ്ങി വൈദ്യശാസ്ത്രം മുന്നിട്ടിറങ്ങിയെങ്കിലും ഭീതിയോടെ ലോകം കാണുന്ന ഈ രോഗത്തെ നേരിടാന്‍ തക്ക പ്രതിവിധികളൊന്നും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നിലവില്‍ ഉപയോഗിക്കുന്ന എയിഡ്‌സ് മരുന്നുകള്‍ വൈറസിനെ താല്‍ക്കാലികമായി ശമിപ്പിച്ച് രോഗികളുടെ ആയുര്‍ദൈര്‍ഘ്യം നീട്ടിനല്‍കല്‍ മാത്രമാണ് ചെയ്യുന്നത്. പരീക്ഷണങ്ങള്‍ പലത് നടക്കുമ്പോഴും രോഗത്തിന്റെ തീവ്രതയും രോഗികളുടെ ദൈന്യവും വര്‍ദ്ധിക്കുന്ന കാഴ്ചയാണ് നമുക്ക് ചുറ്റുമുളളത്.

കേവലം ഒരു ലൈംഗിക രോഗമായി എയ്ഡ്‌സിനെ  തരംതാഴ്ത്തി പുച്ഛത്തോടെ നോക്കുന്നവർ ധാരാളമുണ്ട്.  എച്ച്.ഐ.വി രോഗത്തിന് അടിമപ്പെടുന്നവരില്‍ നല്ലൊരു പങ്ക് അവരുടേതല്ലാത്ത കുറ്റത്താല്‍ അതി ഭീകരമായ ഈ രോഗാവസ്ഥയെ നേരിടുന്നവരാണ്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ എച്ച്.ഐ.വി ബാധിതരാകുന്നവരുമുണ്ട്. രക്തം സ്വീകരിക്കുന്നതിലൂടെ വളരെ ഏറെ ആളുകള്‍ വൈറസ് ബാധയുളളവരാകുന്നു. പലപ്പോഴും ആശുപത്രികളിലെ രക്ത കൈമാറ്റത്തിന്റെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

രോഗ ബാധിതരായി കഴിഞ്ഞാല്‍  അവരെ ആട്ടിയകറ്റുന്ന പ്രവണതയ്ക്ക് സമൂഹത്തില്‍ ഇന്നും മാറ്റമില്ല. തൊട്ടാലോ മുട്ടിയുരുമിയാലോ പടരുന്ന രോഗമല്ല ഇതെന്ന സാമാന്യ ബോധമെങ്കിലും സമൂഹത്തില്‍ പലര്‍ക്കും ഉണ്ടാകേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. കേരളത്തിന്റെ കാര്യം പൊതുവില്‍ എടുക്കുകയാണെങ്കില്‍ എച്ച്.ഐ.വി ബാധിതരുടെ എണ്ണം പകുതിയായി കുറഞ്ഞതായാണ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി നല്‍കുന്ന വിവരങ്ങള്‍. എന്നാല്‍, രോഗബാധിതരുടെ എണ്ണത്തില്‍ 54 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ടെങ്കിലും രോഗത്തെ പേടിച്ച് പരിശോധനയ്‌ക്കെത്തുന്നവരുടെ എണ്ണത്തില്‍ ഏറെ വര്‍ധനവുണ്ടായിട്ടുണ്ട്. ദേശീയ എയ്ഡ്‌സ് നിയന്ത്രണ ഓര്‍ഗനൈസേഷന്റെ കണക്ക് അനുസരിച്ച് രാജ്യത്ത് 21.17 ലക്ഷം എച്ച്.ഐ.വി ബാധിതരാണുളളത്.

എയ്ഡ്‌സ് കണ്ടുപിടിക്കുന്നതിലും രോഗ ചികിത്സയിലും ബോധവത്ക്കരണത്തിന് വലിയ പ്രാധാന്യമുണ്ട്. എയ്ഡ്‌സ് രോഗമുളളവർക്ക് കരുതൽ നൽകാന്‍ സമൂഹം മറക്കരുത്. അങ്ങനെ ഒരാളും നമ്മുടെയിടയില്‍ ഒറ്റപ്പെടാനും ഇടവരരുത്. അത് രോഗത്തെ കുറിച്ചുളള അജ്ഞതയാണ് എയ്ഡ്‌സ് രോഗികളെ അകറ്റി നിർത്താൻ കാരണമാകുന്നത്. ഈ എയ്ഡ്‌സ് ദിനത്തില്‍ സമൂഹ മാധ്യമങ്ങളില്‍ തമാശയ്ക്കായി പലരും ഷെയര്‍ ചെയ്തു കണ്ട ഒരു വാക്യമാണ് സുഖം നേടുമ്പോള്‍ അസുഖം നേടരുതെന്ന്. അത്തരം പരിഹാസ മനോഭാവം മാറിയേ തീരൂ. ഈ രോഗത്തെകുറിച്ച് ശാസ്ത്രീയമായ അവബോധം വളർത്താനുള്ള ശ്രമങ്ങൾക്ക് വേണ്ടി ഈ എയ്ഡ്‌സ് ദിനം മാറ്റി വെയ്ക്കാം.