ശമ്പള-പെന്‍ഷന്‍ വിതരണത്തില്‍ പ്രതിസന്ധി : ആശങ്കയറിയിച്ച് തോമസ് ഐസക്

#

തിരുവനന്തപുരം (01-12-16) : ശമ്പള-പെന്‍ഷന്‍ വിതരണത്തില്‍ പ്രതിസന്ധി നേരിട്ടതില്‍ ആശങ്കയറിയിച്ച് ധനമന്ത്രി തോമസ് ഐസക്. പണമില്ലാത്തതിനാല്‍ ട്രഷറികള്‍ വഴിയുള്ള പെന്‍ഷന്‍ ശമ്പള വിതരണത്തില്‍ അനിശ്ചിതത്വം നേരിട്ടതിനെ തുടര്‍ന്ന് വിളിച്ചു ചേര്‍ത്ത അടിയന്തിര പത്ര സമ്മേളനത്തിലാണ് ധനമന്ത്രി ഇത് സംബന്ധിച്ച് വിശദീകരണം നടത്തിയത്. ആവശ്യപ്പെട്ടതില്‍ പകുതി പണം മാത്രമാണ് റിസര്‍വ് ബാങ്ക് നല്‍കിയതെന്നും ഇതാണ് പ്രതിസന്ധിയ്ക്കിടയാക്കിയതെന്നും പറഞ്ഞ മന്ത്രി, ഗ്രാമീണ മേഖലകളിലെ ട്രഷറികളിലാണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നതെന്നും അവിടുത്തെ 42 ട്രഷറികളില്‍ ഇതുവരെ പണം എത്തിയിട്ടില്ലെന്നും അറിയിച്ചു. മിക്ക ട്രഷറികളിലും അവരുടെ നീക്കിയിരുപ്പ് തുകയില്‍ നിന്നാണ് പണം വിതരണം ചെയ്തത്. ഉച്ചവരെ 153 കോടി രൂപ ആവശ്യപ്പെട്ടിടത്ത് 75 കോടി രൂപ മാത്രമാണ് റിസര്‍വ് ബാങ്ക് എത്തിച്ചു നല്‍കിയിരിക്കുന്നത്. 1000 കോടി രൂപ എത്തിച്ചു തരാമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചിരുന്നു. വാഗ്ദാനം അവര്‍ പാലിച്ചെ മതിയാകു എന്നും അദ്ദേഹം അറിയിച്ചു.

കോര്‍ ബാങ്കിംഗ് സംവിധാനം നടപ്പിലാക്കിയിരിക്കുന്നതിനാല്‍ ഏത് ട്രഷറികളില്‍ നിന്നു വേണമെങ്കിലും പണം പിന്‍വലിക്കാനുള്ള സൗകര്യമുണ്ട്. അതുകൊണ്ട് തന്നെ പണമുള്ള ട്രഷറികളെ സംബന്ധിച്ച വിവരം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പണമില്ല എന്ന കാരണത്താല്‍ ലഭിക്കുന്ന തുകയില്‍ കുറവു വരുത്തില്ലെന്നും 24000 രൂപ വച്ച് തന്നെ പിന്‍വലിക്കാനാകുമെന്നും ഇത് സംബന്ധിച്ച ട്രഷറികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും തോമസ് ഐസക് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. വൈകുന്നേരത്തിനകം റിസര്‍വ് ബാങ്ക് പണം എത്തിച്ചില്ലെങ്കില്‍ ശമ്പള വിതരണം മുടങ്ങിയേക്കാമെന്ന് ആശങ്ക അറിയിച്ച ധനമന്ത്രി ബാങ്ക് അധികൃതരുമായി ചര്‍ച്ച തുടരുന്നുണ്ടെന്നും വ്യക്തമാക്കി.