ചെന്നിത്തലയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം : തിരിച്ചടിച്ച് തോമസ് ഐസക്

#

ന്യൂഡല്‍ഹി (03-12-16) : പ്രതിപക്ഷ നേതാവിന് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്. രമേശ് ചെന്നിത്തലയുടെ പ്രസക്തി നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്നും അതിന്റെ ജാള്യത മറയ്ക്കാനാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നുമാണ് ഐസക് ഡല്‍ഹിയില്‍ അറിയിച്ചത്. നോട്ട്‌നിരോധനത്തെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാരിനെ ചെന്നിത്തല രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നോട്ട് പ്രതിസന്ധി പരിഹരിക്കുന്നതില്‍ ഭരണനേതൃത്വം പൂര്‍ണ്ണ പരാജയമായിരുന്നുവെന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് ട്രഷറികളില്‍ കയറിയിറങ്ങി ധനമന്ത്രി തോമസ് ഐസക് നടത്തുന്ന റോഡ് ഷോ അവസാനിപ്പിക്കണമെന്നും പരിഹസിച്ചിരുന്നു. ഇതിനു മറുപടിയുമായാണ് തോമസ് ഐസക് രംഗത്തെത്തിയിരിക്കുന്നത്. നോട്ട് നിരോധനം എന്താണെന്ന് തന്നെ ആരും പഠിപ്പിക്കേണ്ടെന്ന് പറഞ്ഞ ഐസക് വിഷയത്തില്‍ കേന്ദ്രത്തിനെതിരെ സമരം ചെയ്യുമെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ അതിനെ ന്യായീകരിക്കുകയാണെന്നും കുറ്റപ്പെടുത്തി. ബി.ജെ.പിയുടെ ബി ടീമായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്നും ഡല്‍ഹിയില്‍ ജി.എസ്.റ്റി യോഗത്തിനു ശേഷം മാധ്യമങ്ങേേളാട് സംസാരിക്കവെ അദ്ദേഹം അറിയിച്ചു.