സൈന്യത്തിന് എതിരല്ല മമതയുടെ നാടകം ; പുത്തന്‍ അധീശത്വത്തിന് എതിരേ

#

03-12-16) : പശ്ചിമബംഗാളിലെ ചില ടോള്‍ബൂത്തുകളിലെ സൈനിക സാന്നിധ്യത്തിന് എതിരേ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉയര്‍ത്തിയ കടുത്ത പ്രതിഷേധം അതിരു കടന്ന പ്രതികരണവും അതി നാടകീയതയോടുള്ള അവരുടെ ആഭിമുഖ്യത്തിന്റെ പ്രകടനവുമാകാം. എന്തായാലും അത് തങ്ങളുടെ സ്വയംഭരണാധികാരത്തില്‍ കേന്ദ്രം കൈകടത്തുന്നതായി സംസ്ഥാനങ്ങള്‍ കരുതിയിരുന്ന, കോണ്‍ഗ്രസ് ആധിപത്യത്തിന്റെ കാലത്തെ ഓര്‍മ്മിപ്പിക്കുന്നു.

സമീപത്തുള്ള ഒരു ടോള്‍ ബൂത്തില്‍ നിലയുറപ്പിച്ച സൈന്യത്തില്‍ നിന്ന് സെക്രട്ടറിയേറ്റിനെ 'സംരക്ഷിക്കുക' എന്ന വിചിത്രമായ ലക്ഷ്യത്തോടെ, രോഷാകുലയായ മമത പുറത്തിറങ്ങാതെ 30 മണിക്കൂറോളം സെക്രട്ടറിയേറ്റിനുള്ളില്‍ തന്നെ തങ്ങി. നടപടിക്രമങ്ങള്‍ പാലിച്ചിരുന്നു എന്ന് അറിയിച്ച സൈന്യം, അധികൃതരെ മുന്‍കൂട്ടി വിവരം അറിയിച്ചിരുന്നുവെന്ന് തെളിയിക്കുന്ന ചില കത്തുകള്‍ പുറത്തുവിടുകയും ചെയ്തു. ഇക്കാര്യം പാര്‍ലമെന്റില്‍ ആവര്‍ത്തിച്ച പ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍, ഇത്തരം നടപടികള്‍ മറ്റു സംസ്ഥാനങ്ങളിലും സ്വീകരിക്കാറുണ്ടെന്ന് പറഞ്ഞു. പക്ഷേ, മമതയെ സംബന്ധിച്ചിടത്തോളം അത്, 'ഭരണഘടനയുടെ വ്യക്തമായ ലംഘനവും' രാജ്യത്ത് 'ആഭ്യന്തരകലാപത്തിന് സമാനമായ അന്തരീക്ഷം' സൃഷ്ടിക്കാനുള്ള ശ്രമവുമാണ്. നോട്ടു പിന്‍വലിക്കലിനെതിരായ പ്രതിഷേധം നയിച്ചതിന്റെ പേരില്‍ കേന്ദ്രം പ്രതികാരം ചെയ്യുകയാണെന്നാണ് മമതയുടെ വാദം.

ദേശീയ സുരക്ഷാതാല്പര്യങ്ങള്‍ മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാരുകളുടെ സമ്മതത്തോടെ ഇത്തരം നടപടികള്‍ ചെയ്യാമെന്ന കേന്ദ്രത്തിന്റെ നിലപാടില്‍ ഒരു യുക്തിയുണ്ട്. അധികൃതരുടെ സമ്മതത്തോടെ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ ഇതു ചെയ്തിട്ടുണ്ടെന്ന് പ്രതിരോധമന്ത്രി പരീഖര്‍ പാര്‍ലമെന്റില്‍ പറഞ്ഞു. മമത സമ്മതം നല്‍കിയിട്ടില്ലെന്നുവേണം മനസ്സിലാക്കാന്‍. സമ്മതം നല്‍കിയിരുന്നുവെങ്കില്‍ അവര്‍ പ്രതിഷേധിക്കുന്നതെന്തിനാണ്? പരീഖര്‍ ആരോപിച്ചതുപോലെ 'രാഷ്ട്രീയമായ നിരാശ' കൊണ്ടാണോ? ഒരു കേന്ദ്രമന്ത്രിയെന്ന നിലയില്‍, മുഖ്യമന്ത്രിയെ ചെറുതായിക്കാണുകയാണോ അദ്ദേഹം?

ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിരുന്നുവെന്ന് തെളിയിക്കുന്ന കത്തുകളാണ് സൈന്യം പുറത്തുവിട്ടത്. ഉദ്യോഗസ്ഥര്‍ മറുപടി നല്‍കിയിരുന്നുവോ എന്നും എന്തെങ്കിലും തടസ്സം ഉന്നയിച്ചിരുന്നുവോ എന്നുമുള്ളത് പരസ്യമാക്കിയിട്ടില്ല. അധികൃതര്‍ക്ക് വിവരം നൽകുക എന്ന ഏകപക്ഷീയമായ അറിയിപ്പ് മാത്രമേ സൈന്യത്തിന്റെ ഭാഗത്തുനിന്ന് ആവശ്യമുള്ളൂ എന്നതാണ് നടപടിക്രമമെങ്കില്‍ സമ്മതത്തിന്റെ പ്രശ്‌നം ഉദിക്കുന്നില്ല. പാർലമെന്റിൽ ബി.എസ്.പി നേതാവ് മായാവതി പറഞ്ഞു, ''നമുക്ക് സൈന്യത്തെ ആവശ്യമുണ്ട്. പക്ഷേ, സംസ്ഥാനം ആവശ്യപ്പെട്ടതിനുശേഷം മാത്രമാണ് സൈന്യം വരേണ്ടത്. പശ്ചിമബംഗാളില്‍ സമ്മതമില്ലാതെയാണ് അവര്‍ വന്നത്.'' അതാണ് സ്ഥിതിയെങ്കില്‍, സമ്മതമില്ലാതെ സൈന്യം കടന്നുവന്നതില്‍ മുഖ്യമന്ത്രി എന്ന നിലയില്‍ രോഷാകുലയാകാന്‍ മമതയ്ക്ക് അവകാശമുണ്ട്.

വിവരം നല്‍കിയതിനെ സംബന്ധിച്ച കത്തുകള്‍ മാത്രം പുറത്തുവിട്ടാല്‍ പോരാ. കാര്യങ്ങള്‍ വ്യക്തമാകണമെങ്കില്‍ മുഴുവന്‍ എഴുത്തുകുത്തുകളും പുറത്തുവരണം. സെക്രട്ടറിയേറ്റിനടുത്തുള്ള ടോള്‍ബൂത്തില്‍ സൈന്യത്തെ വിന്യസിക്കുന്നതില്‍ മമതയുടെ ഉദ്യേഗസ്ഥര്‍ തടസ്സം ഉന്നയിച്ചിരുന്നുവോ? ജനാധിപത്യത്തില്‍ സമ്മതം എന്നത് ഏകപക്ഷീയമായ ഒരു പ്രക്രിയ അല്ല.

2012 ജൂലൈയിൽ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് സമാനമായ ഒരു പ്രശ്നമുണ്ടായി. രൂക്ഷവും വിജയകരവുമായിരുന്നു അവരുടെ എതിർപ്പ്. ഊട്ടിക്ക് സമീപം വെല്ലിംഗ്ടണിലെ ഡിഫൻസ് സർവ്വീസ് സ്റ്റാഫ് കോളേജിൽ 9 ശ്രീലങ്കൻ സൈനികർ പരിശീലനം നേടുന്നതായി അവർ കണ്ടെത്തി. 2009 ൽ ശ്രീലങ്കയിൽ ആയിരക്കണക്കിന് തമിഴ് വംശജർ കൊല്ലപ്പെട്ടതിന് പിന്നാലെ, ശ്രീലങ്കൻ സൈന്യത്തിൽ നിന്നുള്ള പരിശീലന ഉദ്യോഗസ്ഥരുടെ സാന്നിധ്യം തമിഴ് ജനതയുടെ വികാരങ്ങളെ അവഹേളിക്കുന്നതായി കരുതിയ ജയലളിത, അവരെ പുറത്താക്കാൻ കേന്ദ്രത്തോട് അസന്ദിഗ്ദ്ധമായ ഭാഷയിൽ ആവശ്യപ്പെട്ടു. അവരുടെ പരിശീലനം, "തമിഴ്‌നാട്ടിലെ ജനങ്ങളുടെ ഹൃദയത്തിൽ ശൂലം തറയ്ക്കുന്നതുപോലെയാണെ"ന്ന് അവർ .പറഞ്ഞു.

2 മാസത്തിനു ശേഷം ചെന്നൈയ്ക്ക് സമീപം വീണ്ടും 2 ശ്രീലങ്കൻ സൈനികർ പരിശീലനത്തിലേർപ്പെടുന്നതായി ജയലളിതയ്ക്ക് വിവരം കിട്ടി. കേന്ദ്രത്തിന്റെ സമീപനം നിന്ദ്യമാണെന്നും തന്റെ സർക്കാരിന്റെ അഭിപ്രായങ്ങൾക്കും തമിഴ്‌നാട് ജനതയുടെ വികാരങ്ങൾക്കും അവർ തരിമ്പും വില നൽകുന്നില്ലെന്നും ഇത്തവണ മുഖത്തടിക്കുന്നതുപോലെ ജയലളിത പറഞ്ഞു. ആ തവണയും ഉദ്യോഗസ്ഥരെ പുറത്താക്കി.

മമതയുടെ പ്രശ്നവും വ്യത്യസ്തമല്ല. ടോൾ ബൂത്തിലെ സൈനിക വിന്യാസം, ഭാഗികമാണെങ്കിൽ തന്നെ, മമതയ്ക്ക് എതിർപ്പുണ്ടെങ്കിൽ അവരെ വിശ്വാസത്തിലെടുത്തു വേണമായിരുന്നു നടപ്പാക്കാൻ. സൈന്യത്തോടുള്ള ബഹുമാനക്കുറവിന്റെ പ്രശ്നമല്ല അത്. സംസ്ഥാനത്തിന്റെ സ്വയംഭരണത്തെക്കുറിച്ചുള്ള സങ്കല്പത്തിന്മേലുള്ള കടന്നാക്രമണമാണത്തിന്റെ പ്രശ്നമാണ്. ഭരണഘടനാപരമായി അവ്യക്തതകൾ നിഴലിക്കുന്ന ഒരു വിഷയമാകാം അത്. പക്ഷേ, വർഷങ്ങളായി, പ്രത്യേകിച്ച് പ്രാദേശികപാർട്ടികളുടെ വളർച്ചയോടെ, തങ്ങളുടെ സ്വയംഭരണാവകാശം വിട്ടുവീഴ്ചയ്ക്ക് ഇടയില്ലാത്ത ഒരു വിഷയമായാണ് സംസ്ഥാനങ്ങൾ കാണുന്നത്. ബി.ജെ.പി അധികാരത്തിലേറിയതോടെ ഇക്കാര്യത്തിൽ പിന്നോട്ട് പോക്കിനുള്ള പ്രവണത ദൃശ്യമാകുന്നു. മമതയായാലും അരവിന്ദ് കേജ്രിവാളായാലും ജയലളിതയായാലും പിണറായി വിജയമായാലും, ഈ അസ്വസ്ഥതയുടെയും അമർഷത്തിന്റെയും പിന്നിലുള്ള യഥാർത്ഥ കാരണമതാണ്.

കേന്ദ്രം കൂടുതൽ ഏകരൂപത്വവും അധീശസ്വഭാവവും പ്രകടമാക്കിയ, കോൺഗ്രസ് ആധിപത്യത്തിന്റെ ഉച്ചസ്ഥായിയിൽ, ആ വെല്ലുവിളി നേരിടാൻ കോൺഗ്രസിതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ സ്വയംഭരണത്തിനു വേണ്ടി ഒറ്റക്കെട്ടായി അണിനിരക്കുകയുണ്ടായി. 1970കളുടെ അവസാനത്തിലും 1980 കളിലും അത് ഏറ്റവും ശക്തമായിരുന്നു. ഫറൂഖ് അബ്ദുള്ള, എം.കരുണാനിധി, സുർജിത്‌സിംഗ് ബർണാല, രാമകൃഷ്ണഹെഗ്‌ഡെ, എൻ.ടി.രാമറാവു തുടങ്ങിയവർ കേന്ദ്രത്തിനെതിരായ സമരത്തിൽ ഒന്നിച്ചുനിന്നു. വിജയവാഡയിലും ഡൽഹിയിലും ശ്രീനഗറിലും സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗങ്ങൾ ചേർന്നു. സംസ്ഥാനത്തിന് കൂടുതൽ അധികാരം വേണമെന്ന് ഏറ്റവും ശക്തമായി വാദിച്ചവരിലൊരാളാണ് ഡി.എം.കെയുടെ കരുണാനിധി. മറ്റു സംസ്ഥാന നേതാക്കളോടൊപ്പം ചേർന്ന് അദ്ദേഹം ശക്തമായ പ്രചാരണം നടത്തി. കോൺഗ്രസിന് സംസ്ഥാനങ്ങളിലെ ശക്തി കുറയുകയും പ്രാദേശികപ്പാർട്ടികൾ അധികാരത്തിലെത്തുകയും ചെയ്തതോടെ സ്വയംഭരണം പരക്കെ അംഗീകരിക്കപ്പെടുന്ന ഒന്നായി മാറി.

കോൺഗ്രസിന്റെ സുവർണ്ണകാലത്ത് ആ പാർട്ടി പുലർത്തിയ ആധിപത്യ സമീപനം ബി.ജെ.പിയും സ്വീകരിച്ചാൽ മമതയുടെ അസ്വസ്ഥത കൂടുതൽ ആളുകൾ പങ്കു വെയ്ക്കാൻ സാധ്യതയുണ്ട്. നിർഭാഗ്യവശാൽ, പല സംസ്ഥാനങ്ങളും ബി.ജെ.പിയുടെ നിയന്ത്രണത്തിലാകുകയും പാർലമെന്റിൽ മൃഗീയ ഭൂരിപക്ഷമുണ്ടാകുകയും ചെയ്ത സ്ഥിതിക്ക് അതിന് സാധ്യത കൂടുതലാണ്. ദേശീയതയെ അമിതമായി ആശ്രയിക്കുകയും സൈന്യത്തെ മഹത്വവൽക്കരിക്കുകയും ചെയ്യുന്ന ബി.ജെ.പിയുടെ പ്രതിലോമകരമായ ഏകാത്മകത, ലോകത്തെ പുതിയ ജനാധിപത്യ ഭരണക്രമവുമായി പൊരുത്തപ്പെടുന്നതല്ല. കേന്ദ്രീകരണമല്ല, വികേന്ദ്രീകരണമാണ് ഇന്ന് ലോകം പിന്തുടരുന്ന ഏറ്റവും നല്ല രീതി. ഭരണഘടനാപരമായി, സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കാൻ പര്യാപ്‍തമായ നിരവധി വകുപ്പുകളുണ്ടാകും-252, 254, 249,352 തുടങ്ങിയവ സംസ്ഥാനങ്ങളെ ഞെരുക്കാൻ കേന്ദ്രത്തിന് കരുത്ത് നൽകുന്നു. മാറിവരുന്ന ലോകത്തിൽ, സാഹചര്യം എത്ര അസാധാരണമാണെങ്കിലും ഒരു രാജ്യം മുമ്പോട്ടാണ് പോകേണ്ടത്. പുറകോട്ടല്ല.

പരിഹാരം രാഷ്ട്രീയമാണ്. മമത ക്ഷുഭിതയാണെങ്കിൽ അവരെ സമാധാനിപ്പിക്കുകയും അവർക്ക് വേണ്ട ഉറപ്പ് നൽകുകയും വേണം. ജനങ്ങളോട് കൂടുതൽ അടുത്തു നിൽക്കുന്നത് സംസ്ഥാനങ്ങളാണെന്നതിനാലും ജനങ്ങളെ നേരിട്ട് സേവിക്കേണ്ടത് അവരാണെന്നതിനാലും സംസ്ഥാനങ്ങൾക്ക് കൂടുതൽ സ്വയംഭരണം ആവശ്യമാണെന്ന് 1971 ലെ ഡി.എം.കെ മാനിഫെസ്റ്റോ ആവശ്യപ്പെട്ടിരുന്നു. 1978 ഫാറൂഖ് അബ്ദുള്ള ഒരു പടി കൂടി കടന്ന് ആർട്ടിക്കിൾ 370 അനുസരിച്ച് ജമ്മു കാശ്മീനുള്ള സ്വയംഭരണപദവി എല്ലാ സംസ്ഥാനങ്ങൾക്കും നൽകണമെന്ന് ആവശ്യപ്പെട്ടു.

മമതയ്ക്ക് മാത്രമല്ല പ്രശ്നങ്ങളുള്ളത്. തന്നെ അട്ടിമറിയ്ക്കാൻ കേന്ദ്രം ശ്രമിക്കുകയാണെന്ന് അരവിന്ദ് കേജ്രിവാൾ നിരന്തരം പരാതിപ്പെടുന്നു. സഹകരണ ബാങ്കിംഗ് മേഖലയെ തകർക്കാൻ കേന്ദ്രം ശ്രമിക്കുകയാണെന്ന് പിണറായി വിജയൻ ആരോപിക്കുന്നു. തങ്ങളുടെ മേൽ ആധിപത്യം പുലർത്താൻ കേന്ദ്രം ശ്രമിക്കുന്നതിൽ നിതീഷ്കുമാറും അഖിലേഷ് യാദവും അസ്വസ്ഥരാണ്.

1970 ലെയും 1980 കളിലെയും അധീശത്വത്തിന്റെ തിരിച്ചുവരവ് ഇന്ത്യയിൽ സംഭവിച്ചേക്കാം. "ഏകശിലാരൂപമുള്ള, ശക്തമായ ഒരു പാർട്ടി കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ദീർഘകാലം അധികാരത്തിലിരുന്നത് ആരോഗ്യകരമായ കേന്ദ്ര- സംസ്ഥാന ബന്ധങ്ങളുടെ വളർച്ചയെ ദോഷകരമായി ബാധിച്ചു" എന്ന് കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പഠിക്കാൻ 1983 ൽ ഇന്ത്യാ ഗവണ്മെന്റ് നിയമിച്ച സർക്കാരിയ കമ്മീഷൻ നിരീക്ഷിച്ചിരുന്നു. ബി.ജെ.പിയുടെ വളർച്ചയോടെ അത് തിരികെ വരികയാണോ?

അധികാരപരിധിയുടെ പ്രശ്നം പശ്ചിമ ബംഗാളിൽ ആദ്യം ഉയർത്തിയത് മമതയല്ല. ഇക്കാര്യമുന്നയിച്ച് 1978 ൽ ജ്യോതിബസു നിയമസഭയിൽ പ്രമേയം പാസാക്കുകയും കേന്ദ്രത്തിന് നിവേദനം നൽകുകയും ചെയ്തിരുന്നു. ഇന്ന് കൂടുതൽ നാടകീയമായിട്ടാകും മമത അത് ചെയ്യുന്നത്. പക്ഷേ, അന്തസ്സത്ത ഒന്ന് തന്നെ.