പ്രവാസികളുടെ കൈവശമുളള അസാധു നോട്ട്; പ്രത്യേക സമിതി പരിശോധിക്കും

#

ദുബായ് (05-12-16) : പ്രവാസികളുടെ കൈവശം ഇനിയും സൂക്ഷിച്ചിരിക്കുന്ന അസാധു നോട്ടുകള്‍ മാറിയെടുക്കുന്നത് സംബന്ധിച്ച് നിലനില്‍ക്കുന്ന പ്രശ്‌നം റിസര്‍വ്വ് ബാങ്കിന്റെ പ്രത്യേക സമിതി അവലോകനം ചെയ്യുകയാണെന്ന് എസ്. ബി. ടി മാനേജിംഗ് ഡയറക്ടര്‍ സി.ആര്‍ ശശികുമാര്‍ പറഞ്ഞു. നിയമപരമായി ഒരു പ്രവാസിക്ക് 25,000 ഇന്ത്യന്‍ രൂപ വരെ കൈവശം വയ്ക്കാവുന്നതാണ്. ഇങ്ങനെ ലക്ഷക്കണക്കിന് വരുന്ന പ്രവാസികളുടെ കൈവശം ഇത്തരത്തില്‍ അസാധു നോട്ടുകള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ നാട്ടിലെ ബാങ്കുകളില്‍ നിന്ന് സ്വയം മാറ്റിയെടുക്കാനോ മറ്റാരെയെങ്കിലും രേഖാമൂലം ചുമതലപ്പെടുത്തി മാറ്റിയെടുക്കാനോ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. റിസര്‍വ്വ് ബാങ്കിന്റെ കൊച്ചി, തിരുവനന്തപുരം ഓഫീസുകളില്‍ നിന്ന് മാര്‍ച്ച് 31 വരെ പണം മാറ്റിയെടുക്കാനുളള സംവിധാനമാണ് നിലവിലുളളത്. എന്നാല്‍ അതിന് ശേഷം പ്രവാസികള്‍ എന്തു ചെയ്യുമെന്ന കാര്യത്തില്‍ ഇതു വരെ ധാരണയായിട്ടില്ല. ഇക്കാരണത്താല്‍ നിലവില്‍ റിസര്‍വ്വ് ബാങ്ക് ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ പ്രവാസികള്‍ ഉപയോഗിക്കുന്നതാണ് ഉചിതമെന്ന് എസ്. ബി. ടി മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ കറന്‍സി എത്തുന്നതോടെ നോട്ട് മാറ്റിയെടുക്കല്‍ കൂടുതല്‍ സുഗമമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.