ചുരയ്ക്ക കൊണ്ട് ഒരു ഉഗ്രന്‍ ഹല്‍വ ആയാലോ?

#

(05-12-16) ചുരയ്ക്ക നമ്മുടെ കൃഷിയിടങ്ങളില്‍ തഴച്ചു വളരുന്ന ഫലമാണ്. എന്നാല്‍ അത് വില്‍പ്പനയ്ക്കായി എത്തിക്കുമ്പോള്‍ പലപ്പോഴും ആളുകള്‍ക്കിടയില്‍ വലിയ ഡിമാന്റില്ലാതെ പോകുന്നു. കറികളില്‍ ചേരുവകളായി ചേര്‍ക്കാന്‍ പോലും പലര്‍ക്കും മടി. ചേര്‍ത്താലോ കഴിക്കാന്‍ ഒട്ട് മിനക്കെടുകയുമില്ല. എന്നാല്‍ വ്യത്യസ്ത രുചികള്‍ എന്നും തേടുന്ന നമുക്ക് ചുരയ്ക്കയിലും ഒരു പരീക്ഷണം നടത്തിയാലോ? ഹല്‍വകളുടെ മനം മയക്കുന്ന രുചി ഇഷ്ടമല്ലാത്തവര്‍ ആരാണുളളതല്ലെ? സ്ഥിരം കഴിച്ചു മടുത്ത ഹല്‍വകളില്‍ നിന്ന് വ്യത്യസ്തമായതൊന്ന് പരീക്ഷിക്കാം. അതെ നല്ല ആരോഗ്യകരമായ ചുരയ്ക്ക ഹല്‍വ തന്നെ. എന്നാല്‍ ചേരുവകള്‍ കേട്ടോളു.

ചുരയ്ക്ക- 400 ഗ്രാം, നെയ്യ്-5 ഗ്രാം, പാല്- 500 മില്ലി, കുങ്കുമപ്പൂവ് - 5 ഇതള്‍, പഞ്ചസാര- 20 ഗ്രാം, അണ്ടിപ്പരിപ്പ്- 2ഗ്രാം, കിസ്മിസ്- 2ഗ്രാം, ഏലയ്ക്കാപ്പൊടി- 1 ഗ്രാം

പാകം ചെയ്യുന്ന വിധം : ചുരയ്ക്ക തൊലി കളഞ്ഞ് വളരെ ചെറുതാക്കി അരിയുക. ഒരു പാത്രത്തില്‍ അല്‍പ്പം നെയ്യ് ചൂടാക്കി അരിഞ്ഞു വച്ചിരിക്കുന്ന ചുരയ്ക്ക നന്നായി പിഴിഞ്ഞെടുത്ത് വെളളം ഇല്ലെന്ന് ഉറപ്പു വരുത്തി അതിലേയ്ക്ക് ചേര്‍ക്കുക. കുറച്ചു സമയം അത് വഴറ്റിയ ശേഷം അതിലേയ്ക്ക് പാല് ചേര്‍ത്ത് ഇളക്കുക. ചുരയ്ക്കയും പാലും നന്നായി കൂടിക്കലരണം. പ്രസ്തുത മിശ്രിതം നന്നായി അലിഞ്ഞു ചേരാന്‍ ഏകദേശം 20 മുതല്‍ 30 മിനിട്ട് വരെ സമയമെടുക്കും. നന്നായി കുറുകിയ മിശ്രിതത്തിലേയ്ക്ക് പഞ്ചസാര ചേര്‍ത്ത് വീണ്ടും ഇളക്കുക. പത്ത് മിനിട്ട് നേരം ചെറു ചൂടു വെളളത്തില്‍ കുതിര്‍ത്ത് വച്ച കുങ്കുമപ്പൂവ് ഹല്‍വയിലേയ്ക്ക് ചേര്‍ക്കുക. ശേഷം അല്‍പ്പം നെയ്യ് ചൂടാക്കി അതിലേയ്ക്ക് അണ്ടിപ്പരിപ്പും കിസ്മിസും വഴറ്റിയ ശേഷം ഹല്‍വ്വയിലേയ്ക്ക് ചേര്‍ക്കാം. ഏറ്റവും ഒടുവിലായി അല്‍പ്പം ഏലയ്ക്ക പൊടി കൂടി വിതറിയാല്‍ ചൂടോടു കൂടി നല്ല രുചിയൂറുന്ന ചുരയ്ക്ക ഹല്‍വ തയ്യാറായി. നമ്മുടെ കൃഷിയിടങ്ങളില്‍ വിളയുന്ന ജൈവസമ്പന്നമായ ഈ വിളകള്‍ പാഴാക്കാതെ ഇങ്ങനെ ചില രുചിയേറുന്ന പരീക്ഷണങ്ങളുമാവാം.