വഴി മാറിയ ദ്രാവിഡ രാഷ്ട്രീയം വീണ്ടും പഴയ വഴിയിലേക്കോ ?

#

ചെന്നൈ (6.12.2016) : ഹൈന്ദവ ദേശീയതയെ അടിമുടി എതിർത്തുകൊണ്ടാണ് തമിഴ്‍നാട്ടിൽ ദ്രാവിഡ രാഷ്ട്രീയം പിറവികൊണ്ടതും വളർന്നു ശക്തിപ്പെട്ടതും. ഹൈന്ദവ ആചാരങ്ങളെ നിരാകരിക്കൽ അതുകൊണ്ടു തന്നെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ മുഖമുദ്രകളിൽ പ്രധാനമായിരുന്നു. പെരിയാർ രാമസ്വാമി നായ്ക്കർ തുടങ്ങി വെയ്ക്കുകയും അണ്ണാദുരൈ മുതലുള്ള നേതാക്കൾ പിന്തുടരുകയും ചെയ്ത ദ്രാവിഡ രാഷ്ട്രീയം എതിർസ്ഥാനത്തു കണ്ടത് അതിയാഥാസ്ഥിതികമായ തമിഴ്‍ ബ്രാഹ്മണ വിശ്വാസത്തെയും ആചാരങ്ങളെയുമായിരുന്നു. ദൈവത്തെയും ആചാരങ്ങളെയും ദ്രാവിഡ രാഷ്ട്രീയം വെല്ലുവിളിച്ചു. നിരീശ്വരവാദമായിരുന്നു ദ്രാവിഡ രാഷ്ട്രീയത്തിന്റെയും അതിന്റെ നേതാക്കളുടെയും മതം. അണ്ണാദുരൈ മുതൽ സ്റ്റാലിൻ വരെയുള്ള ദ്രാവിഡ രാഷ്ട്രീയ നേതാക്കൾ നിരീശ്വരവാദത്തിലും ആചാര വിരോധത്തിലും വിട്ടുവീഴ്ച ചെയ്തിട്ടില്ല.

എ.ഐ.എ.ഡി.എം.കെയുടെ അനിഷേധ്യ നേതാവായി ജയലളിത മാറിയത് വലിയ ഒരു വൈരുദ്ധ്യമായിരുന്നു. ബ്രാഹ്മണ സംസ്കാരത്തെ വെല്ലുവിളിച്ചുകൊണ്ട് രൂപംകൊണ്ട ഒരു പ്രസ്ഥാനത്തിന്റെ ഒരു ധാരയുടെ നേതൃത്വത്തിലേക്കാണ് ഒരു ബ്രാഹ്മണ സ്ത്രീ കടന്നു വന്നത്. അസാധാരണമായ വ്യക്തിപ്രഭാവം കൊണ്ട് ആ വൈരുദ്ധ്യത്തിലടങ്ങിയ പ്രശ്നങ്ങളെ മറികടക്കാൻ ജയലളിതയ്ക്ക് കഴിഞ്ഞു. പക്ഷേ, ജയലളിത ഇല്ലാതാകുന്നതോടെ, ദ്രാവിഡ രാഷ്ട്രീയം ഉയർത്തിയ മുഖ്യ വിഷയങ്ങൾ വീണ്ടും പ്രസക്തമാകും. ദ്രാവിഡ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച ആശയങ്ങൾക്ക് കടകവിരുദ്ധമായ നിലപാട് സ്വീകരിച്ചുകൊണ്ട് തമിഴ്‌നാട് രാഷ്ട്രീയത്തിൽ പിടിച്ചുനില്ക്കാൻ സാധാരണഗതിയിൽ ഒരാൾക്ക് കഴിയില്ല.

ജയലളിതയുടെ ശവസംസ്കാരത്തിൽ ബ്രാഹ്മണാചാരങ്ങൾ വെടിഞ്ഞ് ദ്രാവിഡ രാഷ്ട്രീയത്തിന്റെ രീതികൾ പിന്തുടരാൻ എ.ഐ.എ.ഡി.എം.കെ നേതൃത്വം തയ്യാറായത് ഈ യാഥാർത്ഥ്യം ഉൾക്കൊണ്ടുകൊണ്ട് തന്നെയാകണം. ബ്രാഹ്മണ സമുദായത്തിൽ പെട്ട ഒരാളുടെ മൃതദേഹം ദഹിപ്പിക്കുകയാണ് പതിവ്. അതിൽ നിന്ന് വിപരീതമായി ജയലളിതയുടെ മൃതദേഹം അടക്കം ചെയ്യുകയായിരുന്നു. ദഹിപ്പിക്കുകയാണെങ്കിൽ ബ്രാഹ്മണ രീതിയിൽ വിപുലമായ ചടങ്ങുകൾ അനുബന്ധമായുണ്ടാകും. അങ്ങനെയൊന്ന് ദ്രാവിഡ സംസ്കാരത്തിന് അംഗീകരിക്കാൻ കഴിയുന്നതല്ല. ബ്രാഹ്മണാചാരങ്ങൾ അനുസരിച്ച് ജയലളിതയുടെ മൃതദേഹം സംസ്കരിച്ചാൽ അത് വ്യാപകമായ ചർച്ചയാക്കാനും അതിൽനിന്ന് മുതലെടുപ്പ് നടത്താനും ഡി.എം.കെ ശ്രമിക്കുമെന്നതുറപ്പ്. ഡി.എം.കെയിൽ നിന്നുണ്ടാകുന്ന അത്തരമൊരു ആശയപരമായ ആക്രമണത്തെ ചെറുക്കാനുള്ള ശേഷി ഇപ്പോഴത്തെ നിലയിൽ എ.ഐ.എ.ഡി.എം കെയ്ക്ക് ഇല്ല. ഇതൊരു സൂചനയാണ്. ദ്രാവിഡ രാഷ്ട്രീയത്തിന്റെ തനതു രീതികളിലേക്ക് തിരികെപ്പോകാൻ തമിഴ്‌നാട് രാഷ്ട്രീയം നിർബ്ബന്ധിതമാകുകയാണ് എന്നതിന്റെ സൂചന. ദ്രാവിഡ രാഷ്ട്രീയത്തിന്റെ വേരുകൾ തമിഴ്നാട്ടിൽ ആഴത്തിൽ ഓടിയിട്ടുണ്ടെന്ന ഈ യാഥാർത്‌ഥ്യമാണ് ബി.ജെ.പി പ്രതിനിധീകരിക്കുന്ന അതിഹൈന്ദവ രാഷ്ട്രീയത്തിന് തമിഴ്‌നാട്ടിൽ ചുവടുറപ്പിക്കാൻ ഏറ്റവും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്.