വീണ്ടും ബുർഖ : മലക്കം മറിഞ്ഞ് ജർമ്മൻ ചാൻസലർ

#

അടുത്ത വർഷം നടക്കാനിരിക്കുന്ന ജർമൻ ചാൻസലർ തെരഞ്ഞെടുപ്പിൽ തന്റെ നാലാം ഊഴത്തിന് വേണ്ടി തയ്യാറെടുക്കുന്ന ജർമ്മൻ ചാൻസലർ മോർക്കൽ, അതിന്റെ മുന്നോടിയെന്നോണം വിവാദപരമായ ബുർഖ വിഷയത്തിൽ മലക്കം മറിഞ്ഞു. തന്റെ മുൻകാല നിലപാടുകളെ തീർത്തും അപ്രസക്തമാക്കിക്കൊണ്ടാണ് ചൊവ്വാഴ്ച ക്രിസ്ത്യൻ ഡെമോക്രാറ്റിക്‌ പാര്ടിയുയുടെ കോൺഫറൻസിൽ മോർക്കൽ നടത്തിയ പ്രസംഗം അവസാനിപ്പിച്ചത്. ബുർഖ ജർമ്മനിയിൽ ഒട്ടും ഉചിതമല്ലെന്നും അത് നിയമപരമായി സാധുത കണക്കിലെടുത്തു നിരോധിക്കപ്പെടേണ്ടതാണെന്നും അവർ അഭിപ്രായപ്പെട്ടു. മോർക്കലിന്റെ ഈ പ്രസ്താവന തികഞ്ഞ കരഘോഷത്തോടെയാണ് ക്രിസ്ത്യൻ ഡെമോക്രാറ്റിക്‌ പാർട്ടി പ്രവർത്തകർ ഏറ്റെടുത്തത്.

ജനങ്ങൾ തമ്മിലുള്ള ആശയ വിനിമയം അടിസ്ഥാനപരമായി കാണുന്ന യൂറോപ്യൻ സംസ്കാരത്തിൽ, പരസ്പരം തിരിച്ചറിയുന്നതിന് മുഖം മറയ്ക്കൽ വിഘാതമാകും എന്നാണ് മോർക്കൽ അഭിപ്രയപെട്ടത്. മോർക്കലിന്റെ നിലപാട് മാറ്റം ജർമ്മനിയിൽ ശക്തമായിക്കൊണ്ടിരിക്കുന്ന അഭയാർത്ഥി വിരുദ്ധ മനോഭാവത്തെ മുതലെടുക്കാനും തങ്ങളുടെ എതിരാളികളായ ജനപ്രിയ വലതുപക്ഷത്തിന്റെ മുന്നേറ്റത്തെ തടയാനുമാണെന്ന് വളരെ സ്പഷ്ടമാണ്. അഭയാർത്ഥി പ്രശ്നത്തിൽ വളരെ പുരോഗമനപരമായ നിലപാട് സ്വികരിച്ച മോർക്കൽ രാജ്യത്തെ വലതുപക്ഷ ശക്തികളുടെ കടുത്ത വിമർശനത്തിന് വിധേയമായിരുന്നു. മോർക്കലിന്റെ ഭരണത്തിൽ കഴിഞ്ഞ വർഷം ഏകദേശം 8,90,000 അഭയാർത്ഥികളാണ് ജർമ്മനിയിൽ അഭയം തേടിയത്. മോർക്കലിന്റെ അഭയാർത്ഥി അനുകൂല നിലപാടിനോട് ക്രിസ്ത്യൻ ഡെമോക്രാറ്റിക്‌ യൂണിയൻ പാർട്ടിയിൽ തന്നെ കടുത്ത വിമർശങ്ങളും എതിർപ്പും ഉയർന്നിരുന്നു. മധ്യ ഏഷ്യയിലെ യുദ്ധമുഖത്ത് നിന്നുള്ള അഭയാർത്ഥികൾക്ക് ജർമ്മനിയുടെ അതിർത്തി തുറന്നിട്ട മോർക്കലിന്റെ രാഷ്ട്രീയ നയത്തിൽ ജർമ്മനിയിൽ കടുത്ത പ്രതിഷേധം നിലനിൽക്കുന്നുണ്ടായിരുന്നു..

മോർക്കലിന്റെ ഈ മുസ്ലിം വിരുദ്ധ പ്രസ്താവന യൂറോപ്യൻ രാഷ്ട്രീയത്തിലെങ്കിലും ഒറ്റപെട്ടതാണെന്ന് കരുതാൻ കഴിയില്ല. ഇതിന് മുൻപ് തന്നെ ബുർഖ വിരുദ്ധ പരാമർശവുമായി ഫ്രാൻസും ബെൽജിയവും സ്വിറ്റ്‌സർലണ്ടിലെ ചില കൻറ്റോണുകളും രംഗത്ത് വന്നിരുന്നു. ഫ്രാൻ‌സിൽ 2011ൽ ഏർപ്പെടുത്തിയ ബുർഖ നിരോധന നിയമം, നിയമലംഘകർക്ക് 150 യൂറോയാണ് പിഴയായി ഈടാക്കിയിരുന്നത്. എന്നാൽ ഇതിനെതിരെ കടുത്ത വിമർശനങ്ങൾ ഉയരുകയും മതപരമായ സ്വാതന്ത്ര്യത്തെ ഉദ്ഘോഷിക്കുന്നവരുടെ കടുത്ത വിമർശനത്തിന് വിധേയമാവുകയും ചെയ്തു.  ബ്രിട്ടൺ, നെതർലാൻഡ്‌സ്, ഫ്രാൻസ്, ബെൽജിയം, ഇറ്റലി,നോർവേ, ബൾഗേറിയ എന്നീ യൂറോപ്യൻ രാജ്യങ്ങൾ ഭാഗികമായയോ പൂർണ്ണമായോ ബുർഖ നിരുദ്ധാനം ഏർപ്പെടുത്തിയ രാഷ്ട്രങ്ങളാണ്. മോർക്കലിന്റെ ഈ രാഷ്ട്രീയ ചുവടുമാറ്റം തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും, ജനപ്രിയ ഇസ്ലാം വിരുദ്ധ വലതുപക്ഷ രാഷ്ട്രീയത്തിന്റെ പിന്തുണ തേടാനുള്ള രാഷ്ട്രീയ അടവാണെന്നും വളരെ സ്പഷ്ടമാണ്. ഇതിനു പിന്നിൽ വർത്തിക്കുന്ന വളരെ അപകടകരമായ മുസ്ലിം വിരുദ്ധ കാഴ്ചപാടാണെന്നുള്ളത് നിസ്തർക്കമാണ്.ഇതിനു പിന്നിൽ വർത്തിക്കുന്ന വളരെ അപകടകരമായ മുസ്ലിം വിരുദ്ധ കാഴ്ചപാടാണെന്നുള്ളതും പാശ്ചാത്യ രാജ്യങ്ങളിൽ ശക്തമായി വരുന്ന കുടിയേറ്റ വിരുദ്ധവും മനോഭാവമാണെന്നുള്ളത് നിസ്തർക്കമാണ്.