ആരോഗ്യദായകമാകും തുളസി ചായ

#

(07-12-16) : ഔഷധ പ്രധാനിയും സസ്യങ്ങളുടെ രാജ്ഞിയുമായ തുളസിച്ചെടിയുടെ നറുമണം ഇഷ്ടമല്ലാത്തവര്‍ ആരാണ്. ഏതൊരു ആയുര്‍വേദ രോഗ പരിഹാരത്തിനുമുളള തുളസിയുടെ പങ്ക് എടുത്ത് പറയേണ്ടത് തന്നെയാണ്. വീട്ടുമുറ്റത്തൊരു തുളസി നമ്മുടെ മലയാളി ഗൃഹങ്ങളില്‍ പലപ്പോഴും ഒരാചാരമായി തന്നെ കാലങ്ങള്‍ക്കു മുമ്പേ മാറിയിട്ടുമുണ്ട്. തുളസിയുടെ പല ഔഷധക്കൂട്ടുകളുടെയും വിശദാംശങ്ങള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. അതില്‍ പ്രധാനിയായ തുളസി ചായയെ കുറിച്ചുളള ചില വിശേഷങ്ങള്‍ കേള്‍ക്കാം. ശാസ്ത്രീയമായി ചായ ഗണത്തില്‍പ്പെടുന്നില്ലെങ്കിലും ഈ പാനീയം തുളസി ചായ എന്ന പേരില്‍ തന്നെ അറിയപ്പെടുന്നു. ഒരു ഗ്രീന്‍ ടീ കുടിക്കുന്നതിലേറെ പ്രയോജനം ഇഞ്ചി, ഏലയ്ക്ക, തുളസിയില എന്നിവ ചേര്‍ത്ത് തിളപ്പിച്ച വെള്ളത്തില്‍ നാരങ്ങനീരും തേനും ചേര്‍ത്തുണ്ടാക്കുന്ന ഈ പാനീയത്തിന് ലഭിക്കുന്നുവെന്ന് ആയുര്‍വേദം തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഈ പാനീയത്തിന്റെ ഉപയോഗം ദുഷിച്ച കൊളസ്‌ട്രോളിന്റെ അളവ് കുറച്ച് ഹൃദയാരോഗ്യം ദൃഢമാക്കുന്നു. ചര്‍മ്മത്തിന്റെ തിളക്കം വര്‍ധിപ്പിക്കാനും ശരീര ഭാരം കുറയ്ക്കാനും തുളസി ചായ അത്യുത്തമമാണെന്ന് എടുത്തു പറയേണ്ടതില്ലല്ലോ. പ്രധാനമായും രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനാണ് തുളസി ചായയുടെ ഉപയോഗം. കാരണം ആന്റി ഓക്‌സിഡന്റിനാല്‍ സമ്പുഷ്ടമാണ് പരിശുദ്ധമായി നാം കണക്കാക്കുന്ന തുളസി ചെടി.