യു.എ.ഇയില്‍ നബിദിന അവധി ഞായറാഴ്ച്ച

#

ദുബായ് (08-12-16) : യു.എ.ഇയില്‍ ഡിസംബര്‍ 11 ഞായറാഴ്ച്ച നബി ദിനം പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ചു. സ്വകാര്യ-പൊതു മേഖലകള്‍ക്ക് ശമ്പളത്തോട് കൂടിയ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മാനവ വിഭവ ശേഷികാര്യ മന്ത്രി സഖര്‍ ഗോബാഷ് ആണ് സ്വകാര്യ മേഖലയുടെ അവധി പ്രഖ്യാപിച്ചത്. ഇതോടെ അടുത്ത വാരാന്ത്യത്തില്‍ രാജ്യത്തെ പൊതു മേഖലാ സ്ഥാപനങ്ങള്‍ക്ക് തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി ലഭിക്കും. ശനിയാഴ്ച്ച അവധിയുളള സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും മൂന്ന് ദിവസത്തെ അവധി ആഘോഷിക്കാനാകും. ഗവണ്‍മെന്റ് ഓഫീസുകള്‍, മന്ത്രാലയങ്ങള്‍, വിവിധ വകുപ്പ് ആസ്ഥാനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് അവധിയായിരിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‌സസ് അറിയിച്ചു. തിങ്കളാഴ്ച്ചയാണ് ഇന്ത്യയടക്കമുളള രാജ്യങ്ങളില്‍ നബി ദിനത്തിന്റെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.