ജങ്ക് ഫുഡ് പരസ്യങ്ങള്‍ക്ക് വിലക്ക്

#

ലണ്ടന്‍ (08-12-16) : ജങ്ക് ഫുഡ് കമ്പനികള്‍ക്ക് തിരിച്ചടിയുമായി ബ്രിട്ടനില്‍ പുതിയ നിയമം നിലവില്‍ വരുന്നു. കുട്ടികളെ ലക്ഷ്യമിടുന്ന കമ്പനികളുടെ ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ടി.വി കാണുന്നതിനെക്കാള്‍ കൂടുതല്‍ സമയം കുട്ടികള്‍ ഓണ്‍ലൈനില്‍ ചിലവഴിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് ദ കമ്മിറ്റി ഓണ്‍ അഡ്വര്‍ടൈസിംഗ് പ്രാക്ടീസ് വ്യക്തമാക്കി. കുട്ടികളില്‍ അമിത വണ്ണം കൂടുന്ന സാഹചര്യത്തിലാണ് നടപടി. 2017 ജൂലൈ മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും. പുതിയ നിയമം പത്ര മാധ്യമങ്ങള്‍ക്കും ബാധകമായിരിക്കും. കുട്ടികളെ ആകര്‍ഷിക്കുന്ന ടെലി വിഷന്‍ പരസ്യങ്ങള്‍ക്ക് നേരത്തെ തന്നെ ബ്രിട്ടന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ബ്രിട്ടനില്‍ നാലിനും അഞ്ചിനും ഇടയ്ക്ക് പ്രായമുളള കുട്ടികളില്‍ 22.6 ശതമാനം പേരും അമിത വണ്ണമുളളവരാണ്. 16 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തില്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍, സൂപ്പര്‍ ഹീറോസ് തുടങ്ങിയവരെ ഒന്നും ഇനി പരസ്യങ്ങളില്‍ ഉപയോഗിക്കാനാവില്ല. പഞ്ചസാരയുടെ അളവ് കൂടിയ പാനീയങ്ങള്‍, ബര്‍ഗര്‍ അടക്കമുള്ള ജങ്ക് ഫുഡ് തുടങ്ങിയവയ്‌ക്കെല്ലാം പുതിയ നിയമം ബാധകമാകും. എന്നാല്‍ ഭക്ഷണ പായ്ക്കറ്റുകളില്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ നല്‍കുന്നതിന് വിലക്കില്ല.