എല്‍.ജി.ബി.റ്റി സമൂഹത്തോട് ഐക്യദാര്‍ഢ്യം : പുതുമകളുമായി ഐഎഫ്എഫ്‌കെ 2016

#

തിരുവനന്തപുരം (08-12-16) : ഏറെ പുതുമകളുമായാണ് ഇരുപത്തിയൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവം നാളെ തലസ്ഥാന നഗരിയില്‍ ആരംഭിക്കുന്നത്. തിരുവനന്തപുരത്തെ ആവേശത്തിലാക്കി കൊടിയേറുന്ന സിനിമ ഉത്സവം ഇത്തവണ വാര്‍ത്തകളില്‍ നിറയുന്നത് എല്‍.ജി.ബി.റ്റി സമൂഹത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടായിരുന്നു. ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ മുതല്‍ തിയറ്ററുകളില്‍ അധിക സൗകര്യങ്ങള്‍ ഒരുക്കി വരെ മേള ഇക്കൂട്ടര്‍ക്കായുള്ള പിന്തുണ അറിയിച്ചു. ചലച്ചിത്രോത്സവങ്ങളില്‍ ഭിന്നലിംഗക്കാര്‍ക്കായി പ്രത്യേക രജിസ്‌ട്രേഷന്‍ ആദ്യമായി ഏര്‍പ്പെടുത്തിയെന്ന നേട്ടവും നമ്മുടെ അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തിന് അഭിമാനിക്കാന്‍ വക നല്‍കുന്നു. എല്‍.ജി.ബി.റ്റി സമൂഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഇവരുടെ ജീവിതവും പ്രണയവും സമൂഹത്തില്‍ നേരിടേണ്ടി വരുന്ന വിവേചനവും തുറന്നു കാണിക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ജെന്‍ഡര്‍ ബെന്‍ഡര്‍ എന്ന വിഭാഗവും ഇത്തവണത്തെ മേളയിലുള്‍പ്പെടുത്തിയിട്ടുണ്ട്. സുധാന്‍ഷു സരിയ സംവിധാനം ചെയ്ത എല്‍.ഒ.ഇ.വി എന്ന ഇന്ത്യന്‍ ചിത്രം ഉള്‍പ്പെടെ ആറ് ചിത്രങ്ങളാണ് ജെന്‍ഡര്‍ ബെന്‍ഡര്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.