ഐ.എഫ്.എഫ്.കെ 2016 : ഹോമേജ് വിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് 6 ചിത്രങ്ങള്‍

#

തിരുവനന്തപുരം (08-12-16) : ഇരുപത്തിയൊന്നാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഹോമേജ് വിഭാഗത്തില്‍ 6 മലയാള ചിത്രങ്ങളുള്‍പ്പെടെ 11 ചിത്രങ്ങളാണ് ഇത്തവണ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നമ്മളെ വിട്ട് പിരിഞ്ഞ ചലച്ചിത്ര പ്രതിഭകളോടുള്ള ആദരസൂചകമായി അവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഹോമേജ് വിഭാഗത്തില്‍ അകാലത്തില്‍ അന്തരിച്ച മലയാള താരങ്ങളായ കല്‍പ്പന, കലാഭവന്‍ മണി, സംവിധായകന്‍ രാജേഷ് പിള്ള, തിരക്കഥാകൃത്തുക്കളായ ടി.എ.റസാഖ്, എ.ഷരീഫ്, സംവിധായകന്‍ ശശി ശങ്കര്‍ എന്നിവരുടെ ചിത്രങ്ങളാണ് മലയാളത്തില്‍ നിന്ന് ഈ വിഭാഗത്തിലുള്ളത്. ആയിരത്തില്‍ ഒരുവന്‍ (കലാഭവന്‍ മണി), തനിച്ചല്ല ഞാന്‍ (കല്‍പ്പന), അവളുടെ രാവുകള്‍ (എ.ഷരീഫ്), നാരായം (ശശി ശങ്കര്‍), ട്രാഫിക്(രാജേഷ് പിള്ള) എന്നിവയാണ് ഹോമേജ് വിഭാഗത്തിലെ മലയാള ചിത്രങ്ങള്‍. കലാഭവന്‍ മണിയ്ക്ക് സംസ്ഥാന-ദേശീയ തലത്തില്‍ അംഗീകാരം നേടിക്കൊടുത്ത വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തെ തഴഞ്ഞു എന്നാരോപിച്ച് ചിത്രത്തിന്റെ സംവിധായകന്‍ വിനയന്‍ പരാതി ഉന്നയിച്ചത് ചെറിയ വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു.

ഇറാനിയന്‍ സംവിധായകന്‍ അബ്ബാസ് കിറോസ്തമിയുടെ മൂന്ന് ചിത്രങ്ങളും പോളിഷ് സംവിധായകന്‍ ആന്ദ്രെ വാജ്ദയുടെ ആഫ്റ്റര്‍ ഇമേജ് എന്ന ചിത്രവും പ്രദര്‍ശിപ്പിക്കുന്നുണ്ട്. റ്റേക് മൈ ഹോം, ഷിറിന്‍, ദി വിന്‍ഡ് വില്‍ ക്യാരി അസ് എന്നിവയാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന അബ്ബാസ് ചിത്രങ്ങള്‍. ഇത് കൂടാതെ സംവിധായകന്‍ സെയ്ഫുള്ള സമാദിയന്റെ 76 മിനറ്റ്‌സ് ആന്‍ഡ് 15 സെക്കന്‍ഡ്‌സ് വിത്ത് അബ്ബാസ് കിറോസ്ത്മി എന്ന ചിത്രവും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.