ഫിലിം ഫെസ്റ്റിവല്‍ നമ്മുടെ സിനിമയെ സ്വാധീനിച്ചു : സണ്ണിജോസഫ്

#

തിരുവനന്തപുരം (08-12-16) : (നാളെ 21-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം ആരംഭിക്കുകയാണ്. പ്രശസ്ത ചലച്ചിത്രകാരനും ഛായാഗ്രാഹകനുമായ സണ്ണിജോസഫ് ഐ.എഫ്.എഫ്.കെയെക്കുറിച്ച് ലെഫ്റ്റ് ക്ലിക് ന്യൂസിനോട് സംസാരിക്കുന്നു.)

നമ്മുടെ ഫിലിം ഫെസ്റ്റിവലിന് സ്വന്തമായ ഒരു വ്യക്തിത്വമുണ്ട്. ഇത്രയും കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്നു എന്നത് നിസ്സാരമല്ല. ശ്രദ്ധിച്ചാണ് സിനിമകള്‍ തെരഞ്ഞെടുക്കുന്നത്. ഇത്രയും കുറഞ്ഞ ചെലവില്‍ നന്നായി സംഘടിപ്പിക്കാന്‍ കഴിയുന്നു എന്നത് വലിയ കാര്യമാണ്. കാന്‍ തുടങ്ങിയ, വേറൊരു തലത്തിലുള്ള വലിയ ഫെസ്റ്റിവലുകളെ മാറ്റി നിര്‍ത്തിയാല്‍ ലോകത്തെങ്ങും നടക്കുന്ന ഫിലിം ഫെസ്റ്റിവലുകളില്‍ 400-500 ആളുകളൊക്കെയാണ് പങ്കെടുക്കുക. ആ നിലയില്‍ വേണം കേരളത്തിലെ ഫിലിം ഫെസ്റ്റിവലിനെ നോക്കിക്കാണേണ്ടത്.

ആളുകള്‍ കൂടുമ്പോള്‍ പ്രശ്‌നങ്ങളുണ്ടാവുക സ്വാഭാവികം. സിനിമ കാണുമ്പോള്‍ ഫോണില്‍ സംസാരിക്കുന്നതും ശബ്ദങ്ങളുണ്ടാക്കുന്നതുമൊക്കെ ശല്യമാണ്. സിനിമയോട് കമിറ്റ്‌മെന്റുള്ളവര്‍ അങ്ങനെ ചെയ്യില്ല. 1000 പേര്‍ക്കിടയില്‍ 25 പേരാകും ഇങ്ങനെ പ്രശ്‌നങ്ങളുണ്ടാക്കുന്നത്. സൗണ്ട് പ്രൂഫ് തിയറ്ററിനുള്ളില്‍ ഒരാള്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചാല്‍ അത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. മൊബൈല്‍ ഫോണില്‍ സംസാരിക്കരുത് എന്നും മറ്റും പ്രതിനിധികള്‍ക്ക്‌ മെസ്സേജ് നല്‍കേണ്ടി വരുന്നത് സിനിമയോട് കമിറ്റ്‌മെന്റില്ലാത്തവര്‍ വരുമ്പോഴാണ്. ഒരു സിനിമയ്ക്ക് കയറിയാല്‍ ആദിമധ്യാന്തം അത് കാണണം. സിനിമ കണ്ടതിനുശേഷം ബഹളം കൂട്ടുന്നതു പോലല്ല സിനിമ കാണുമ്പോള്‍ ബഹളം കൂട്ടുന്നത്. സിനിമ കാണിക്കുന്ന സമയത്ത് അനാവശ്യ ബഹളവും സംസാരവുമൊന്നും സിനിമയോട് അര്‍പ്പണ മനോഭാവമുള്ളവരില്‍ നിന്നുണ്ടാകില്ല.

സിനിമ കാണാനാണോ എല്ലാവരും വരുന്നതെന്ന് ചോദിച്ചാല്‍ അല്ലെന്ന് തന്നെ ഞാന്‍ പറയും. സിനിമയോടുള്ള അടങ്ങാത്ത കമ്മിറ്റ്‌മെന്റ് കൊണ്ട് ഫെസ്റ്റിവലിന് വരുന്ന എത്ര പേരുണ്ട്? 13000 പേരില്‍ 3000 ല്‍ കൂടുതല്‍ ആളുകള്‍ അങ്ങനെ ഉണ്ടാവില്ല എന്നാണ് എനിക്ക് തോന്നുന്നത്. മറ്റുള്ളവര്‍ ആഘോഷിക്കാന്‍ വരുന്നവരാണ്. അതില്‍ തെറ്റില്ല. പക്ഷേ, തിയറ്ററുകള്‍ക്കകത്ത് സിനിമ കാണിക്കുമ്പോള്‍ നിശ്ശബ്ദരായിരുന്ന് തന്നെ കാണണം. അതാണ് തിയറ്ററിനുള്ളിലെ ആഘോഷം. വിപ്ലവത്തില്‍, ചിന്തയില്‍ ഒക്കെ ഉള്ളതുപോലെ ഒരു ജീവിതരീതി, അതു കാഴ്ചയിലുമുണ്ട്.

നമ്മുടെ ഫിലിം ഫെസ്റ്റിവലുകള്‍ നമ്മുടെ സിനിമയെ സ്വാധീനിച്ചിട്ടുണ്ട്. ഫിലിം ഫെസ്റ്റിവലുകളില്‍ നല്ല സിനിമ കണ്ട് സിനിമ ആവേശമായി മാറിയ ഒരു കൂട്ടം ഫിലിം മേക്കേഴ്‌സ് നമുക്കുണ്ടായി. സനല്‍കുമാര്‍ ശശിധരന്‍, സജിന്‍ബാബു, സുദേവന്‍ അങ്ങനെ പലരും. സ്റ്റാറ്റസ്‌കോ നല്ലതാണെന്ന് പറയുന്നവര്‍ക്ക് ഒന്നും പ്രശ്‌നമല്ല. അത് സിനിമയെന്നല്ല കവിതയായാലും ചിത്രകലയായാലും സംഗീതമായാലും അങ്ങനെ തന്നെ. സ്റ്റാറ്റസ്‌കോ പോര എന്ന സ്വയമേ തോന്നലുള്ളവര്‍ക്കാണ് ഫിലിം ഫെസ്റ്റിവലുകള്‍ പ്രയോജനം ചെയ്യുക. നമ്മുടെ മുഖ്യാധാരാസിനിമകളെയും ചലച്ചിത്രോത്സവങ്ങള്‍ സ്വാധീനിച്ചിട്ടുണ്ട്. സൗണ്ട്, ക്യാമറ,എഡിറ്റിംഗ് തുടങ്ങി സാങ്കേതിക കാര്യങ്ങളില്‍ മികവുണ്ടാകണം എന്ന തോന്നല്‍ മുഖ്യധാര ഫിലിം മേക്കേഴ്‌സില്‍ സൃഷ്ടിക്കുന്നില്‍ ഫിലിം ഫെസ്റ്റിവലുകള്‍ പങ്കുവഹിച്ചു.

ജോലിയുടെ ഭാഗമായി സ്ഥലത്തുണ്ടാകാന്‍ കഴിയാതെ പോയ അപൂര്‍വ്വ അവസരങ്ങളിലൊഴികെ മിക്കവാറും എല്ലാ ഐ.എഫ്.എഫ്.കെയിലും ഞാന്‍ പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ 3-4 തവണയായി ഐ.എഫ്.എഫ്.കെയില്‍ സിനിമ കാണാറില്ല. നീണ്ട ക്യൂവില്‍ നിന്ന് ഇടിച്ചു കയറാനുള്ള ശാരീരിക സ്ഥിതിയും മാനസിക നിലയും ഇല്ലാത്തതുകൊണ്ടുതന്നെയാണ് സിനിമ കാണാന്‍ കഴിയാതെ പോയത്. 32 വര്‍ഷമായി പൂര്‍ണ്ണസമയ ചലച്ചിത്ര പ്രവര്‍ത്തകനാണ് ഞാന്‍. ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു വേണ്ടി പ്രത്യേക സ്‌ക്രീനിംഗ് നടത്തുന്നതിനോട് ഞാന്‍ യോജിക്കുന്നു. സീനിയര്‍ സിറ്റിസണ്‍സിന് ബസ്സിലും ട്രെയിനിലുമൊക്കെ പ്രത്യേക സൗകര്യം നല്‍കുന്നതുപോലെ കരുതിയാല്‍ മതി. 30-40-50 വര്‍ഷമൊക്കെ ചലച്ചിത്രത്തില്‍ പ്രവര്‍ത്തിച്ച ആളുകള്‍ വെയിലത്ത് ക്യൂവില്‍ നിന്ന് ഇടികൂടി വേണം തിയറ്ററില്‍ കയറാന്‍ എന്നാണെങ്കില്‍ അതിനോട് യോജിപ്പില്ല.

പ്രതിനിധികള്‍ക്ക് ഒരു അസൗകര്യവും വരുത്താതെ പ്രതിനിധികളുടെ ഒരു അവകാശവും കവര്‍ന്നെടുക്കാതെയാണ് ഇത്തവണ ജൂറിക്കും സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും വേണ്ടി പ്രത്യേക സ്‌ക്രീനിംഗ് ഏര്‍പ്പെടുത്തിയിട്ടുള്ളത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. സിനിമയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പഠിക്കാനുള്ള അവസരം എന്നതാണ് ചലച്ചിത്രോത്സവത്തിന്റെ പ്രാഥമികമായ ഉദ്ദേശ്യം. ആ അര്‍ത്ഥത്തില്‍, ഒരു ചെറിയ തിയറ്റര്‍ ജൂറിക്കും സിനിമാ പ്രവര്‍ത്തകര്‍ക്കും വേണ്ടി മാറ്റിവെയ്ക്കുന്നതില്‍ ഒരു തെറ്റുമില്ല.

ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും ചലച്ചിത്രാസ്വദകരും എല്ലാം തമ്മിലുള്ള ആശയവിനിമയത്തിനും സംവാദത്തിനും കേരള ചലച്ചിത്രോത്സവം അവസരം നല്‍കുന്നു. മറ്റു സ്ഥലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഭാഷയുടെ പ്രശ്‌നം ഇവിടെ ഇല്ല. അടുത്തിടെ കസാക്കിസ്ഥാന്‍ ഫിലിംഫെസ്റ്റിവലില്‍ ജൂറി അംഗമായി ഞാന്‍ പോയിരുന്നു. വിവര്‍ത്തകന്‍ കൂടെയില്ലെങ്കില്‍ ഒരാളുമായും സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയാണ് അവിടെ.

ആളുകളെ ഒരുമിപ്പിക്കുന്ന ഇവന്റ് എന്ന നിലയില്‍ കൂടി കേരള ചലച്ചിത്രോത്സവത്തെ കാണണം. കക്ഷി രാഷ്ട്രീയവും മതവുമെല്ലാം മനുഷ്യരെ തമ്മിലടിപ്പിക്കാന്‍ നോക്കുമ്പോള്‍ എന്തിന്റെ പേരിലാണെങ്കിലും കുറേയേറെപ്പേരെ ഒന്നിപ്പിക്കാന്‍ നമ്മുടെ ഫിലിം ഫെസ്റ്റിവലിന് കഴിയുന്നു. സാമൂഹ്യ വ്യാപാരങ്ങളില്‍ കലയ്ക്കു മാത്രമുള്ള സിദ്ധിയാണിത്. മനുഷ്യരെ ഒന്നിപ്പിക്കുക എത്ര വലിയ കാര്യമാണ്! ഡോസ്റ്റോവ്‌സ്‌കി പറഞ്ഞതാണ് ശരി. 'സൗന്ദര്യം ലോകത്തെ രക്ഷിക്കും'.