ഫാസ്റ്റ് ട്രാക്ക് വിസ സേവനവുമായി ഓസ്‌ട്രേലിയ

#

ഓസ്‌ട്രേലിയ (09-12-16) : ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശമുളളവര്‍ക്ക് ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം എളുപ്പമാക്കുന്ന ഫാസ്റ്റ് ട്രാക്ക് വിസ സേവനവുമായി ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷന്‍. വ്യവസായ-വിനോദ സഞ്ചാരങ്ങള്‍ കൂടുതല്‍ സുഗമമാക്കുന്ന തരത്തിലുളളതാണ് പുതിയ വിസ പരിഷ്‌ക്കാരം. ഇത്തരം ആവശ്യങ്ങള്‍ക്കായി ഓസ്‌ട്രേലിയ സന്ദര്‍ശിക്കാന്‍ താത്പര്യമുളളവര്‍ക്ക് 600 സബ് ക്ലാസ് സന്ദര്‍ശക വിസയാണ് ഫാസ്റ്റ് ട്രാക്ക് സേവനത്തിലൂടെ ലഭ്യമാക്കുന്നത്. ഫാസ്റ്റ് ട്രാക്ക്  വിസ ലഭിക്കുന്നതിനായി വിസ ഫീസായ 165 ഡോളറിന് പുറമെ 1000 ഓസ്‌ട്രേലിയന്‍ ഡോളര്‍ അഥവാ 53,100 ഇന്ത്യന്‍ രൂപ അധികം നല്‍കേണ്ടി വരും. പ്രസ്തുത സേവനത്തിലൂടെ 48 മണിക്കൂറിനുള്ളില്‍ വിസ ലഭ്യമാകും എന്നാണ് പറയപ്പെടുന്നതെങ്കിലും ഇക്കാര്യത്തില്‍ ഉറപ്പു നല്‍കാന്‍ കഴിയില്ലെന്നും ഹൈക്കമ്മീഷന്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ വിസ ലഭിക്കുന്നതിന് താമസം നേരിട്ടാല്‍ അടച്ച പണം തിരികെ ലഭിക്കുകയുമില്ല. കൂടാതെ അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ പെട്ടെന്നുള്ള യാത്രകള്‍ നടത്തേണ്ടവര്‍ക്ക് മാനുഷിക പരിഗണന കണക്കിലെടുത്ത് വിസ ഫീസില്‍ നിന്നും 1000 ഡോളര്‍ ഇളവ് നല്‍കുമെന്നും ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷന്‍ അധികൃതര്‍ വ്യക്തമാക്കി.