കേരള ചലച്ചിത്ര മേളയ്ക്ക് വർണ്ണാഭമായ തുടക്കം

#

തിരുവനന്തപുരം (09.12.2016) : ഇരുപത്തിഒന്നാമത് കേരള അന്താരാഷ്‌ട്ര ചലച്ചിത്ര മേളയ്ക്ക് തിരുവനന്തപുരം നിശാഗന്ധി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ഔദ്യോഗികമായ തുടക്കമായി. ആയിരക്കണക്കിന് പ്രതിനിധികളും പൊതുജനങ്ങളും പങ്കെടുത്ത ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് മേളയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഇരുപത്തിയൊന്നാമതു ചലച്ചിത്ര മേളയുടെ പ്രതീകം എന്ന നിലയിൽ ഇരുപത്തിയൊന്ന് വിള്ക്കുകൾ കൊളുത്തിയായിരുന്നു ഉദ്ഘാടനം.

വിശ്വപ്രതിഭകൾക്കു ചലച്ചിത്ര പ്രബുദ്ധമായ ഒരു സമൂഹത്തോടു സംവദിക്കാനുള്ള അവസരമാണ് കേരള ചലച്ചിത്ര മേളയെന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ടൂറിസം വികസനത്തിന് ചലച്ചിത്രോത്സവം വലിയ സംഭാവന ആണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സാംസ്‌കാരിക മന്ത്രി എകെ ബാലൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഫെസ്റ്റിവല്‍ ബുക്ക് ധനമന്ത്രി മേയര്‍ വികെ പ്രശാന്തിന് നല്‍കി ഡോ.തോമസ് ഐസക് പ്രകാശനം ചെയ്തു. എംപിമാരായ ഡോ. ശശിതരൂര്‍, സുരേഷ് ഗോപി, കെ മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു. വിശിഷ്ടാതിഥിയായി അമോല്‍ പലേക്കർ പങ്കെടുത്തു.

ഡിസംബർ 9 മുതൽ 16 വരെയാണ് മേള. 62 രാജ്യങ്ങളിൽ നിന്നായി 184 സിനിമകളാണ് ഈ വർഷത്തെ മേളയിൽ പ്രദർശനത്തിനെത്തുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നായി 13000 പ്രതിനിധികൾ കേരള അന്താരാഷ്ട്രമേളയിൽ പങ്കെടുക്കും. രണ്ടു മലയാള ചിത്രങ്ങൾ ഉൾപ്പെടെ 15 സിനിമകളാണ് മത്സരവിഭാഗത്തിൽ സുവര്‍ണ്ണചകോരത്തിനായി മാറ്റുരയ്ക്കുന്നത്.ലോകസിനിമാ വിഭാഗത്തില്‍ ഇന്ത്യ ഉള്‍പ്പടെ 50 രാജ്യങ്ങളില്‍ നിന്നുള്ള 81 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. നവീകരിച്ച നിശാഗന്ധി ഓപ്പൺ എയർ തീയറ്റർ ഉൾപ്പെടെ 13 ഇടങ്ങളിലായാണ് സിനിമകൾ പ്രദർശിപ്പിക്കുന്നത്. പലായനത്തിന്റേയും കുടിയേറ്റത്തിന്റേയും കഥപറയുന്ന അഫ്ഗാൻ സിനിമയായ പാർട്ടിംഗ് ആയിരുന്നു മേളയുടെ ഉദ്‌ഘാടനചിത്രം. മറ്റു അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ നിന്ന് വ്യത്യസ്തമായി ജനപങ്കാളിത്തം കൊണ്ടും നിലപാടുകളുടെ സവിശേഷത കൊണ്ടും ശ്രദ്ധേയമായ മേളയാണ് കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേള.