അടൂര്‍ ഏതു ലോകത്താണ് ജീവിക്കുന്നത്?

#

(10-12-16) : സാധാരണക്കാരോടും പുതിയ തലമുറയോടുമുള്ള രോഷം ഇപ്പോഴും അടൂര്‍ ഗോപാലകൃഷ്ണന് അടക്കാനാകുന്നില്ല. ഭൂതകാലത്തെ ഏതോ സ്വപ്നലോകത്തിലാണ് ഗോപാലകൃഷ്ണന്‍ കഴിയുന്നതെന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.

വിദേശസിനിമകളിലെ ഏതോ 'സംഗതികള്‍' കാണാന്‍ വേണ്ടിയാണ് ആളുകള്‍ ഫിലിം ഫെസ്റ്റിവലിന് ഇടിച്ചു കയറുന്നതെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. 'സംഗതികള്‍'  കാണാന്‍ ഫിലിം ഫെസ്റ്റിവലിന് പോകേണ്ട ആവശ്യം കേരളത്തിലെന്നല്ല, ഒരു സ്ഥലത്തും ഇപ്പോഴില്ലെന്ന് ഗോപാലകൃഷ്ണന്‍ മനസ്സിലാക്കുന്നില്ല. (സ്ത്രീ) നഗ്നതയും ലൈംഗികതയും കാണാമെന്ന പ്രതീക്ഷയില്‍ ചിലരെങ്കിലും ഫിലിം ഫെസ്റ്റിവലുകള്‍ക്ക് പോയിരുന്ന കാലമുണ്ടാകും. ഏതു 'സംഗതിയും' കയ്യിലിരിക്കുന്ന മൊബൈല്‍ ഫോണില്‍ കാണാന്‍ കഴിയുന്ന ഇക്കാലത്ത്, പണമടച്ച് പേര് രജിസ്റ്റര്‍ ചെയ്ത് പ്രതിനിധി പാസ് സംഘടിപ്പിച്ച് ഇല്ലാത്ത സമയമുണ്ടാക്കി തിരുവനന്തപുരത്ത് ചെന്ന് വെയിലത്ത് ക്യൂനിന്ന് തിയറ്ററില്‍ ഇടിച്ചു കയറി ഫെസ്റ്റിവല്‍ ഫിലിം കാണാന്‍ 'സംഗതി' കാണല്‍ മോഹികള്‍ തുനിയുമെന്ന് വിശ്വസിക്കുന്ന അടൂര്‍ ഗോപാലകൃഷ്ണന്‍ എത്ര ശുദ്ധനാണ്!. അദ്ദേഹം ഏതു കാലത്താണ് ജീവിക്കുന്നത്?

പ്രായം കുറവായതുകൊണ്ട് നല്ല സിനിമയെന്നല്ല, അധികം സിനിമകള്‍ തന്നെ കാണാന്‍ അവസരം കിട്ടിയിട്ടില്ലാത്ത കുട്ടികളും ചെറുപ്പക്കാരും ധാരാളമായി ഫിലിം ഫെസ്റ്റിവലിന് വരുന്നുണ്ട്. ഗോപാലകൃഷ്ണന്‍ കരുതുന്നത്, തന്റെ ചെറുപ്പകാലത്ത് തനിക്ക് ഇതിനൊന്നും സൗകര്യം കിട്ടിയിട്ടില്ലാത്തതുകൊണ്ട്, ഈ കുട്ടികളും അതുപോലെ കുറേ കഷ്ടപ്പെട്ട് കുറേ കഴിഞ്ഞശേഷം സിനിമ കണ്ടാല്‍ മതിയെന്നാകും. അടൂരിന്റെ ചെറുപ്പകാലത്ത് സിനിമ പഠിക്കാന്‍ പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഗോപാലകൃഷ്ണന്‍ ലോകം കണ്ടത് പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയതിനു ശേഷമായതുകൊണ്ട് പൂനയില്‍ പോയി പഠിച്ചാലേ ലോകത്തെയും സിനിമയെയും മനസ്സിലാക്കാന്‍ കഴിയൂ എന്നാണ് ഗോപാലകൃഷ്ണന്‍ ധരിച്ചിരിക്കുന്നത്.

കാലം 60 കളില്‍ തറഞ്ഞു നില്‍ക്കുകയല്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ എന്നാണ് മനസ്സിലാക്കുന്നത്? അഥവാ എന്നെങ്കിലും ഗോപാലകൃഷ്ണന് അത് മനസ്സിലാക്കാന്‍ കഴിയുമോ? ഗോപാലകൃഷ്ണന്‍ പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പഠിച്ചിറങ്ങിയിട്ട് അരനൂറ്റാണ്ട് കഴിഞ്ഞു പോയിരിക്കുന്നു. അതിനുശേഷം കാലവും ലോകവും എത്രയോ മാറി. ചലച്ചിത്രത്തെ മനസ്സിലാക്കാന്‍, ചലച്ചിത്രത്തെക്കുറിച്ച് പഠിക്കാന്‍ എത്രയോ പുതിയ വേദികളും സാധ്യതകളും ഉണ്ടായി. സാങ്കേതിക വിദ്യ എത്രയേറെ മുന്നോട്ടുപോയി. ഇതൊന്നുമറിയാതെ തന്റെ തന്നെ കഥാപാത്രമായ ഉണ്ണിക്കുഞ്ഞിനെപ്പോലെ ഭൂതകാലത്തില്‍ ഒട്ടിപ്പിടിച്ചിരിക്കുന്നതുകൊണ്ടാണ് ഗോപാലകൃഷ്ണന്‍ കാലം തെറ്റിയ അഭിപ്രായ പ്രകടനങ്ങളുമായി സ്വയം അപഹാസ്യനായി മാറുന്നത്. തനിക്കറിയാത്ത കാര്യങ്ങളെക്കുറിച്ച് 'ആധികാരികമായി' അഭിപ്രായങ്ങള്‍ പറഞ്ഞ് സ്വയം പരിഹാസ്യനാകുകയാണ് അടൂര്‍ ഗോപാലകൃഷ്ണനെന്ന് അദ്ദേഹത്തെ പറഞ്ഞുമനസ്സിലാക്കാന്‍ ആരെങ്കിലും തയ്യാറായെങ്കില്‍!