നോട്ടുപിൻവലിക്കൽ : പ്രവചനാതീതമായ പ്രത്യാഘാതങ്ങൾ

#

(10.12.2016) : പാർശ്വഫലം മുഖ്യമായതിനെ അപ്രസക്തമാക്കുന്ന ഒരു പ്രത്യേക സാഹചര്യത്തിലൂടെയാണ് നമ്മൾ ഇന്ന് കടന്നു പോകുന്നത്. പൊടുന്നനെ പ്രഖ്യാപിക്കപ്പെട്ട നോട്ടുപിൻവലിക്കൽ പണചംക്രമണത്തെ സാരമായി ബാധിക്കുകയും, അത് നാണ്യ വിനിമയത്തിൽ വലിയ തോതിൽ പരിമിതികൾക്കും നിയന്ത്രണങ്ങൾക്കും കാരണമായി തീരുകയും ചെയ്തു. പതിവുള്ളതു പോലെ ഇത്തരം വലിയ നിയന്ത്രണങ്ങൾ കരിഞ്ചന്തയ്ക്ക് നിദാനമാകുമെന്നത് പുതിയ 2000 രൂപ നോട്ടുകൾ വലിയ തോതിൽ പിടിച്ചെടുക്കപ്പെട്ടതിലൂടെ വെളിവായിരിക്കുകയാണ്.

ചംക്രമണത്തിലുണ്ടായിരുന്ന കറൻസിയുടെ 86 ശതമാനത്തിലധികം പിൻവലിക്കപെട്ടു. ലോക യുദ്ധാനന്തര യൂറോപ്യൻ ക്ഷേമ രാഷ്ട്രങ്ങളെ തകർക്കാൻ നിയോ ലിബറലുകൾ ഉപയോഗിച്ച, പണത്തിലധിഷ്ഠിതമായ സാമ്പത്തിക ക്രമത്തിന്റെ യുക്തിയനുസരിച്ച് പണചംക്രമണത്തിലും പണലഭ്യതയുടെ പ്രവേഗത്തിലുമുണ്ടാകുന്ന പതനം രാഷ്ട്രത്തിന്റെ വളർച്ച തടയും. ഇത് സർക്കാരിന്റെ വരുമാനത്തിലും സാമൂഹ്യക്ഷേമത്തിനുവേണ്ടി പണം ചെലവഴിക്കുന്നതിലും പ്രത്യാഘാതം സൃഷ്ടിക്കും. വ്യക്തിഗത ഉപഭോഗത്തിന്റെ തോത് കുറയുകയും അത് വാണിജ്യ വളർച്ചയെയും മൊത്തം ആഭ്യന്തര ഉത്പാദനത്തെയും ബാധിക്കുകയും ചെയ്യും.

ഇതിൽ രണ്ടു പ്രധാന കാര്യങ്ങൾ പ്രത്യേക പരിഗണന അർഹിക്കുന്നു. 1 . സാമ്പത്തിക ആസൂത്രണത്തിന്റെ നാളുകളിൽ സോഷ്യലിസ്റ്റ് മിശ്ര സമ്പദ് വ്യവസ്ഥയാണ് കള്ളപ്പണത്തിന്റെയും അഴിമതിയുടെയും പ്രധാന സ്രോതസ്സെന്നു വ്യാപകമായ പ്രചാരണം നടന്നിരുന്നു. എന്നാൽ സാരമായ തോതിൽ ഉദാരവല്കരണം നടപ്പാക്കുകയും നികുതി നിരക്കുകൾ കുറയുകയും ചെയ്തതോടെ കള്ളപ്പണത്തിന്റെ പ്രശ്നം കൂടുതൽ വഷളായിരിക്കുന്നു. 2 . കള്ളപ്പണം വലിയ അളവിൽ ധനത്തിന്റെ മറ്റു പല രൂപങ്ങളായാണ് നിലനിൽക്കുന്നത്.

ഒരു നിശ്ചിത അളവിലുള്ള കറൻസി പിൻവലിക്കുന്നത് കൊണ്ട് കള്ളപ്പണത്തിന്റെ ഒഴുക്കിനെ ശാശ്വതമായി തടയാൻ സാധിക്കുമോ? ഹ്രസ്വ കാല ഫലം വളരെ സ്പഷ്ടമാണെങ്കിലും ദൂരവ്യാപകമായ ആഘാതം വളരെ സന്ദിഗ്‌ദ്ധത നിറഞ്ഞതാണ്. ലാഭത്തിലധിഷ്ഠിതമായ ഉദ്പാദന വ്യവസ്ഥ നിലനിൽക്കുന്നിടത്തോളം കാലം കള്ളപ്പണത്തിന്റെ ഒഴുക്കും നിലയ്ക്കില്ല. അതോടൊപ്പം, നികുതി തുകയുടെ ആനുപാതികമായി നികുതിയുടെ നിരക്ക് നിജപ്പെടുത്തുന്ന രീതിയോടുള്ള എതിർപ്പ് ശക്തമായി ഉയരുന്നുണ്ട്. അനുദിനം വരുമാനത്തിലും ഉപഭോഗത്തിലും അസമത്വം മൂർഛിക്കുന്ന ഒരു സമൂഹത്തിനു ഒട്ടും ആശ്വാസ്യമല്ല അത്.