വിഭജനത്തിന്റെ രാഷ്ട്രീയവുമായി കിമ്മിന്റെ പുതിയ ചിത്രം

#

തിരുവനന്തപുരം(11.12.2016) : ഇരുപത്തൊന്നാമത് കേരള അന്താരാഷ്ട്ര മേളയുടെ മൂന്നാം ദിനത്തിലെ മുഖ്യ ആകർഷണമാണ് കിം കി ഡുക്കിന്റെ ദി നെറ്റ്. സ്വന്തം നാടായ ദക്ഷിണ കൊറിയയിൽ പോലും ലഭിക്കാത്ത സ്വീകാര്യതയാണ് കിമ്മിന് കേരള ചലച്ചിത്ര മേള എക്കാലവും നൽകിയിട്ടുള്ളത്. അഭൂതപൂർവ്വമായ തിരക്കാണ് എല്ലാ മേളകളിലും കിമ്മിന്റെ ചിത്രങ്ങൾക്ക്. കിം മാജിക്കിനായി ഈ മേളയിലും കിം ആരാധകർ ആകാംക്ഷാപൂർവ്വം കാത്തിരിക്കുകയാണ്. പതിനൊന്നാം തീയതി വൈകിട്ട് നിശാഗന്ധിയിലാണ് ദി നെറ്റിന്റെ പ്രദർശനം. മൂവായിരം പേർക്കിരിക്കാവുന്ന സംവിധാനമുള്ള നിശാഗന്ധിയിലെ പുതിയ തീയറ്ററിൽ ആരാധകർ നിറഞ്ഞു കവിയുമെന്നുറപ്പ്.

ഇരു കൊറിയകളും തമ്മിലുള്ള വിഭജനത്തിന്റെ രാഷ്ട്രീയമാണ് കിം കി ഡുക്കിന്റെ പുതിയ സിനിമ ചർച്ച ചെയ്യുന്നത്. രണ്ടു കൊറിയകളെയും തമ്മിൽ വിഭജിക്കുന്ന നദിക്കരയിൽ ഭാര്യയും മകളുമായി സന്തുഷ്ട ജീവിതം നയിക്കുന്ന ഒരു മീൻപിടിത്തക്കാരന്റെ ജീവിതമാണ് നെറ്റ് അവതരിപ്പിക്കുന്നത്. എല്ലാ ദിവസവും നദിയിൽ മീൻ പിടിക്കാൻ പോകുന്ന നാം ചുൽ വൂ വിനെ നോർത്ത് കൊറിയൻ പട്ടാളക്കാർക്ക് പരിചയമാണ്. അതിർത്തി കടക്കാൻ അയാൾ ശ്രമിക്കാറുമില്ല. ഒരു ദിവസം മീൻ പിടിക്കുന്നതിനിടയിൽ ബോട്ടിന്റെ എഞ്ചിനിൽ വല കുരുങ്ങുകയും അയാൾ അതിർത്തി കടന്ന് ദക്ഷിണ കൊറിയയിൽ എത്തുന്നു. പോലീസ് അയാളെ പിടികൂടുകയും ക്രൂരമായി ചോദ്യം ചെയ്യുകയും , പിന്നീട് ഒരു ചാരനായി അയാളെ മാറ്റുകയും ചെയ്യുന്നു.

സെക്സിന്റെയും, വയലൻസിന്റെയും അതിപ്രസരം കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു കിം ഈ സിനിമയിൽ പക്ഷേ നോർത്ത് കൊറിയയിൽ നിന്നുള്ള ഒരു മീൻപിടിത്തക്കാരന്റെ ജീവിതം തുറന്നവതരിപ്പിച്ച് കൊണ്ട് പ്രേക്ഷകരെ ഞെട്ടിക്കുന്നു.സിനിമയുടെ നിർമ്മാണവും,സംവിധാനവും, തിരക്കഥയും,ക്യാമറയും കിം കി ഡുക്ക് തന്നെയാണ്. പ്രിയപ്പെട്ട കിമ്മിന്റെ പുതിയ ചിത്രത്തിനായി ആരാധകർ അക്ഷമയോടെ കാത്തിരിക്കുകയാണ്.