മേളയുടെ തലസ്ഥാനം കൈരളി തന്നെ

#

തിരുവനന്തപുരം(11.12.2016) : കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ തലസ്ഥാനം എക്കാലവും കൈരളിയുടെ പടിക്കെട്ടുകൾ തന്നെയായിരുന്നു. കാഴ്ചയും കലാപവും, സമരങ്ങളും,സൗഹൃദവും പങ്കുവെച്ചും പാട്ടുപാടിയും പ്രതിഷേധങ്ങൾ ഉയർത്തിയുമൊക്കെ ഫെസ്റ്റിവലിനെ പ്രതിനിധികൾ ആഘോഷമാക്കി മാറ്റിയത് ഇവിടെയാണ്. ഇപ്പോൾ ഫെസ്റ്റിവലിന്റെ കേന്ദ്രം ടാഗോർ തീയേറ്ററിലേക്ക് ഔദ്യോഗികമായി മാറിയെങ്കിലും കൈരളിയുടെ പടിക്കെട്ടുകളെ മറക്കാൻ പ്രതിനിധികൾ ഇനിയും തയ്യാറാവാത്ത കാഴ്ചയാണ് കൈരളി ശ്രീ കോംപ്ലക്സിൽ കാണാൻ കഴിയുന്നത്.

ഈ വർഷങ്ങളിൽ കൈരളിക്ക് പല മാറ്റങ്ങളും ഉണ്ടായെങ്കിലും, വരുന്ന ഡെലിഗേറ്റുകൾ തലമുറ മാറിയെങ്കിലും കൈരളി പടിക്കെട്ടുകൾ ഫെസ്റ്റിവലിന്റെ ജനകീയ ആസ്ഥാനമായി നിലനിന്നു.കവി അയ്യപ്പനൊപ്പം ആരാധകർ ഫെസ്റ്റിവൽ ആഘോഷമാക്കിയതും ഇവിടെ തന്നെ. കൈരളിക്ക് മുൻപിലെ ചായക്കടയിൽ നിന്ന് ചായ കുടിച്ചും,കൈരളിയുടെ പടിക്കെട്ടുകളിൽ കൂട്ട് കൂടിയും പാട്ട് പാടിയും ഫെസ്റ്റിവലിനെ പ്രതിനിധികൾ ആഘോഷമാക്കുന്ന പതിവിന് ഇനിയും മാറ്റമുണ്ടായിട്ടില്ല എന്ന് തന്നെയാണ് ഓരോ സിനിമയ്ക്ക് ശേഷവും കൈരളിക്ക് മുൻപിലെ ഒഴിയാത്ത പടിക്കെട്ടുകൾ വ്യക്തമാക്കുന്നത്.