സിനിമയും സൗഹൃദവും നിറയുന്ന ചായക്കട

#

തിരുവനന്തപുരം (11-12-16) : കാഴ്ചകളുടെ വസന്തോത്സവം നിറച്ചാണ് ഓരോ ഫിലിം ഫെസ്റ്റിവലിനും തലസ്ഥാന നഗരം വേദിയൊരുക്കുന്നത്. മികച്ച സിനിമകള്‍ കാണുക എന്നതിനപ്പുറം സൗഹൃദത്തിനും ഓര്‍മ്മ പുതുക്കലുകള്‍ക്കും കൂടി അന്തരാഷ്ട്ര ചലച്ചിത്രോത്സവ മേള വേദിയാകുന്നു. പുതിയ സൗഹൃദങ്ങൾ ജന്മം കൊള്ളുകയും പഴയ സൗഹൃദങ്ങൾ തഴച്ചുവളരുകയും ചെയ്യുന്ന ഇടം കൂടിയാണ് ചലച്ചിത്രോത്സവ വേദികൾ. ചലചിത്രോത്സവത്തിൽ തീയറ്ററുകളോടൊപ്പം പ്രാധ്യാന്യമുള്ള ചില ഇടങ്ങളുണ്ട്.

ഇരുപത്തിയൊന്നാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം തലസ്ഥാനനഗരിയിൽ പുരോഗമിക്കുമ്പോൾ ചലച്ചിത്ര മേളയൊടൊപ്പം സഞ്ചരിച്ച രണ്ട് പേരെ നമുക്ക് പരിചയപ്പെടാം. ചലച്ചിത്ര പ്രേമികളുടെ പ്രിയതാവളമായ കൈരളി-ശ്രീ തിയറ്ററിനു മുന്നിലെ ചായക്കട നടത്തിപ്പുകാരായ രാജുവും രാമകൃഷ്ണനും. ഇരുപത്തിയെട്ട് വര്‍ഷമായി ഇവര്‍ ഇവിടെ കട തുടങ്ങിയിട്ട്. അന്താരാഷ്ട്ര ചലച്ചിത്ര മേളകള്‍ക്ക് കേരളം വേദിയൊരുക്കിയത് മുതല്‍ ഇവര്‍ ഇവിടെയുണ്ട്. ചലച്ചിത്ര മേള അതിന്റെ ഇരുപത്തിയൊന്നാം വര്‍ഷത്തിലെത്തി നില്‍ക്കുമ്പോള്‍ മേളയിലെത്തുന്ന ഭൂരിഭാഗം പ്രതിനിധികള്‍ക്കും കൈരളി-ശ്രീ തിയറ്ററിലെ പടവവുകള്‍ പോലെ തന്നെ പ്രിയപ്പെട്ട മറ്റൊരു ഇടത്താവളമായി ഈ ചായക്കടയും മാറിയിരുന്നു.

മേളയുടെ മുഖ്യവേദി കൈരളി-ശ്രീയില്‍ നിന്ന് ടാഗോര്‍ തിയറ്ററിലേക്ക് മാറ്റിയെങ്കിലും പഴയ ചലച്ചിത്ര മേളകളുടെ ഓര്‍മ്മ പുതുക്കുന്നതിനായി പ്രതിനിധികള്‍ ഈ പഴയ ചായക്കടയിലേക്ക് തിരികെയെത്തുന്നു. സിനിമാ പ്രേമികള്‍ക്ക് ചലച്ചിത്ര മേളകള്‍ കാഴ്ചയുടെ ഉത്സവമൊരുക്കുമ്പോള്‍ അവരെപ്പോലെ തന്നെ സന്തോഷിക്കുന്നവരാണ് രാജുവും രാമകൃഷ്ണനും. ഈ സമയത്ത് കച്ചവടം കൂടുമെന്നോര്‍ത്ത് മാത്രമല്ല, പ്രമുഖ സിനിമാ പ്രവര്‍ത്തകരടക്കം ചിലര്‍ ഓര്‍മ്മ പുതുക്കാന്‍ തങ്ങളെ തേടിയെത്തുമെന്നുള്ള സന്തോഷവും ഇവര്‍ക്കുണ്ട്. ഇതിനു മുന്നില്‍ ഇവര്‍ക്ക് ലാഭമോ നഷ്ടമോ ഒരു വിഷയമേയല്ല.കേരളമെമ്പാടും നിന്ന് നല്ല സിനിമയുടെ ഭാഗമാകാനെത്തുന്ന ചലച്ചിത്ര പ്രേമികളിൽ , സിനിമയും ചായയും മാത്രം ഭക്ഷണമാക്കി ഈ ഒരാഴ്ച തള്ളിനീക്കുന്നവർ ഒരുപാടുണ്ട്. അവരുടെ പ്രധാന ആശ്രയവും താവളവുമാണ് ഈ ചായക്കട. ചലച്ചിത്ര മേള ഇത്രയും ജനകീയമാകുന്നതിന് മുന്‍പ് മുതല്‍ തന്നെ രാജുവും രാമകൃഷ്ണനും ഇവിടെയുണ്ട്. സിനിമകള്‍ കാണണമെന്നാഗ്രഹം ഉണ്ടെങ്കിലും കടയിലെ തിരക്ക് മൂലം അതിന് സാധിക്കാറില്ല. എങ്കിലും കടയടച്ച് കഴിഞ്ഞുള്ള കുറച്ചു സമയം ഇവരും തിയറ്റര്‍ പടവുകളില്‍ എത്താറുണ്ട്. ചുരുക്കത്തില്‍ ,ചലച്ചിത്രമേളയ്‌ക്കൊപ്പം സഞ്ചരിച്ച് മേളയുടെ രാഷ്ട്രീയം പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടവരാണ് രാജുവും രാമകൃഷ്ണനും എന്നു തന്നെ പറയാം.