കാണികളുടെ പ്രതിഷേധം : പ്രദർശനം റദ്ദാക്കി

#

തിരുവനന്തപുരം (12.12.2016) : മണിക്കൂറുകളോളം ക്യൂവിൽ നിന്നിട്ടും ആദ്യം നിന്നവർക്ക് പോലും സീറ്റ് ലഭിക്കാതിരുന്നതിനെ തുടർന്ന് കാണികളുടെ പ്രതിഷേധം. ബഹളത്തെ തുടർന്ന് മത്സരവിഭാഗത്തിലെ ചിത്രമായ ക്ലാഷിന്റെ പ്രദർശനം ക്യാൻസൽ ചെയ്തു. രാവിലെ 11.30 ന് കൈരളി തീയറ്ററിലായിരുന്നു ഈജിപ്ഷ്യൻ ചിത്രമായ ക്ലാഷിന്റെ പ്രദർശനം. ഈ മേളയിലെ ഏറ്റവും ശ്രദ്ദിക്കപ്പെട്ട സിനിമകളിലൊന്നായ ക്ലാഷിന്റെ അവസാന പ്രദർശനമായതിനാൽ രാവിലെ ഏഴുമണി മുതൽ ആളുകൾ ക്യൂ നിൽക്കുകയായിരുന്നു. ഇത്രയും നേരം ക്യൂ നിന്ന് അകത്തു കയറിയപ്പോൾ ഒരു നിരയിലെ ഏതാനും സീറ്റ് ഒഴിച്ച് ബാക്കി മുഴുവൻ സീറ്റും നിറഞ്ഞിരുന്നു.ക്ഷുഭിതരായ പ്രേക്ഷകർ പ്രതിഷേധമുയർത്തുകയും വാക്കേറ്റമാവുകയും ചെയ്തു. പോലീസെത്തി എല്ലാവരെയും പുറത്താക്കുന്ന സ്ഥിതിയുണ്ടായി. ക്ലാഷ് ഇന്ന് വൈകിട്ട് ആറു മണിക്ക് നിശാഗന്ധിയിൽ പ്രദർശിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

എന്നാൽ മത്സരവിഭാഗത്തിലെ പ്രേക്ഷകശ്രദ്ധ നേടിയ മറ്റൊരു സിനിമയായ സിങ്കിന്റെ അവസാന പ്രദർശനവും ഇന്ന് വൈകിട്ട് ആറിനാണ്. ചുരുക്കത്തിൽ ഈ രണ്ടു സിനിമയിൽ ഏതെങ്കിലുമൊന്ന് പ്രേക്ഷകർക്ക് നഷ്ടപ്പെടുന്ന അവസ്ഥയാണ്. റിസർവേഷൻ സംവിധാനത്തിലെ പോരായ്മകൾ മുൻപ് തന്നെ പ്രേക്ഷകർ ഉയർത്തിയിരുന്നു. റിസർവേഷൻ ചെയ്യാത്തവർ പോലും പിൻവാതിലിലൂടെ കയറുകയും മണിക്കൂറുകൾ ക്യൂ നിൽക്കുന്നവർക്ക് സീറ്റ് ലഭിക്കാത്ത അവസ്ഥയുമാണെന്ന് പ്രതിനിധികൾ ആരോപിക്കുന്നു. സിനിമാക്കാർക്കും സെലിബ്രിറ്റികൾക്കും വേണ്ടി മുൻകൂട്ടി സീറ്റുകൾ പിടിച്ച് വെക്കുന്നതാണ് പ്രശ്നമെന്നും പ്രതിനിധികൾ പറയുന്നു. മേളയിലെ പോലീസ് ഇടപെടലിനെ കുറിച്ചും പരാതി ഉയരുന്നുണ്ട്. മികച്ച സിനിമകൾ പരമാവധി പ്രേക്ഷകർക്ക് കാണാൻ കഴിയുന്ന വിധം ക്രമീകരണങ്ങൾ നടത്തുന്നതിൽ സംഘാടകർക്ക് വലിയ വീഴ്ച സംഭവിച്ചതായാണ് പരാതി.