ദേശീയഗാനത്തിന് എഴുന്നേറ്റില്ല ചലച്ചിത്രോത്സവ പ്രതിനിധികൾ കസ്റ്റഡിയിൽ

#

തിരുവനന്തപുരം(12.12.2016) : അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ ദേശീയഗാനത്തിന് എഴുന്നേറ്റ് നിൽക്കാതിരുന്ന മാധ്യമപ്രവർത്തകരടക്കമുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തു. വൈകിട്ട് ആറ് മണിക്ക് നിശാഗന്ധിയിൽ ക്ലാഷ് എന്ന സിനിമയുടെ പ്രദര്ശനത്തിന് മുൻപ് ദേശീയഗാനം കേൾപ്പിച്ചപ്പോൾ എഴുന്നേറ്റ് നിൽക്കാതിരുന്ന മൂന്ന് മാധ്യമപ്രവർത്തകരടക്കം അഞ്ച് പേരെയാണ് മ്യൂസിയം പോലീസ് കസ്റ്റഡിയിലെടുത്തത്.കൈരളി ന്യൂസ് ഓൺലൈൻ, നാരദ ന്യൂസ്, എന്നീ മാധ്യമസ്ഥാപനങ്ങളുടെ റിപ്പോർട്ടർമാർ കസ്റ്റഡിയിൽ പെട്ടവരിൽ ഉൾപ്പെടുന്നു.

വലിയ തിരക്ക് കാരണം ക്ലാഷ് എന്ന സിനിമ കൈരളിയിലെ ഷോ റദ്ദാക്കി നിശാഗന്ധിയിൽ പ്രദർശിപ്പിക്കുകയായിരുന്നു. അവിടെയും വലിയ തിരക്കു കാരണം ആളുകൾക്ക് ഇരിക്കാൻ കസേരകൾ ലഭിച്ചിരുന്നില്ല. തിരക്ക് കാരണം എഴുന്നേൽക്കാൻ കഴിയാതിരുന്ന അഞ്ച് പേരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. സാഹചര്യം മൂലം എഴുന്നേൽക്കാൻ സാധിക്കാതിരുന്ന ഇവർക്കെതിരെ സംഘാടകരും വോളന്റിയേഴ്‌സുമാണ് ആദ്യം രംഗത്ത് വന്നത്. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തുമെന്നാണ് പോലീസ് വൃത്തങ്ങൾ അറിയിക്കുന്നത്. മുകളിൽ നിന്നുള്ള നിർദ്ദേശപ്രകാരമാവും തുടർനടപടികൾ എന്ന് പോലീസ് അറിയിച്ചു. എല്ലാ തീയറ്ററുകളിലും സിനിമ പ്രദർശനത്തിന് മുൻപ് ദേശീയഗാനം കേൾപ്പിക്കണമെന്ന് സുപ്രീം കോടതി അടുത്തിടെ ഉത്തരവിട്ടിരുന്നു.