ഐ.എഫ്.എഫ്.കെ വോളന്റിയർമാർ മോശം പെരുമാറ്റത്തിൽ റെക്കോഡ് സൃഷ്ടിക്കുന്നു

#

തിരുവനന്തപുരം(12.12.2016) : ചലച്ചിത്രോത്സവത്തിൽ വോളന്റിയേഴ്‌സിനെ കുറിച്ച് വ്യാപക പരാതികൾ. തീയറ്ററുകളിൽ പ്രതിനിധികളെ സഹായിക്കാൻ എന്ന പേരിൽ നിയോഗിക്കപ്പെട്ട ഇവർ പ്രതിനിധികളോടും, അതിഥികളടക്കമുള്ളവരോടും മോശമായാണ് പെരുമാറുന്നത്. സ്ത്രീ മാധ്യമപ്രവർത്തകരോടും, മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന സിനിമയിലെ പ്രധാന അഭിനേതാക്കൾ അടക്കമുള്ളവരോടും കൈരളിയിലെ വോളന്റിയേഴ്‌സ് മോശമായ ഭാഷയിൽ സംസാരിക്കുകയും കായികമായി നേരിടാൻ ശ്രമിക്കുകയും ചെയ്തത് തീയറ്ററിന് മുന്നിൽ പ്രതിഷേധത്തിന് കാരണമായി. ഫെസ്റ്റിവൽ ഡ്യൂട്ടിയിൽ ഉള്ള രണ്ടു പെൺകുട്ടികളോട് വോളന്റിയേഴ്‌സ് മോശമായി പെരുമാറിയതായി പരാതിയുണ്ട്.

രാഷ്ട്രീയ പാർട്ടികളുടെ വിദ്യാർത്ഥി യുവജന പ്രവർത്തകരെയാണ് വോളന്റിയേഴ്‌സായി നിയോഗിച്ചിട്ടുള്ളത്. സിനിമയെ കുറിച്ചോ വരുന്ന പ്രതിനിധികളെ കുറിച്ചോ യാതൊരു ധാരണയുമില്ലാത്ത ഇവർ തികഞ്ഞ അസഹിഷ്ണുതയോടെയാണ് പെരുമാറുന്നത്. ചലച്ചിത്രമേളയുടെ ചരിത്രത്തിൽ ഇന്ന് വരെ ഉണ്ടായിട്ടില്ലാത്ത തരത്തിൽ മോശം പെരുമാറ്റമാണ് ഇത്തവണ സംഘാടകരുടെ ഭാഗത്തു നിന്ന് ഉണ്ടാവുന്നത് എന്ന് ഐ.എഫ്.എഫ്.കെയുടെ തുടക്കം മുതൽ എല്ലാ ഫെസ്റ്റിവലുകളിലും പങ്കെടുത്തിട്ടുള്ള നിരവധി പ്രതിനിധികൾ പറഞ്ഞു. മേളയുടെ മൊത്തം സംഘാടനത്തെക്കുറിച്ചും വ്യാപകമായ അസംതൃപ്തിയുണ്ട്.