നോട്ട് നിരോധനം ഈ വർഷത്തെ ഏറ്റവും വലിയ അഴിമതി : പി ചിദംബരം

#

നാഗ്‌പൂർ(13.12.2016 ) : നോട്ട് നിരോധനം ഈ വർഷത്തെ ഏറ്റവും വലിയ അഴിമതിയാണെന്ന് മുൻ കേന്ദ്ര ധനകാര്യ മന്ത്രി പി.ചിദംബരം. കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച ചിദംബരം അഴിമതി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. നാഗ്‌പൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനം പാവപ്പെട്ട ആളുകളുടെ നട്ടെല്ല് തകർക്കുന്നതാണ്. ഒരു ദേശീയ ദുരന്തം പോലും ഉണ്ടാക്കാത്ത ദുരിതങ്ങളാണ് നോട്ട് നിരോധനം കൊണ്ടുണ്ടായതെന്നും ചിദംബരം പറഞ്ഞു. ചിന്താശൂന്യവും അസംബന്ധവുമായ നീക്കമെന്നാണ് ചിദംബരം നോട്ട് നിരോധനത്തെ വിശേഷിപ്പിച്ചത്.

എല്ലാ പ്രധാന പത്രങ്ങളും സാമ്പത്തിക വിദഗ്ധരും നോട്ട് നിരോധനത്തെ എതിർത്ത് രംഗത്ത് വന്നിട്ടുണ്ട്. ലോകത്തൊരാളും ഇതിനെ കുറിച്ച് നല്ലത് പറയുന്നില്ല. സർക്കാരിന് കുറഞ്ഞപക്ഷം യശ്വന്ത് സിൻഹയോടെങ്കിലും കൂടിയാലോചനകൾ നടത്താമായിരുന്നെന്നും ചിദംബരം പറഞ്ഞു. നോട്ട് നിരോധനത്തിന്റെ പിറകിലെ യുക്തിയെ ചോദ്യം ചെയ്ത ചിദംബരം, നോട്ട് നിരോധനം എന്ത് ഗുണമാണ് രാജ്യത്തിനുണ്ടാക്കിയതെന്ന് ചോദിച്ചു. നോട്ട് നിരോധനം അഴിമതിയോ, കള്ളപ്പണമോ ഇല്ലാതാക്കില്ല, പാവപ്പെട്ട ജനങ്ങൾക്ക് മാത്രമാണ് ഇത് കൊണ്ട് ബുദ്ധിമുട്ട് ഉണ്ടാകുക. കേന്ദ്രസർക്കാർ അടിക്കടി ഗോൾ പോസ്റ്റ് മാറ്റുകയാണെന്നും ആദ്യം കള്ളപ്പണത്തെ കുറിച്ച് പറഞ്ഞവർ ഇപ്പോൾ കാഷ്‌ലെസ് എക്കോണമിയെ കുറിച്ച് സംസാരിക്കുകയാണെന്നും ചിദംബരം ചൂണ്ടിക്കാട്ടി. മൂന്ന് മാസം കൊണ്ട് 3 ശതമാനം കാഷ്‌ലെസിൽ നിന്ന് 100 ശതമാനം കാഷ്‌ലെസിലേക്ക് ഇന്ത്യ മാറുമെന്നത് വിചിത്രമായ പ്രതീക്ഷയാണെന്നും ചിദംബരം കൂട്ടിച്ചേർത്തു.