ദേശീയഗാനം വിൽപ്പനക്ക് വയ്ക്കരുത് : ഐ.എഫ്.എഫ്.കെയിൽ പ്രതിഷേധം

#

തിരുവനന്തപുരം (13.12.2016 ) :ദേശീയഗാനം അടിച്ചേൽപ്പിക്കുന്നതിനെതിരെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രതിഷേധം. ടാഗോർ തീയറ്ററിന് മുന്നിലാണ് ചലച്ചിത്ര പ്രവർത്തകരും പ്രതിനിധികളുമടക്കമുള്ളവർ പ്രതിഷേധം സംഘടിപ്പിച്ചത്. ഇന്നലെ ദേശീയഗാന സമയത്ത് എഴുന്നേൽക്കാതിരുന്ന 5 പ്രതിനിധികളെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. തീയറ്ററിൽ നിന്ന് പ്രതിനിധികളെ പോലീസ് അറസ്റ്റ് ചെയ്തത് വ്യാപകമായ പ്രതിഷേധങ്ങൾക്ക് ഇടയാക്കി. ഇതിനെതിരെയുള്ള പ്രതിഷേധങ്ങൾ വിവിധ തീയറ്ററുകൾക്ക് മുന്നിൽ നടക്കുന്നുണ്ട്. സംവിധായകരായ സനൽകുമാർ ശശിധരൻ,സജിൻ ബാബു, നടൻ പ്രകാശ് ബാരെ തുടങ്ങിയവരും പ്രതിഷേധത്തിൽ പങ്കെടുത്തു.

ദേശീയഗാനം ഒരു ഡിജിറ്റൽ ഗാനമല്ലെന്നും ദേശീയപതാക തീയറ്റർ സ്ക്രീനിലെ ഒരു ദൃശ്യം മാത്രമല്ലെന്നും പറയുന്ന പോസ്റ്ററുകളുമായാണ് പ്രതിനിധികൾ പ്രതിഷേധിച്ചത്. സിനിമ ഒരു വിനോദ ഉപാധിയാണെന്നും തീയറ്റർ വിനോദം വിൽക്കുന്ന ഇടമാണെന്നും അവിടെ ദേശീയഗാനം പ്രദർശിപ്പിക്കുന്നത് ഒരു സൂപ്പർമാർക്കറ്റിൽ അത് സൗജന്യമായി നൽകുന്നത് പോലെയാണെന്നും പ്രതിഷേധക്കാർ പറഞ്ഞു. അനാവശ്യ ഇടങ്ങളിൽ അടിച്ചേല്പിച്ച് ദേശീയഗാനത്തെ അപമാനിക്കരുതെന്നും പ്രതിഷേധ പോസ്റ്ററുകളിൽ ഉണ്ട്. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടർന്നാണ് തീയറ്ററുകളിൽ ദേശീയഗാനം നിർബന്ധമാക്കിയത്. ദേശീയഗാനം കേൾപ്പിക്കുമ്പോൾ എല്ലാവരും എണീറ്റു നിൽക്കണമെന്നും കോടതി പറഞ്ഞിരുന്നു. അതേ സമയം ദേശീയഗാനം കേൾപ്പിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കണെമെന്ന് നിർബന്ധമില്ലെന്ന് മറ്റൊരു കേസിലെ സുപ്രീം കോടതിയുടെ അന്തിമ വിധിയുണ്ടെന്നും അതിനാൽ തന്നെ ആ വിധിയെ മാനിക്കാൻ മാത്രമേ ജനങ്ങൾക്ക് ബാധ്യതയുള്ളൂ എന്നുമാണ് നിയമവിദഗ്ധർ പറയുന്നത്.