മോദിയുടെ യുദ്ധം പാവപ്പെട്ടവര്‍ക്കെതിരേ : രാഹുല്‍ ഗാന്ധി

#

ന്യൂഡല്‍ഹി (13-12-16) : നരേന്ദ്ര മോദിയുടെ വിവാദപരമായ നോട്ടു പിന്‍വലിക്കല്‍ തീരുമാനത്തിന്റെ യുക്തിയെ ചോദ്യം ചെയ്തുകൊണ്ട് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രഹുല്‍ഗാന്ധി വീണ്ടും രംഗത്ത്. നോട്ട് പിന്‍വലിക്കല്‍ യഥാര്‍ത്ഥത്തില്‍ വന്‍ വ്യവസായികളെയാണ് സഹായിക്കുന്നതെന്ന് അഭിപ്രായപ്പെട്ട രാഹുല്‍ ഈ നടപടിയിലൂടെ മോദി സാധാരണ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് പറഞ്ഞു. ഉത്തര്‍പ്രദേശിലെ ദാദ്രിയിലെ മാര്‍ക്കറ്റില്‍ നടത്തപ്പെട്ട ജനസമ്പര്‍ക്ക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ഗാന്ധി. ഏകദേശം 8 ലക്ഷം കോടിയുടെ വിവിധ വായ്പകളുടെ കാലാവധി നീട്ടി നല്‍കി പ്രതിസന്ധിയിലായ ബാങ്കുകളെ സഹായിക്കുക എന്ന ലക്ഷ്യം കൂടി ഈ നടപടിക്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. നോട്ട് പിന്‍വലിക്കല്‍ നടപടി ഏറ്റവും കൂടുതല്‍ ബാധിച്ചത് സാധാരണ ജനങ്ങളെയാണ്. അഴിമതിക്കാര്‍ക്കും കള്ളപ്പണക്കാര്‍ക്കും പുറംവാതിലിലൂടെ സൗകര്യം ചെയ്തു കൊടുക്കുകയായിരുന്നു മോദി. കള്ളപ്പണക്കാരെ പിടിക്കാന്‍ എന്ന ലേബലില്‍ ഏറെ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന നോട്ടു പിന്‍വലിക്കല്‍, ഫലത്തില്‍ കള്ളപ്പണക്കാര്‍ക്ക് സഹായകരമായി തീരുന്ന കാഴ്ചയാണ് ഇപ്പോള്‍ ഉള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടായിരം രൂപയുടെ വ്യാജനോട്ടുകള്‍ ഇതിനോടകം വ്യാപകമായെന്നും ഇത് ഭീകരരുടെ കൈകളില്‍ എത്തിക്കഴിഞ്ഞതായും രാഹുൽ ആരോപിച്ചു.