പോസ്റ്റർ വാലകളുടെ കഥയുമായി കഥയിൽ ഇല്ലാത്തവർ

#

തിരുവനന്തപുരം (14-12-16) : സിനിമ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ സുപ്രധാനമായ സ്ഥാനമാണ് സിനിമ പോസ്റ്ററുകൾക്ക് ഉള്ളത്. നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്ന് തീയറ്ററിലെത്തുന്ന സിനിമയെ കുറിച്ച് പ്രേക്ഷകരെ അറിയിക്കാനും ആകർഷിക്കാനും പോസ്റ്ററുകൾ കൂടിയേ തീരൂ. എന്നാൽ ഓരോ തീയറ്ററിലും മാറി മാറി വരുന്ന സിനിമകളുടെ പോസ്റ്ററുകൾ ചുമരുകൾ തോറും പതിക്കുന്ന തൊഴിലാളികളെ പലരും വിസ്മരിക്കാറാണ് പതിവ്. പോസ്റ്റർ ഒട്ടിക്കുന്നവരുടെ ജീവിതത്തിലേക്ക് ക്യാമറ തിരിക്കുന്ന ഡോക്യൂമെന്ററിയാണ് സുധീഷ് അഞ്ചൽ സംവിധാനം ചെയ്ത കഥയിൽ ഇല്ലാത്തവർ. വർഷങ്ങളോളം ഒരു തീയറ്ററിലെ പോസ്റ്റർ തൊഴിലാളിയായിരുന്ന സ്വന്തം അനുഭവമാണ് സിനിമയിലൂടെ സുധീഷ് ആവിഷ്കരിക്കുന്നത്.

ഇരുപത്തിയൊന്നാം അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ വേദികളിൽ സ്വന്തം സിനിമയുടെ ഡിവിഡികളുമായിസുധീഷും ചിത്രത്തിന്റെ സഹസംവിധായകനായ സുനീഷും എത്തിയിട്ടുണ്ട്. വർഷങ്ങളായി ഐ.എഫ്.എഫ്.കെ വേദികളിലെ സ്ഥിരം സാന്നിധ്യമായ ഇവർ, ഇപ്പോൾ സ്വന്തം സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കാനും ഫെസ്റ്റിവലിലൂടെ സാധിച്ചതിന്റെ സന്തോഷത്തിലാണ്. ഈ ഫെസ്റ്റിവലിൽ ടാഗോർ തീയറ്ററിൽ പോസ്റ്റർ ഡിസൈനേഴ്‌സിന്റെ സംഭാവനകളെ കുറിച്ചുള്ള ഡിസൈനേഴ്സ് ആറ്റിക് എന്ന വീഡിയോ പ്രദർശനമുണ്ട്. അതെ വേദിയിൽ തന്നെ പോസ്റ്റർവാലകളുടെ ജീവിതം ചിത്രീകരിക്കുന്ന സിനിമ പരിചയപ്പെടുത്താനായി തീയറ്ററുകളിൽ നിന്ന് തീയറ്ററുകളിലേക്ക് സഞ്ചരിക്കുകയാണ് ഇവർ.