മണിയെ അപമാനിച്ചു എന്നാരോപിച്ച് എ.ഐ.ടി.യു.സി പ്രതിഷേധം

#

തിരുവനന്തപുരം(14-12-16) : അന്തരിച്ച നടന്‍ കലാഭവന്‍ മണിയെ ചലച്ചിത്ര അക്കാഡമി അപമാനിച്ചു എന്ന് ആരോപിച്ച് മാക്ട ഫെഡറേഷന്‍ (എ.ഐ.റ്റി.യു.സി) പ്രവര്‍ത്തകര്‍ ഐ.എഫ്.എഫ്.കെ വേദിയിലേക്ക് മാര്‍ച്ച് നടത്തി.

അന്തരിച്ച കലാകാരന്മാര്‍ക്ക് ആദരം അര്‍പ്പിക്കുന്ന ഹോമേജ് ഫിലിംസില്‍ ഇത്തവണ മലയാളത്തില്‍ നിന്ന് അഭിനേതാക്കളായ കലാഭവന്‍ മണി, കല്പന, ജിഷ്ണു എന്നിവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. കല്പനയുടെയും ജിഷ്ണുവിന്റെയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ അവരുടെ ബന്ധുക്കളെ ക്ഷണിച്ച സംഘാടകര്‍ കലാഭവന്‍ മണിയുടെ ബന്ധുക്കളെ ക്ഷണിച്ചില്ലെന്നും സംഘാടകര്‍ ജാതി വിവേചനം കാണിക്കുകയാണെന്നും പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തവര്‍ ആക്ഷേപിച്ചു.

മണിയുടെ സിനിമ തെരഞ്ഞെടുത്തതിലും കടുത്ത വിവേചനം ഉണ്ടായെന്ന് മാക്ട ഫെഡറേഷന്‍ ആരോപിച്ചു. കലാഭവന്‍ മണി മികച്ച പ്രകടനം നടത്തിയ 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന സിനിമ ഒഴിവാക്കി, ചലച്ചിത്ര അക്കാഡമി എക്‌സിക്യൂട്ടീവ് അംഗം സിബിമലയില്‍ സംവിധാനം ചെയ്ത ആയിരത്തിലൊരുവന്‍ പ്രദര്‍ശിപ്പിച്ചത് പക്ഷാപാതപരമായ തീരുമാനമാണെന്നാണ് മാക്ട ഫെഡറേഷന്റെ കുറ്റപ്പെടുത്തല്‍. 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' സംവിധാനം ചെയ്ത വിനയനോടുള്ള വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ ഫെസ്റ്റിവലിനെ ഉപയോഗപ്പെടുത്തുകയാണ് അക്കാഡമി ചെയര്‍മാന്‍ കമലും അക്കാഡമിയുടെ തലപ്പത്തുള്ളവരുമെന്ന് പ്രതിഷേധക്കാര്‍ വിമര്‍ശനം ഉന്നയിച്ചു. കൈരളി തിയറ്ററിനു മുന്നില്‍ പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു.