വിവാദങ്ങളും പ്രതിഷേധങ്ങളും : ശ്രദ്ധനേടിയ ചലച്ചിത്രമേള

#

തിരുവനന്തപുരം(14-12-16) : അന്താരാഷ്ട്ര ചലച്ചിത്രമേള അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ചിത്രങ്ങളെക്കാള്‍ ശ്രദ്ധ നേടുന്നത് വിവാദങ്ങളാണ്. ചലച്ചിത്ര മേളയുടെ ഡെലഗേറ്റ് രജിസ്‌ട്രേഷന്‍ മുതല്‍ സിനിമ പ്രദര്‍ശനം വരെ വിവാദങ്ങളും പ്രതിഷേധങ്ങളും നിറഞ്ഞു നില്‍ക്കുകയാണ്. ചിത്രമേളയ്ക്കുള്ള പാസ് രജിസ്‌ട്രേഷനില്‍ ഫിലിം മേഖലയില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക പാസ് ഏര്‍പ്പെടുത്തിയതാണ് പ്രതിഷേധങ്ങള്‍ക്ക് തുടക്കമിട്ടത്. ഏതെങ്കിലും സംഘടനയില്‍ അംഗമല്ലാത്ത സ്വതന്ത്ര സംവിധായകര്‍ക്ക്, അവര്‍ എത്ര അംഗീകാരം ലഭിച്ചവരാണെങ്കില്‍ പോലും സിനിമാമേഖലക്കാരുടെ പാസ് നല്‍കാത്തത് വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. അടുത്ത പ്രശ്‌നം സിനിമാ പ്രദര്‍ശനത്തെ ചൊല്ലിയായിരുന്നു. ജൂറി അംഗങ്ങള്‍ക്കും സിനിമാ-മാധ്യമപ്രവര്‍ത്തകര്‍ക്കും ചിത്രങ്ങളുടെ പ്രത്യേക പ്രദര്‍ശനത്തിന് സൗകര്യം ഒരുക്കിയതിനെ ചൊല്ലി ചില പ്രമുഖ സംവിധായകരടക്കം രംഗത്ത് വന്നിരുന്നു. ചലച്ചിത്ര മേളയിലെ തരംതിരിവുകളെ ചോദ്യം ചെയ്തായിരുന്നു അവരുടെ പ്രതിഷേധം. സോഷ്യല്‍ മീഡിയ കൂടി പ്രശ്‌നങ്ങള്‍ ഏറ്റെടുത്തതോടെ ഇത്തരം സംഭവങ്ങള്‍ വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

ഭിന്നലിംഗക്കാര്‍ക്ക് പ്രത്യേക രജിസ്‌ട്രേഷനടക്കം നിരവധി സൗകര്യങ്ങള്‍ ഒരുക്കി ചലച്ചിത്രമേള വ്യത്യസ്തതയൊരുക്കിയെങ്കിലും വിവാദങ്ങളും പ്രതിഷേധങ്ങളും പുതുമകളുടെ ശോഭ കെടുത്തി. മറ്റൊരു പ്രധാന പ്രശ്‌നം റിസര്‍വേഷന്‍ സംവിധാനമായിരുന്നു. ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തിയത് മുതല്‍ തന്നെ പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും കൂടുതല്‍ രൂക്ഷമായത് ഇത്തവണയായിരുന്നു. മണിക്കൂറുകളോളം ക്യൂവില്‍ നിന്ന് ചിത്രം കാണാനെത്തുന്നവര്‍ക്ക് റിസര്‍വേഷന്‍ ആളുകളെ കാരണം സീറ്റുകള്‍ ലഭിക്കാത്തത് പലപ്പോഴും അതിരുവിട്ട പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കി. ഇത്തരം സംവിധാനങ്ങള്‍ നിയന്ത്രിക്കേണ്ട വോളണ്ടിയര്‍മാരുടെ ഭാഗത്ത് നിന്നുള്ള നിരുത്തരവാദിത്വവും അപക്വപരവുമായ പെരുമാറ്റങ്ങളും പലപ്പോഴും പരാതി ഉയര്‍ത്തി.

ചിത്രപ്രദര്‍ശനങ്ങള്‍ക്കു മുമ്പ് ദേശീയഗാനം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് വന്നതിനുശേഷമുള്ള ആദ്യ ചലച്ചിത്ര മേളയായിരുന്നു ഇത്. കോടതിവിധിക്കെതിരായുള്ള പലരുടെ പ്രതിഷേധത്തിനും മേള വേദിയൊരുക്കി. ചിത്രപ്രദര്‍ശനത്തിനു മുമ്പുള്ള ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്തവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത് വലിയ പ്രശ്‌നങ്ങള്‍ക്കായിരുന്നു വഴിവെച്ചത്. തിയറ്ററിനുള്ളിലടക്കം മഫ്തിയില്‍ പോലീസ് സംഘത്തെ ഇതിനായി നിയോഗിച്ചതും വിവാദങ്ങള്‍ക്കിടയാക്കി. സുപ്രീം കോടതി വിധിയാണെന്നും തനക്കിതിലിടപെടാനാവില്ലെന്നും പോലീസുമായി സഹകരിച്ചേ പറ്റൂ എന്നുമുള്ള നിലപാടായിരുന്നു മേളയുടെ ഭാരവാഹികളില്‍ നിന്നുണ്ടായത്. ഈ സമാപനത്തിനെതിരേയും പ്രമുഖ സംവിധായകന്‍ പ്രകാശ് ബാരെയടക്കമുള്ളവര്‍ രംഗത്തെത്തി സിനിമകളുടെ തെരഞ്ഞെടുപ്പുകളിലും മേളയുടെ ഒരുക്കത്തിലും ഇതുവരെയുള്ളതില്‍ വെച്ച് മികച്ച ഒന്നു തന്നെയായിരുന്നു ഇത്തവണത്തേത് എന്ന് പത്തക്ക അഭിപ്രായം ഉണ്ടായിരുന്നെങ്കിലും വിവാദച്ചുഴിയില്‍ തിളക്കം നഷ്ടപ്പെടുകയാണുണ്ടായത്. പാസ് രജിസ്‌ട്രേഷനില്‍ തുടങ്ങി തിയറ്ററിലെ ദേശീയഗാനം വരെ മേളയുടെ തുടക്കം മുതല്‍ ഒടുക്കം വരെ വിവാദങ്ങളില്‍ നിറഞ്ഞത് വ്യത്യസ്തതയും പുതുമയും കൊണ്ട് മികച്ച് നില്‍ക്കേണ്ട മേളയെ പ്രതികൂലമായി തന്നെയാണ് ബാധിച്ചിരിക്കുന്നത്.