ഇനി കൊച്ചിയിൽ കലാശക്കൊട്ട്

#

ന്യൂഡൽഹി (14-12-16): ഐ.എസ്.എൽ രണ്ടാം പാദ സെമിയിൽ ഡൽഹി ഡൈനാമോസിനെ പെനാൽറ്റി ഷൂട്ട്ഔട്ടിൽ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ കടന്നു. നിശ്ചിത സമയത്ത് ഡൽഹി 2-1 ന് മുന്നിലായിരുന്നു.ഇതേ തുടർന്ന് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയെങ്കിലും ഇരു ടീമിനും ഗോൾ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ട്ഔട്ടിൽ ബ്ലാസ്റ്റേഴ്‌സ് 3-0 ന് ഡൽഹിയെ തകർക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്‌സിനായി ഹോസു, ബെൽഫോർഡ്,റഫീഖ് എന്നിവർ പന്ത് വലക്കുള്ളിലാക്കിയപ്പോൾ ജർമൻന്റെ ശ്രമം ഡൽഹിയുടെ ഗോളി തട്ടിയകറ്റി. ഡൽഹി താരങ്ങൾക്കാർക്കും സ്കോർ ചെയ്യാൻ കഴിഞ്ഞില്ല. ഒരു പെനാൽറ്റി ബ്ലാസ്റ്റേഴ്‌സ് ഗോളി സന്ദീപ് നന്തി ഉജ്ജ്വലമായി തട്ടിയകറ്റിയപ്പോൾ. മലൂദയും പെല്ലിസെറിയും പന്ത് പുറത്തേക്കടിച്ച് കളഞ്ഞു.

പതിവിന് വിപരീതമായി ബ്ലാസ്റ്റേഴ്‌സ് ആക്രമിച്ച് കൊണ്ടാണ് മത്സരം തുടങ്ങിയത്. എന്നാൽ ഡൽഹിയാണ് ആദ്യം ഗോൾ നേടിയത്. തുടർച്ചയായി ആക്രമിച്ചു കളിച്ച ബ്ലാസ്റ്റേഴ്‌സ് മൂന്ന് മിനിറ്റിനുള്ളിൽ നാസോണിലൂടെ ഗോൾ മടക്കി. മെഹ്റാബ് ഹുസൈനെ ഫൗൾ ചെയ്ത മിലൻ സിംഗ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെ തുടർന്ന് പത്ത് പേരായി ചുരുങ്ങിയ ഡൈനാമോസ് ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ മുന്നിലെത്തി. രണ്ടാം പകുതിയിൽ ഇരു ടീമുകളും ആക്രമണ-പ്രത്യാക്രമണങ്ങളുമായി മുന്നേറിയെങ്കിലും ഗോൾ നേടാൻ കഴിഞ്ഞില്ല.

ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ കടന്നതോടെ ആദ്യ സീസണിന്റെ തനിയാവർത്തനമായി മാറും ഞായറാഴ്ചത്തെ ഫൈനൽ. ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്സിന് കപ്പ് നിഷേധിച്ച ഗോൾ നേടിയ റഫീഖ് തന്നെ ഫൈനലിലേക്ക് ബ്ലാസ്റ്റേഴ്സിന് വഴിതുറന്നു എന്നത് നിയോഗമാവാം. ഫൈനലിൽ കൊൽക്കത്തയെ തോൽപിച്ച മധുരപ്രതികാരത്തിനായി കൂടി ഇറങ്ങുന്ന ബ്ലാസ്റ്റേഴ്സിന് ആവേശമായി 50000ൽ അധികം ആരാധകർ കൊച്ചിയിലുണ്ടാകും