നോട്ട് പിന്‍വലിക്കല്‍ തിരിച്ചടിയാകുമെന്ന് ബി.ജെ.പി എം.പിമാര്‍

#

ന്യൂഡല്‍ഹി (15-12-16) : നവംബര്‍ 8 ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച നോട്ടു പിന്‍വലിക്കല്‍ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടിയുണ്ടാകാന്‍ കാരണമായേക്കുമെന്ന് സംസ്ഥാനത്തു നിന്നുള്ള പാര്‍ട്ടി എം.പിമാര്‍. ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത്ഷായുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് യു.പിയില്‍ നിന്നുള്ള ബി.ജെ.പി എം.പിമാര്‍ തങ്ങളുടെ ആശങ്ക പങ്കുവെച്ചത്. പാകിസ്ഥാന്‍ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈനികര്‍ നടത്തിയ മിന്നലാക്രമണം ബി.ജെ.പിയുടെ സാധ്യതകള്‍ വര്‍ദ്ധിപ്പിച്ചിരുന്നുവെന്നും എന്നാല്‍ അതിനുശേഷമുണ്ടായ നോട്ടു പിന്‍വലിക്കല്‍ ആ സാധ്യതകള്‍ ഇല്ലാതാക്കിയെന്നും എം.പിമാര്‍ പാര്‍ട്ടി അദ്ധ്യക്ഷനോട് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന ഉത്തര്‍പ്രദേശിലെ പാര്‍ട്ടിയുടെ സ്ഥിതി വിലയിരുത്തുന്നതിന്റെ ഭാഗമായാണ് പാര്‍ട്ടി അദ്ധ്യക്ഷന്‍, എം.പിമാരുടെ യോഗം വിളിച്ചു ചേര്‍ത്തത്. യോഗത്തില്‍ പങ്കെടുത്ത 36 എം.പിമാരില്‍ 24 പേരുടെയും അഭിപ്രായം നോട്ടു പിന്‍വലിക്കല്‍ തിരിച്ചടിയാകുമെന്ന് തന്നെയാണ്.

ആര്‍.എസ്.എസ്സുമായി ബന്ധപ്പെട്ട ലഘു ഉദ്യോഗ് ഭാരതി വിളിച്ചു ചേര്‍ത്ത ഒരു സെമിനാറില്‍ പങ്കെടുത്ത 60 വ്യവസായികളും യു.പിയിലെ ബി.ജെ.പി എം.പിമാരുടെ അഭിപ്രായത്തിന് സമാനമായ അഭിപ്രായങ്ങള്‍ പങ്കു വെയ്ക്കുകയുണ്ടായി. നിലവിലെ സാമ്പത്തിക സ്ഥിതിയില്‍, വന്‍തോതില്‍ തൊഴിലാളികളെ തങ്ങള്‍ക്ക് പിരിച്ചു വിടേണ്ടി വരുമെന്ന് വ്യവസായികള്‍ പറഞ്ഞു. ലക്‌നൗവില്‍ ചേര്‍ന്ന ഉത്തര്‍പ്രദേശിലെ ബി.ജെ.പി-ആര്‍.എസ്.എസ് കോഡിനേഷന്‍ കമ്മിറ്റിയും നോട്ടു പിന്‍വലിക്കലിന്റെ പ്രത്യാഘാതങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍, അടുത്തു നടക്കാന്‍ പോകുന്ന യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിക്കേണ്ടത് ആവശ്യമാണെന്ന് ആര്‍.എസ്.എസ് നേതാക്കള്‍ ഓര്‍മ്മിപ്പിച്ചു. യു.പി നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മോദി നടപ്പിലാക്കിയ നോട്ടു പിന്‍വലിക്കല്‍ യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വന്‍ തിരിച്ചടി നല്‍കുമെന്നതിന്റെ സൂചനയാണേറെയും.