നോട്ട് പിന്‍വലിക്കല്‍ ; ജനരോഷം ആളിക്കത്തിക്കാന്‍ അഖിലേന്ത്യാ പര്യടനത്തിന് രാഹുല്‍

#

ന്യൂഡല്‍ഹി (15-12-16) : നോട്ട് പിന്‍വലിക്കലിനെത്തുടര്‍ന്ന് രാജ്യത്ത് നിലനില്‍ക്കുന്ന സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷം പൂര്‍ണ്ണമായും മുതലെടുക്കാന്‍ അഖിലേന്ത്യാ പര്യടത്തിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തിപരമായി വന്‍ അഴിമതി നടത്തിയതിന്റെ തെളിവുകള്‍ തന്റെ പക്കല്‍ ഉണ്ടെന്ന വെളിപ്പെടുത്തലിലൂടെ ദേശീയ ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിഞ്ഞ രാഹുല്‍, പുതിയ രാഷ്ട്രീയ സാഹചര്യത്തിന്റെ സാധ്യത നഷ്ടപ്പെടുത്താതിരിക്കാനുള്ള തയ്യാറെടുപ്പിലാണ്. നരേന്ദ്രമോദിയുടെ അഴിമതിയെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍, എവിടെ, എങ്ങനെ നടത്തണമെന്ന കാര്യത്തില്‍ രാഹുല്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നാളെ അവസാനിക്കുകയാണ് എന്നതിനാല്‍ പാര്‍ലമെന്റില്‍ വെളിപ്പെടുത്താനുള്ള സാധ്യത ഇല്ല. രാജ്യം മുഴുവന്‍ ശ്രദ്ധിക്കുന്ന രീതിയില്‍ ഒരു വാര്‍ത്താസമ്മേളനം വിളിച്ചു കൂട്ടി മോദിക്കെതിരായ തെളിവുകള്‍ വെളിപ്പെടുത്താനാണ് ഇപ്പോള്‍ രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസ് നേതൃത്വവും ആലോചിക്കുന്നത്. പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞാലുടന്‍ രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താ സമ്മേളനം ഉണ്ടാകാനാണ് സാധ്യത. അതിനുശേഷം രാജ്യമൊട്ടാകെ സഞ്ചരിച്ച് പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യാനുള്ള പരിപാടികളെക്കുറിച്ച് പി.സി.ഡി അദ്ധ്യക്ഷന്‍മാരുമായും മറ്റ് സംസ്ഥാന നേതാക്കാളുമായും അനൗപചാരിക കൂടിയാലോചനകള്‍ രാഹുല്‍ ആരംഭിച്ചു കഴിഞ്ഞു.