ചലച്ചിത്രമേളയിൽ നിന്ന് പുതുതലമുറയെ മാറ്റി നിർത്താൻ നീക്കം

#

തിരുവനന്തപുരം (15.12.2016) : കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ നിന്ന് യുവാക്കളെയും വിദ്യാർത്ഥികളെയും അകറ്റാൻ നീക്കം. ഇന്ന് നടന്ന ഓപ്പൺ ഫോറത്തിൽ പുതുതായി വരുന്ന പ്രതിനിധികളെ മുഴുവൻ സിനിമകളും കാണാൻ അനുവദിക്കരുതെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ ഗൗരീദാസൻ നായർ നിർദ്ദേശം വെക്കുകയും ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ ആ നിർദ്ദേശത്തെ പിന്താങ്ങുകയും അക്കാദമി ഈ വിഷയം ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് അറിയിക്കുകയും ചെയ്തു

പുതിയ പ്രതിനിധികളും വിദ്യാർത്ഥികളും ധാരാളമായി ഫെസ്റ്റിവലിന് വരുന്നുവെന്നും അത് ഗൗരവമായ സിനിമ കാഴ്ചയെ ബാധിക്കുന്നുവെന്നും ഗൗരീദാസൻ നായർ പറഞ്ഞു. പുതിയ ആളുകൾ ധാരാളമായി വരുന്നതിനാൽ ആദ്യ ദിവസം തന്നെ രജിസ്‌ട്രേഷൻ പൂർണ്ണമാകുന്നു, ഇത് മൂലം നിരവധി ആളുകൾ പുറത്ത് നിൽക്കേണ്ടി വരുന്നു. ഇതൊഴിവാക്കാൻ പുതുതായി രജിസ്റ്റർ ചെയ്യുന്നവരെ നിയന്ത്രിക്കണമെന്നാണ് ഗൗരീദാസൻ നായർ പറഞ്ഞത്. സിനിമ അറിയാത്തവർ തീയറ്ററിൽ കയറുന്നതിനാൽ ഇഷ്ടമുള്ള സീനുകളിൽ അവർ കയ്യടിക്കുന്നു. ഇത് പലർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.പുതിയ പ്രതിനിധികളെ സിനിമ കാണാൻ പരിശീലിപ്പിക്കുന്ന ഇടമായി ഫെസ്റ്റിവലിനെ മാറ്റണമെന്നും അതിന് ആദ്യമായി വരുന്നവർക്ക് ഒന്നോ രണ്ടോ ദിവസത്തേക്കുള്ള പാസ് മാത്രം നൽകണമെന്നും നിർദ്ദേശിച്ച അദ്ദേഹം, തുടർന്നുള്ള വർഷങ്ങളിൽ അവർക്ക് മുഴുവൻ ദിവസവും സിനിമ കാണാൻ അവസരം നൽകാവുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഓപ്പൺ ഫോറത്തിന്റെ അവസാനം സംസാരിച്ച ചെയർമാൻ കമൽ ഈ നിർദ്ദേശങ്ങളെ സ്വാഗതം ചെയ്യുകയും ഇക്കാര്യം തങ്ങൾ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും അറിയിച്ചു. ആദ്യമായി വരുന്നവർക്ക് ഒന്നോ രണ്ടോ ദിവസത്തേക്ക് മേള സന്ദർശിക്കാൻ അനുവാദം കൊടുക്കുകയും അവർക്ക് യഥാർത്ഥ അഭിരുചി ഉണ്ടെന്ന് ബോധ്യമായാൽ അടുത്ത വർഷം മുതൽ മുഴുവൻ ദിവസവും സിനിമ കാണാൻ അവസരം നൽകാമെന്നും കമൽ പറഞ്ഞു.ചെയർമാൻ തന്നെ ഈ നിർദ്ദേശത്തെ സർവ്വാത്മനാ സ്വീകരിച്ചതിനാൽ അടുത്ത വർഷം മുതൽ യുവാക്കൾക്കും വിദ്യാർത്ഥികൾക്കും കേരളത്തിന്റെ ജനകീയ ചലച്ചിത്രമേളയിൽ ഇടം കിട്ടാൻ പ്രയാസപ്പെടേണ്ടി വരുമെന്നാണ് മനസിലാകുന്നത്.

പ്രാതിനിധ്യം കൊണ്ടും ജനകീയത കൊണ്ടും ശ്രദ്ധ നേടിയ കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ജനകീയ മുഖം തകർക്കുന്നതാവും ഈ നീക്കമെന്ന് വിമർശനം ഉയരുന്നു. പുതിയ തലമുറ സിനിമ കാണുന്നതിലും ചലച്ചിത്രമേള ആഘോഷമാക്കി മാറ്റുന്നതിലും ചിലർക്കുള്ള അസഹിഷ്ണുത മേളയുടെ തുടക്കം മുതൽ ചർച്ചയായിരുന്നു. ഇതിന്റെ തുടർച്ചയായാണ് വിദ്യാർത്ഥികളെയും യുവജനങ്ങളെയും മേളയിൽ നിന്ന് അകറ്റി നിർത്താനുള്ള പുതിയ നീക്കത്തെയും ചലച്ചിത്ര പ്രവർത്തകർ കാണുന്നത്. ചലച്ചിത്രമേളയിൽ കാൻഡിഡേറ്റ് മെമ്പർഷിപ്പ് ഏർപ്പെടുത്തുമ്പോൾ സിനിമയോടുള്ള യഥാർത്ഥ അഭിരുചി എങ്ങനെയാവും ചലച്ചിത്ര അക്കാദമി അളക്കാൻ പോകുന്നതെന്നാണ് ഏവരും ഉറ്റു നോക്കുന്നത്.