ഐ.എഫ്.എഫ്.കെ : കലയ്ക്ക് പിന്നിൽ ഇവർ

#

തിരുവനന്തപുരം (15.12.2016) : ഇരുപത്തിയൊന്നാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയ്‌ക്കെത്തിയവരെ ആകർഷിച്ച ഒന്നാണ് മേളയുടെ വേദികളും കവാടങ്ങളും. കാഴ്ചയുടെ ഈ ഉത്സവത്തിന് ഏറ്റവും അനുയോജ്യമായ വിധം കലാപരമായി ഈ വേദികളും കവാടങ്ങളും ഒരുക്കിയതിന് പിന്നിൽ ഒരുകൂട്ടം കലാകാരന്മാരുടെ കഠിനാധ്വാനമുണ്ട്. കഴിഞ്ഞ പത്ത് വർഷമായി മേളയുടെ വേദികളൊരുക്കുന്ന തിരുവനന്തപുരം സ്വദേശി ഹൈലേഷും സംഘവുമാണ് ഈ വർഷത്തെ വർണ്ണശബളമായ വേദികൾക്ക് പിന്നിൽ. കേരള സർക്കാരിന്റെ ഹരിതകേരളം ക്യാമ്പയിന്റെ ഭാഗമായി ഇത്തവണ പൂർണ്ണമായും പരിസ്ഥിതി സൗഹാർദ്ദമായാണ് ഐ.എഫ്.എഫ്.കെ വേദികൾ ഒരുക്കിയിട്ടുള്ളത്. ഫ്ലെക്സ്,പ്ലാസ്റ്റിക് എന്നിവ പൂർണ്ണമായും ഒഴിവാക്കി ചണം,മുള, ചാക്ക്,തുണി എന്നിവ ഉപയോഗിച്ചാണ് ഇവ മുഴുവൻ നിർമ്മിച്ചത്.

നോട്ട് നിരോധനം തങ്ങളുടെ ജോലിയെ സാരമായി ബാധിച്ചെന്ന് ഹൈലേഷ് ലെഫ്റ്റ്ക്ലിക്കിനോട് പറഞ്ഞു. പല അസംസ്‌കൃത വസ്തുക്കൾക്കും നൽകാൻ പണമില്ലാത്ത അവസ്ഥയായിരുന്നു. എല്ലാവരുടെയും സഹകരണവും പിന്തുണയും കൊണ്ടാണ് എല്ലാ ജോലികളും സമയത്ത് പൂർത്തിയാക്കാനായതെന്നും ഹൈലേഷ് പറഞ്ഞു. മുളയും ചണവും ഉപയോഗിച്ചുള്ള കലാസൃഷ്ടികൾ പ്രതിനിധികളുടെ ശ്രദ്ധയാകർഷിക്കുമ്പോൾ പ്രയത്നം ഫലപ്രാപ്തിയിൽ എത്തിയതിന്റെ ആവേശത്തിലാണ് ഹൈലേഷും സംഘവും.