ചലച്ചിത്രമേളയെ സംഘപരിവാർ ലക്ഷ്യം വെക്കുന്നു : കാ ബോഡി സ്കേപ്സിനെതിരെ പ്രതിഷേധമാർച്ച്

#

തിരുവനന്തപുരം (15.12.2016) : കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്ന കാ ബോഡി സ്കേപ്സിനെതിരെ സംഘപരിവാർ പ്രതിഷേധ മാർച്ച്. സ്വവര്‍ഗ ലൈംഗികതയെക്കുറിച്ചുള്ള സിനിമയില്‍ ഹനുമാനെ അപമാനിക്കുന്നു എന്നാരോപിച്ചാണ് വിശ്വഹിന്ദു പരിഷത്തും ഹിന്ദു ഐക്യവേദിയും ചിത്രം പ്രദർശിപ്പിച്ച കലാഭവൻ തീയറ്ററിലേക്ക് മാർച്ച് നടത്തിയത്. ഇന്ന് രാത്രി 8.45 നായിരുന്നു കാ ബോഡി സ്കേപ്‌സിന്റെ പ്രദർശനം. ചിത്രം ഹിന്ദു മതത്തെ അവഹേളിക്കുന്നുവെന്നും ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി സെൻസർ ബോർഡ്  റിവൈസിംഗ് കമ്മിറ്റി ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റോടെയല്ലാതെ എത്തുന്ന വിദേശചിത്രങ്ങളും പ്രദര്‍ശനത്തിനുള്ളതിനാല്‍ കാ ബോഡിസ്‌കേപ്‌സ് അവയ്‌ക്കൊപ്പം പ്രദര്‍ശിപ്പിക്കാന്‍ അക്കാദമി തീരുമാനിക്കുകയായിരുന്നു.>br>
ദേശീയഗാനം കേൾപ്പിക്കുമ്പോൾ എഴുന്നേറ്റില്ല എന്ന കാരണം പറഞ്ഞ് പോലീസ് തീയറ്ററിൽ കയറി പ്രതിനിധികളെ അറസ്റ്റ് ചെയ്യാൻ അനുവദിക്കില്ല എന്ന് പറഞ്ഞ ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിന്റെ വീടിന് മുന്നിലും സംഘപരിവാർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സ്വാതന്ത്രചിന്തയുടെയും ആവിഷ്കാരങ്ങളുടെയും വേദിയായ ചലച്ചിത്രമേളയെ മുൻപ് ഇല്ലാത്ത വിധം സംഘപരിവാർ സംഘടനകൾ ലക്ഷ്യം വെക്കുന്നതായി ആശങ്കകൾ ഉയരുന്നുണ്ട്.