നിങ്ങൾക്ക് ശേഷം പ്രളയമോ? പുതു തലമുറ

#

തിരുവനന്തപുരം (15.12.2016) : പുതുതായി ഫെസ്റ്റിവലിന് വരുന്നവർക്ക് നിയന്ത്രണമേർപ്പെടുത്തണമെന്ന അക്കാദമി ചെയർമാന്റെ നിർദ്ദേശത്തോട് രൂക്ഷമായാണ് പുതിയ തലമുറയിലെ ചലച്ചിത്ര പ്രതിനിധികൾ പ്രതികരിച്ചത്. വിദ്യാർത്ഥികളിലും യുവജനങ്ങളിലും നല്ല സിനിമയോടുള്ള അടുപ്പം വർദ്ധിപ്പിക്കാനും നല്ല സിനിമയെ പ്രോത്സാഹിപ്പിക്കാനും സ്ഥാപിച്ചിട്ടുള്ള അക്കാദമി സിനിമ കാണാൻ വരുന്നവരെ അകറ്റി നിർത്താൻ ശ്രമിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഞങ്ങളോട് സംസാരിച്ച പ്രതിനിധികൾ ചോദിച്ചു. ഇന്ന് നടന്ന ഓപ്പൺ ഫോറത്തിലാണ് പുതുതായി വരുന്നവർക്ക് രണ്ടു ദിവസം മാത്രം ഫെസ്റ്റിവൽ കാണാൻ പാസ് നൽകുന്നത് പരിഗണിക്കുന്നതായി അക്കാദമി ചെയർമാൻ കമൽ വ്യക്തമാക്കിയത്.

ഓരോ വർഷവും പുതുതായി ഫെസ്റ്റിവലിന് വരുന്ന വിദ്യാർഥികൾ നിരന്തരമായ കാഴ്ചയിലൂടെയാണ് സിനിമയെ അറിയുകയും സിനിമയോടുള്ള താൽപ്പര്യം വളരുകയും ചെയ്യുന്നത്. വിദ്യാർത്ഥി ആയിരിക്കെ ഫെസ്റ്റിവലിന് വരികയും പിന്നീട് സ്ഥിരം പ്രതിനിധികളാവുകയും ചെയ്തവരാണ് മിക്ക ആളുകളും. ജേണലിസം അധ്യാപകനായ ശ്രീജിത്ത് പറയുന്നു. താൻ പഠിപ്പിക്കുന്ന വിദ്യാർത്ഥികൾ തന്നെ 50 പേരോളം ഇത്തരത്തിൽ ഇവിടെ വന്ന് നല്ല സിനിമയുടെ ഭാഗമായിട്ടുണ്ട്. ഇപ്പോൾ യുവാക്കളെ ഈ മേളയിൽ നിന്ന് അകറ്റാനുള്ള നീക്കം ഫെസ്റ്റിവൽ നടത്തിപ്പിലെ തെറ്റ് ചൂണ്ടിക്കാട്ടുന്നവരെ മേളയിൽ നിന്ന് പുറത്താക്കാനും മേളയിൽ ഉയരുന്ന പ്രതിഷേധ ശബ്ദങ്ങളെ അടിച്ചമർത്താനുമുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് കരുതുന്നുവെന്നും ശ്രീജിത്ത് പറഞ്ഞു. കാടുപൂക്കുന്ന നേരവും,കിം കി ഡുക്കിന്റെ നെറ്റും, നെരൂദയും ഒക്കെ പ്രദർശിപ്പിച്ച ഒരു ഫെസ്റ്റിവലിൽ ഇത്തരമൊരു തീരുമാനം അടിച്ചേൽപ്പിക്കാനുള്ള നീക്കം കേരളം പോലൊരു സ്ഥലത്ത് വിജയിക്കില്ലെന്ന് ശ്രീജിത്ത് കൂട്ടിച്ചേർത്തു.

തനിക്ക് ശേഷം പ്രളയം എന്ന് കരുതുന്നവരുടെ തലയിൽ നിന്ന് വന്ന ആശയമാവും ഇതെന്ന് കേരള സർവകലാശാലയിൽ വിദ്യാർത്ഥിനിയായ അമലു പറയുന്നു. താൽപ്പര്യമുള്ളവർ മാത്രമാണ് പാസെടുത്ത് സിനിമ കാണാൻ വരുന്നത്. അവർക്ക് സിനിമയോട് താൽപ്പര്യം ഉണ്ടോ ഇല്ലയോ എന്നാരാണ് തീരുമാനിക്കുന്നതെന്ന് അമലു ചോദിച്ചു. സിനിമയോട് താല്പര്യമുള്ള പുതിയ ആളുകളെ ഈ ഫെസ്റ്റിവലിൽ നിന്ന് അകറ്റാനേ ഈ നീക്കം ഉപകരിക്കൂ. സിനിമയെ പ്രോത്സാഹിപ്പിക്കുകയാണ് ചലച്ചിത്രമേളയുടെ ഉത്തരവാദിത്വം അമലു കൂട്ടിച്ചേർത്തു.

സിനിമയോട് യഥാർത്ഥ അഭിരുചി ഉണ്ടെങ്കിൽ മാത്രമേ പാസ് നൽകൂ എന്ന് പറയുമ്പോൾ എങ്ങനെയാണ് അക്കാദമി യഥാർത്ഥ അഭിരുചിയെ നിർവചിക്കുന്നതെന്ന് ഫെസ്റ്റിവൽ പ്രതിനിധിയായ ഹിഷാം ചോദിക്കുന്നു. നിലവിൽ പ്രതിനിധികൾ ആയിട്ടുള്ളവരുടെ അഭിരുചി ഏത് രീതിയിൽ ആയിരിക്കും അളക്കുക ? ഫെസ്റ്റിവലിൽ ആളുകൾ കൂടുന്നുവെങ്കിൽ അക്കാദമിയും സർക്കാരും അതിനനുസരിച്ച് പശ്ചാത്തല സൗകര്യങ്ങൾ വളർത്തുകയാണ് ചെയ്യേണ്ടത്. അല്ലാതെ പുതിയ തലമുറയെ മാറ്റി നിർത്തുകയല്ല വേണ്ടതെന്നും ഹിഷാം പറഞ്ഞു.

അടുത്ത വർഷം കാണാം ചങ്ങാതീയെന്ന് പറഞ്ഞു പിരിയുന്ന ഫെസ്ടിവലിന്റെ അവസാന ദിവസം ആ ഉറപ്പ് പാലിക്കാനാവാത്ത തീരുമാനങ്ങളാണ് വരുന്നത്. തിരക്ക് നിയന്ത്രിക്കാനെന്ന വ്യാജേന നാളിതു വരെ വന്നിട്ടില്ലാത്ത വിസിറ്റർ പാസ് എന്ന രീതിയിൽ രണ്ടോ മൂന്നോ ദിവസത്തെ പാസ് നൽകാമെന്ന് പറയുന്നത് വീട്ടിലേക്ക് വരുന്ന മരുമകളോട് രണ്ട് മൂന്ന് ദിവസത്തെ ജോലിയൊക്കെ നോക്കിയ ശേഷം സ്ഥിരമായി നിർത്താം എന്നു പറയുന്നത് പോലെയല്ലേ? ഫെസ്റ്റിവലിന് ഇത് വരെ വരാൻ കഴിയാത്ത വരും വർഷങ്ങളിൽ വരൻ ആഗ്രഹിക്കുന്ന ദേവിയെന്ന വിദ്യാർത്ഥിനി ചോദിക്കുന്നു. ഐ.എഫ്.എഫ്.കെ സിനിമ കാണലിനപ്പുറം ഒരു ഒത്തുചേരൽ കൂടിയാണ്. സിനിമയെന്ന കലയെ പ്രോത്സാഹിപ്പിക്കാൻ എന്ന പേരിൽ നടത്തുന്ന ഈ ഫെസ്റ്റിവൽ സിനിമയെ വളർത്താനോ തളർത്താനോ?