തിയറ്റര്‍ വിഹിതത്തെച്ചൊല്ലി തര്‍ക്കം : സിനിമകളുടെ ഷൂട്ടിംഗ് നിര്‍ത്തിവച്ചു

#

കൊച്ചി (16-12-16) : തിയറ്റര്‍ ഉടമകളും നിര്‍മ്മാതാക്കളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ മൂലം മലയാള സിനിമ ലോകം സ്തംഭനാവസ്‌യിലേക്ക് നീങ്ങുന്നു. തിയറ്റര്‍ വിഹിതം പങ്കിടുന്നതുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായ ഭിന്നത ഒത്തുതീര്‍പ്പിലെത്താത്ത സാഹചര്യത്തില്‍ ഇന്ന് മുതല്‍ പുതിയ ചിത്രങ്ങളുടെ ഷൂട്ടിംഗ് ഉണ്ടാകില്ലെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.

മള്‍ട്ടിപ്ലക്‌സുകള്‍ക്കു നല്‍കുന്നത് പോലെ തന്നെ തിയറ്റര്‍ വിഹിതം നല്‍കണമെന്നാണ് ഉടമകളുടെ ആവശ്യം. നിലവില്‍ സിനിമ റിലീസാകുന്ന ആദ്യ ആഴ്ച നല്‍കുന്ന നാല്‍പ്പത് ശതമാനം കളക്ഷന്‍ തുക അന്‍പത് ശതമാനം ആക്കി ഉയര്‍ത്തണം എന്നാണിവരുടെ ആവശ്യം. ഇത് അംഗീകരിക്കാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറാക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നത്. തര്‍ക്കം മുറുകിയതിനെ തുടര്‍ന്ന് ക്രിസ്മസിന് ചിത്രങ്ങള്‍ റിലീസ് ചെയ്യില്ലെന്ന് നിര്‍മ്മാതാക്കള്‍ നേരത്തെ തന്നെ തീരുമാനം എടുത്തിരുന്നു. സത്യന്‍ അന്തിക്കാടിന്റെ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ജോമോന്റെ സുവിശേഷം, മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പൃഥ്വിരാജ് ചിത്രം ഇസ്ര, ജയസൂര്യ ചിത്രം ഫുക്രി എന്നിവയുടെ റിലീസിംഗാണ് അനിശ്ചിതമായി നീട്ടിയത്.

എന്നാല്‍ മലയാള സിനിമാ ലോകത്തെ ഇപ്പോഴത്തെ തര്‍ക്കത്തില്‍ ലാഭം കൊയ്യാന്‍ പോകുന്നത് അന്യഭാഷ ചിത്രങ്ങളാണ്. പുതിയ മലയാള ചിത്രങ്ങള്‍ റിലീസ് ചെയ്യാത്തിടത്തോളം കാലം അന്യഭാഷാ ചിത്രങ്ങള്‍ക്ക് തിയറ്ററില്‍ വന്‍ സ്വീകരണം ലഭിക്കുമെന്ന് തന്നെ ഉറപ്പാണ്.