100 കോടിയുടെ ഫ്‌ളാറ്റ് തട്ടിപ്പ് : സിനിമാ കുടുംബം കസ്റ്റഡിയില്‍

#

തിരുവനന്തപുരം (16-12-16) : 100 കോടി രൂപയുടെ ഫ്‌ളാറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട പ്രശസ്ത നടി ധന്യ മേരി വര്‍ഗ്ഗീസും ഭര്‍ത്താവും നടനുമായ ജോണിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. നാഗര്‍കോവിലില്‍ നിന്നായിരുന്നു ഇരുവരെയും കസ്റ്റഡിയില്‍ എടുത്തത്. ഇവര്‍ക്കു പുറമേ നാഗര്‍കോവിലില്‍ നിന്ന് സഹോദരനായ സാമൂവലിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സാംസണ്‍ ആന്റ് സണ്‍സ് ബില്‍ഡേഴ്‌സ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് നടനായ ജോണ്‍, ധന്യ മേരി വര്‍ഗ്ഗീസ് മാര്‍ക്കറ്റിംഗ് വിഭാഗത്തിന്റെ ചുമതലക്കാരിയും. ഇതിന് മുമ്പ് ധന്യ മേരി വര്‍ഗ്ഗീസിന്റെ ഭര്‍തൃപിതാവായ ജേക്കബ് സാംസണിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

അടുത്ത കാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രമാദമായ ഫ്‌ളാറ്റ് തട്ടിപ്പാണ് സാംസണ്‍ ആന്റ് സണ്‍സ് ബില്‍ഡേഴ്‌സിന്റെ പേരില്‍ ഉണ്ടായിരിക്കുന്നത്. ഏകദേശം 100 കോടി രൂപയുടെ തട്ടിപ്പാണ് ഉണ്ടായതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇവര്‍ക്കെതിരേ കന്റോൺമെൻറ്, പേരൂര്‍ക്കട പോലീസ് സ്റ്റേഷനുകളിലായി ഒട്ടേറെ പരാതികള്‍ ലഭിച്ചിരുന്നെന്ന് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. സ്ഥലവും പണി നടന്നുകൊണ്ടിരിക്കുന്ന കെട്ടിടവും കാട്ടി നിരവധി പേരെ പറ്റിച്ചെന്ന പരാതിയിലാണ് പോലീസ് നടപടി ഉണ്ടായിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് അന്വേഷണ ചുമതല ഉള്ള പോലീസിലെ ക്രൈം ഡിറ്റാച്ച്‌മെൻറ് വിഭാഗം ലെഫ്റ്റ് ക്ലിക് ന്യൂസിനോട് പറഞ്ഞു.