പ്രേക്ഷകരും ജൂറിയും തെരഞ്ഞെടുത്തത് ക്ലാഷ് ; മാൻഹോളിന് 2 പുരസ്‌കാരം

#

തിരുവനന്തപുരം(16.12.2016) : ഇരുപത്തിയൊന്നാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച സിനിമയ്ക്കുള്ള സുവർണ്ണ ചകോരം ഈജിപ്ഷ്യൻ ചിത്രം ക്ലാഷിന്.പ്രേക്ഷകർ തെരഞ്ഞെടുത്ത മികച്ച ചിത്രവും ക്ലാഷ് തന്നെയാണ്. മൊഹമ്മദ് ദിയാബാണ് ക്ലാഷിന്റെ സംവിധായകൻ. മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരവും, മികച്ച നവാഗത സംവിധായികക്കുള്ള രജത ചകോരം അവാർഡും വിധു വിൻസന്റ് സംവിധാനം ചെയ്ത മാൻ ഹോളിനാണ്. മികച്ച സംവിധായികക്കുള്ള രജത ചകോരം ക്ലെയർ ഒബ്സ്ക്യൂർ എന്ന സിനിമയുടെ സംവിധായിക യെസിം ഉസ്‌തോഗ്ലു കരസ്ഥമാക്കി.15 ലക്ഷം രൂപയും സുവർണ്ണ ചകോരവുമാണ് മികച്ച സിനിമയ്ക്ക് ലഭിക്കുന്നത്. സമാപന സമ്മേളനം നിശാഗന്ധി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനത്തിന് ശേഷം ക്ലാഷ് നിശാഗന്ധിയിൽ പ്രദർശിപ്പിക്കും.

ചരിത്രത്തിൽ ആദ്യമായി ഐ.എഫ്.എഫ്.കെ യിൽ ഒരു സിനിമയുടെ അഞ്ച് പ്രദർശനങ്ങൾ നടത്തിയ ചിത്രമായിരുന്നു ക്ലാഷ്. 2003 ൽ ഈജിപ്തിൽ മുസ്ലിം ബ്രദർഹുഡ് പ്രവർത്തകരും സൈനിക ഭരണകൂടവും തമ്മിൽ നടക്കുന്ന സംഘർഷത്തിനിടയിൽ ഒരു സൈനിക ട്രക്കിൽ അകപ്പെടുന്ന ഇരു വിഭാഗത്തിന്റെയും അനുകൂലികളായ ഒരു കൂട്ടം ആളുകളെയാണ് ക്ലാഷ് അവതരിപ്പിച്ചത്. പൂർണ്ണമായും ഒരു ട്രാക്കിനകത്ത് അരങ്ങേറുന്ന ഈ സിനിമ പ്രേക്ഷകരുടെ വലിയ പ്രശംസ പിടിച്ച് പറ്റിയിരുന്നു.

മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം ടര്‍ക്കിഷ് ചിത്രം കോള്‍ഡ് ഓഫ് കലന്ദറിനാണ് (സംവിധാനം മുസ്തഫ കാര). മികച്ച മലയാളചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം രാജീവ് രവിയുടെ കമ്മട്ടിപ്പാടം നേടി. മികച്ച ലോകസിനിമയ്ക്കുള്ള ഫിപ്രസ്‌കി പുരസ്‌കാരം മെക്‌സിക്കന്‍ ചിത്രം ഹൌസ്ഡ് കരസ്ഥമാക്കി.