നോട്ട് നിരോധനം : മോദിയെ പ്രശംസിച്ച് ആമിര്‍ ഖാന്‍

#

ന്യൂഡല്‍ഹി (17-12-16) : മോദിയുടെ നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ പ്രശംസിച്ച് ബോളിവുഡ് താരം ആമിര്‍ ഖാന്‍. കള്ളപ്പണം തിരിച്ചു പിടിക്കാന്‍ ധീരമായ ഒരു നീക്കം തന്നെയാണ് നമ്മുടെ പ്രധാനമന്ത്രി നടത്തിയിരിക്കുന്നതെന്നും രാജ്യത്തെ എല്ലാ ജനങ്ങളും ഈ തീരുമാനത്തില്‍ മോദിക്കൊപ്പം നില്‍ക്കണമെന്നും ആമിര്‍ അറിയിച്ചു. നോട്ട് പിന്‍വലിക്കല്‍ പോലുള്ള ഒരു തീരുമാനം സാധരണക്കാരെ ബാധിച്ചിരിക്കുന്നുവെന്ന് അറിയാം അക്കാര്യത്തില്‍ തനിക്ക് സങ്കടവുമുണ്ട് എന്നാല്‍ അഴിമതി നിയന്ത്രിക്കാനുള്ള നമ്മുടെ സര്‍ക്കാര്‍ തീരുമാനത്തിന് പിന്തുണ നല്‍കി ഒപ്പം നില്‍ക്കുകയാണ് വേണ്ടതെന്നും താരം കൂട്ടിച്ചേര്‍ത്തു. കൃതൃമായി നികുതി അടയ്ക്കുന്ന ഒരാള്‍ എന്ന നിലയില്‍ നോട്ട് അസാധുവാക്കല്‍ തീരുമാനം തന്നെ യാതൊരു തരത്തിലും ബാധിച്ചിട്ടില്ലെന്നും കള്ളപ്പണക്കാരാണ് ഇത്തരമൊരു നീക്കം മൂലം പ്രശ്‌നത്തില്‍ പെട്ടതെന്നും ആമിര്‍ പറഞ്ഞു. തന്റെ സാമ്പത്തിക ഇടപാടുകള്‍ മുഴുവനും ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയാക്കിയെന്നും താരം കൂട്ടിച്ചേര്‍ത്തു. ഡിജിറ്റല്‍ സംവിധാനത്തിലേക്ക് രാജ്യത്തെ മാറ്റാനാണ് മോദിയുടെ ശ്രമം. അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി കാശ്‌ലെസ് ഇക്കോണമി ആക്കി രാജ്യത്തെ മാറ്റാനുള്ള ശ്രമങ്ങളില്‍ പ്രധാനമന്ത്രിക്കൊപ്പം തന്നെ എല്ലാവരും നില്‍ക്കണമെന്നും ആമിര്‍ വ്യക്തമാക്കി.

അസഹിഷ്ണുത വിവാദം കത്തി നിന്ന സമയത്ത് അതിന്റെ പേരില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ചില വലതു സംഘടനകളുടെ വന്‍ പ്രതിഷേധങ്ങള്‍ നേരിടേണ്ടി വന്നയാളാണ് ആമിര്‍. ഇതിനെ തുടര്‍ന്ന് താരത്തിന്റെ പുതിയ ചിത്രം ദംഗല്‍ ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വാനവും ശക്തമായിരുന്നു. ആ സാഹചര്യത്തിലാണ് ചിത്രത്തിന്റെ റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മോദിയെ പ്രശംസിച്ച് ആമിര്‍ എത്തിയിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.