പണത്തിനായി ക്യൂ നിന്ന് മരിച്ചയാളുടെ മൃതദേഹം മക്കളെക്കൊണ്ട് കാളവണ്ടിയിൽ വലിപ്പിച്ചു

#

ലക്നൗ : പണത്തിനായി മൂന്ന് ദിവസം ക്യൂ നിന്ന് മരിച്ചയാളുടെ മൃതദേഹം മക്കളെ കൊണ്ട് കാളവണ്ടിയിൽ വലിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ബുന്ദേല്‍ഖണ്ഡിലാണ് സംഭവം. ചികിത്സയ്ക്ക് ആവശ്യമായ പണം പിൻവലിക്കാൻ അലഹാബാദ് ബാങ്കിന്റെ പന്‍വാരി ബ്രാഞ്ചില്‍ ക്യൂവില്‍ നില്‍ക്കവെയാണ് കര്‍ഷകനായ ബലാദീന്‍ എന്ന 68കാരന്‍ മരിച്ചത്. മരിച്ചയാളുടെ മൃതദേഹം കാളവണ്ടിയിൽ പോലീസ് സ്റ്റേഷനിൽ എത്തിക്കാൻ മക്കളായ രാം ദയാലിനോടും ദീൻ ദയാലിനോടും പോലീസ് ആവശ്യപ്പെട്ടു. എന്നാൽ വണ്ടി വലിക്കാൻ കാളകളെ ലഭിക്കാതിരുന്ന ഇവർ സ്വയം അച്ഛന്റെ മൃതദേഹം കയറ്റിയ വണ്ടിയുമായി പോലീസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്നു. ചികിത്സയ്ക്കു വേണ്ട പണത്തിനായി മൂന്ന് ദിവസമായി ക്യൂവിൽ നിൽക്കുകയായിരുന്നു ബലാദീൻ.

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അതേക്കുറിച്ച് അന്വേഷിക്കുമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെമെന്നും പോലീസ് സൂപ്രണ്ട് നന്ദലാൽ അറിയിച്ചു. ചികിത്സയ്ക്കാവശ്യമായ പണം നൽകാതിരുന്ന ബാങ്കിന്റെ നടപടിയാണ് ബലാദീന്ന്റെ മരണത്തിന് കാരണമെന്നാണ് പോലീസ് ആരോപിക്കുന്നത്. ബാങ്ക് മാനേജർ ഭരത് ഭൂഷൺ ഇത് നിഷേധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ബലാദീന് 6000 രൂപ നൽകിയിരുന്നതായും ബാങ്കിൽ ഫണ്ട് ഇല്ലാതിരുന്നത് കൊണ്ടാണ് പണം നൽകാൻ സാധിക്കാതെ വന്നതെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന് ഗുലാബി ഗ്യാങ് കമാന്‍ഡര്‍ സമ്പത്ത് പാല്‍ ആവശ്യപ്പെട്ടു.